ദേവാലയങ്ങളിലെ ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം; ഒരാള്‍ അറസ്റ്റില്‍

അങ്കമാലി: പകല്‍ ഹോട്ടല്‍ ജോലിയും രാത്രി ദേവാലയങ്ങളില്‍ മോഷണവും പതിവാക്കിയ പ്രതി പൊലീസ് പിടിയില്‍. മോഷ്ടാക്കളെന്ന് സംശയിക്കുന്നവരെ പിടികൂടി വിരലടയാളങ്ങള്‍ പരിശോധിച്ചതോടെയാണ് പ്രതി പൊലീസ് വലയിലായത്. അയ്യമ്പുഴ പാണ്ടുപാറ കൊല്ലശേരി വീട്ടില്‍ കൃഷ്ണന്‍കുട്ടിയെയാണ് (50)അങ്കമാലി സി.ഐ. എസ്. മുഹമ്മദ് റിയാസിന്‍െറ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ദേവാലയങ്ങളിലെ ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്നായിരുന്നു പ്രധാനമായും മോഷണം. അങ്കമാലി സെന്‍റ് മേരീസ് പള്ളിയിലെ ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം നടത്തുന്നതിനിടെ സി.സി.ടി.വി കാമറയില്‍ പ്രതിയുടെ ചിത്രം പതിഞ്ഞിരുന്നെങ്കിലും വ്യക്തമായിരുന്നില്ല. തുടര്‍ന്ന് ചിത്രത്തിലെ രൂപസാദൃശ്യമുള്ള മോഷ്ടാക്കളെന്ന് സംശയമുള്ളവരെ കണ്ടത്തെി വിരലടയാളങ്ങള്‍ പരിശോധിച്ചപ്പോഴാണ് അങ്കമാലി പള്ളിയിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയത് കൃഷ്ണന്‍കുട്ടിയാണെന്ന് തെളിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. എട്ടുവര്‍ഷത്തോളമായി പതിവുതെറ്റാതെ കരയാംപറമ്പ് സെന്‍റ് ജോര്‍ജ് യാക്കോബായ പള്ളിയിലും മോഷണം നടത്തിയതും ഇയാളെന്നാണ് പൊലീസ് സംശയിക്കുന്നത്. ജില്ലയില്‍ പല സ്റ്റേഷനുകളിലും സമാന രീതിയിലുള്ള മോഷണക്കേസുകളിലും പ്രതി പിടിയിലായതായും പലതവണ ജയില്‍ശിക്ഷ അനുഭവിച്ചതാണെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞമാസമാണ് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. മോഷണത്തിലൂടെ ലഭിക്കുന്ന പണമുപയോഗിച്ച് മദ്യപാനവും മറ്റ് ലഹരിപദാര്‍ഥങ്ങളും വാങ്ങി ഉപയോഗിച്ചുവരുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. ആലുവ പ്രിന്‍സിപ്പല്‍ എസ്.ഐ പി.എച്ച്. സമീഷ്, എ.എസ്.ഐ സുകേശന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഇഖ്ബാല്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ജിസ്മോന്‍, പി.ടി. ബിനു എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. അങ്കമാലി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.