മരം വീണ് സ്കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച സംഭവം: നഗരസഭയും പൊതുമരാമത്ത് വകുപ്പും റിപ്പോര്‍ട്ട് നല്‍കി

ആലുവ: മരം വീണ് സ്കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ നഗരസഭയും പൊതുമരാമത്ത് വകുപ്പും മനുഷ്യാവകാശ കമീഷന് വിശദീകരണം നല്‍കി. ജൂണ്‍ 26 ന് വൈകീട്ട് മൂന്നരയോടെ പവര്‍ഹൗസ് റോഡിലായിരുന്നു അപകടം. എസ്.എന്‍. പുരത്ത് വാടകക്ക് താമസിക്കുന്ന ആലുവ അസീസി ജങ്ഷന്‍ ദേശത്ത് വീട്ടില്‍ കുട്ടന്‍െറ മകന്‍ ടി.കെ. സുരേഷാണ് (46) മരിച്ചത്. ആലുവ ജില്ലാ ആശുപത്രി കവലയിലെ ജെയ്സണ്‍ സ്കൂട്ടര്‍ വര്‍ക്ക്ഷോപ്പിലെ ജീവനക്കാരനായിരുന്ന സുരേഷ് സ്പെയര്‍പാര്‍ട്സ് വാങ്ങാന്‍ പവര്‍ഹൗസ് കവലയിലേക്ക് പോകവെ റോഡരികിലെ ഗുല്‍മോഹര്‍ മരം വീഴുകയായിരുന്നു. സുരേഷിന്‍െറ വിധവക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകനായ ടി. നാരായണനാണ് കമീഷനെ സമീപിച്ചത്. ഇതുമായി ബന്ധപ്പെട്ടാണ് നഗരസഭാ സെക്രട്ടറിയും പൊതുമരാമത്ത് റോഡ്സ് വിഭാഗം അസി. എക്സി. എന്‍ജിനീയറും വിശദീകരണം നല്‍കിയത്. മരത്തെക്കുറിച്ച് പരാതി ലഭിച്ചിരുന്നില്ളെന്ന് അസി. എക്സി. എന്‍ജിനീയര്‍ പറയുന്നു. അപകടകരമായ മരങ്ങള്‍ വെട്ടാന്‍ വൈദ്യുതി വിതരണം നിര്‍ത്തേണ്ടതുണ്ട്. എന്നാല്‍, കെ.എസ്.ഇ.ബി അധികൃതരില്‍നിന്ന് സഹകരണം ലഭിക്കുന്നില്ളെന്നും വ്യക്തമാക്കുന്നു. മരം അപകടത്തിലായത് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടില്ളെന്നാണ് നഗരസഭാ സെക്രട്ടറിയുടെ മറുപടിയിലുള്ളത്. ജനപ്രതിനിധികളടക്കമുള്ളവര്‍ പരാതി പറഞ്ഞിരുന്നില്ളെന്നും വിശദീകരണത്തില്‍ പറയുന്നു. എന്നാല്‍, ഉത്തരവാദിത്തത്തില്‍നിന്ന് ഇരു കൂട്ടര്‍ക്കും ഒഴിഞ്ഞുമാറാന്‍ ആകില്ളെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ആലുവ പവര്‍ഹൗസ് റോഡിലെ അപകടത്തിന് കാരണമായ ഗുല്‍മോഹര്‍ മരം മുറിച്ച് മാറ്റണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. സമീപത്തെ റെസിഡന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികളാണ് മരത്തിന്‍െറ അവസ്ഥയെപ്പറ്റി ജനപ്രതിനിധികളെ ആദ്യം അറിയിച്ചത്. നഗരസഭയുടെ വാര്‍ഡ് സമിതി യോഗങ്ങളിലും മരം വെട്ടിമാറ്റണമെന്ന അപേക്ഷ അവര്‍ സമര്‍പ്പിച്ചിരുന്നു. സുരേഷിന്‍െറ വിധവക്ക് ജോലി നല്‍കുന്നതുസംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി, പൊതുമരാമത്ത് സെക്രട്ടറി എന്നിവര്‍ക്ക് നോട്ടീസയക്കാന്‍ ചൊവ്വാഴ്ച ആലുവ പാലസില്‍ നടന്ന സിറ്റിങ്ങില്‍ മനുഷ്യാവകാശ കമീഷനംഗം ജസ്റ്റിസ് പി.മോഹനദാസ് തിരുമാനിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.