പെരിയാര്‍വാലി കനാലില്‍ വെള്ളമില്ല; കുന്നത്തുനാട് വരള്‍ച്ചയിലേക്ക്

കോലഞ്ചേരി: പെരിയാര്‍വാലി കനാലില്‍ വെള്ളം തുറന്നുവിടാതായതോടെ കുന്നത്തുനാട്ടിലെ പഞ്ചായത്തുകള്‍ കടുത്ത വരള്‍ച്ചയിലേക്ക്. നിയോജകമണ്ഡലത്തിലെ ഭൂരിഭാഗം പഞ്ചായത്തുകളും കുടിവെള്ളക്ഷാമത്തിന്‍െറയും കൃഷിനാശത്തിന്‍െറയും പിടിയിലമര്‍ന്നു. പൂതൃക്ക, ഐക്കരനാട്, തിരുവാണിയൂര്‍, മഴുവന്നൂര്‍, കുന്നത്തുനാട്, വടവുകോട്-പുത്തന്‍കുരിശ്, കിഴക്കമ്പലം പഞ്ചായത്തുകളിലാണ് കുടിവെളളക്ഷാമം അനുഭവപ്പെടുന്നത്. പ്രശ്നത്തിന് പരിഹാരം കാണണമെന്ന ആവശ്യത്തോട് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മുഖംതിരിക്കുകയാണെന്നും ആക്ഷേപമുണ്ട്. കനാലുകളില്‍ വെള്ളം എത്താതായതോടെ ഇതിനോടുചേര്‍ന്ന പ്രദേശങ്ങളിലെ കിണറുകളും വറ്റി. പല പഞ്ചായത്തുകളിലും ടാങ്കര്‍ വെള്ളത്തെ ആശ്രയിക്കാനുള്ള ഒരുക്കത്തിലാണ്. കൃഷിക്ക് മുന്നൊരുക്കം നടത്തിയ കര്‍ഷകരും ദുരിതത്തിലായി. നെല്‍കൃഷിക്കായി നിലമൊരുക്കി കാത്തിരുന്നവരാണ് ഏറെ വലയുന്നത്. വിവിധ പ്രദേശങ്ങളില്‍ ജനങ്ങള്‍ സംഘടിച്ച് വാര്‍ഡ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും പെരിയാര്‍വാലി അധികൃതര്‍ കൃത്യമായ മറുപടി നല്‍കുന്നില്ളെന്നാണ് മറുപടി. അതേസമയം, അറ്റകുറ്റപ്പണിയിലെ കാലതാമസം മൂലമാണ് വെള്ളം തുറന്നുവിടാന്‍ വൈകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. തൊഴിലുറപ്പ് പദ്ധതിയില്‍പെടുത്തിയാണ് മുന്‍ വര്‍ഷങ്ങളില്‍ അറ്റകുറ്റപ്പണി ചെയ്തിരുന്നത്. എന്നാല്‍ ഇക്കുറി കേന്ദ്രസര്‍ക്കാറിന്‍െറ പുതിയ മാനദണ്ഡത്തില്‍ കനാല്‍ നവീകരണം ഒഴിവാക്കിയതാണ് വൈകാന്‍ കാരണം. പണി യഥാര്‍ഥരീതിയില്‍ നടത്താന്‍ കഴിയില്ളെന്നും എല്ലായിടത്തും വെള്ളം എത്തുമോയെന്ന് ഉറപ്പുപറയാന്‍ കഴിയില്ളെന്നും പെരിയാര്‍ വാലിയുടെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നു. അധികൃതരുടെ വിശദീകരണം വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് പഞ്ചായത്ത് അംഗങ്ങള്‍ പറയുന്നു. ഉദ്യോഗസ്ഥന്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ കനാല്‍ അറ്റകുറ്റപ്പണി തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ചെയ്യാന്‍ കഴിയുമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. തൊഴിലുറപ്പുകാരെ ഒഴിവാക്കി സ്വകാര്യ കരാറുകാര്‍ക്ക് നല്‍കി കമീഷന്‍ തട്ടാനുള്ള നീക്കമാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണമെന്നും അവര്‍ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.