ഫോറസ്റ്റ് റേഞ്ച് ഓഫിസ് മാര്‍ച്ചില്‍ സംഘര്‍ഷം; ലാത്തിച്ചാര്‍ജ്

കോതമംഗലം: ഫോറസ്റ്റ് റേഞ്ച് ഓഫിസിലേക്ക് കോണ്‍ഗ്രസ് കമ്മിറ്റികള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ക്കും വനം, പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്ക്. ബുധനാഴ്ച രാവിലെ 11ന് നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫിസിലേക്ക് അടിമാലി, ഇടുക്കി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. നേര്യമംഗലം വില്ലാഞ്ചിറ മുതല്‍ അടിമാലി വാളറ വരെയുള്ള ദേശീയപാതയില്‍ വളവുകളും മണ്ണിടിഞ്ഞ ഭാഗങ്ങളും സംരക്ഷണഭിത്തിയും കലുങ്കും നിര്‍മിച്ച് റോഡ് വീതി കൂട്ടുന്ന പ്രവൃത്തികള്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു. ഇതിനെതിരെ നടത്തിയ പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. പ്രവര്‍ത്തകര്‍ ഓഫിസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതോടെ പൊലീസ് ലാത്തിവീശി. തുടര്‍ന്ന് പിന്തിരിഞ്ഞോടിയ പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥര്‍ക്കുനേരെ കല്ളെറിഞ്ഞു. ലാത്തിച്ചാര്‍ജില്‍ ആറുപേര്‍ക്കും ഉന്തിലും തള്ളിലും കല്ളേറിലും രണ്ട് ഉദ്യോഗസ്ഥര്‍ക്കുമാണ് പരിക്കേറ്റത്. അടിമാലി സ്വദേശികളായ കൃഷ്ണമൂര്‍ത്തി (28), ഷിയാസ് (25) എന്നിവരെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലും കുട്ടമ്പുഴ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ രാധാകൃഷ്ണനെയും അടിമാലി റേഞ്ചിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ ശ്യാംകുമാറിനെയും കോതമംഗലം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റ് നാല് പ്രതിഷേധക്കാരെ അടിമാലി ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ലാത്തിയടിയില്‍ തലക്ക് ഗുരുതര പരിക്കേറ്റവരെയാണ് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. പ്രതിഷേധ മാര്‍ച്ച് ഇടുക്കി ഡി.സി.സി പ്രസിഡന്‍റ് റോയി കെ. പൗലോസ് ഉദ്ഘാടനം ചെയ്തു. ഉദ്യോഗസ്ഥ നടപടിയില്‍ പ്രതിഷേധിച്ച് അടിമാലിയില്‍ വൈകീട്ട് പ്രതിഷേധ യോഗവും നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.