അമ്പലമേട്ടില്‍ ചോര്‍ന്നത് മാരക വിഷവാതകം

കൊച്ചി: ബി.പി.സി.എല്‍ കൊച്ചിന്‍ റിഫൈനറിയില്‍നിന്ന് ചോര്‍ന്നത് മാരക വിഷവാതകം. റിഫൈനറി വിപുലീകരണ പദ്ധതി (ഐ.ആര്‍.ഇ.പി)യുടെ സമ്പൂര്‍ണ കമീഷനിങ് നടപടികള്‍ക്ക് തുടക്കമിട്ട് പ്ളാന്‍റുകളുടെ പുനരാരംഭ പ്രക്രിയ നടത്തിയപ്പോഴാണ് വാതക ചോര്‍ച്ചയുണ്ടായതെന്ന് ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പ് കലക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഐ.ആര്‍.ഇ.പിയില്‍ നിര്‍മാണം പൂര്‍ത്തിയായ ക്രൂഡ് ഡിസ്റ്റിലേഷന്‍ യൂനിറ്റ് (സി.ഡി.യു) കമീഷന്‍ ചെയ്യുന്നതിന്‍െറ ഭാഗമായാണ് പ്ളാന്‍റുകളുടെ പുനരാരംഭ പ്രക്രിയ പ്രവര്‍ത്തനം നടത്തിയത്. വാക്വം ഡിസ്റ്റിലേഷന്‍ യൂനിറ്റില്‍നിന്ന് ചെറിയതോതില്‍ ഹൈഡ്രോ കാര്‍ബണ്‍ വാതകങ്ങള്‍ ചോര്‍ന്നതായാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. കമ്പനിയില്‍നിന്ന് ചോര്‍ന്ന വാതകം ഈര്‍പ്പമുള്ള അന്തരീക്ഷത്തില്‍ തങ്ങി നിന്നതും വിഷാംശം കലര്‍ന്നതുമാണ് കുട്ടികള്‍ക്ക് ഛര്‍ദിയും തലവേദനയും ഉണ്ടാകാന്‍ കാരണം. ചെറിയ തോതില്‍ വാതകം ചോര്‍ന്നപ്പോള്‍ തന്നെ പ്ളാന്‍റിന്‍െറ പ്രവര്‍ത്തനം നിര്‍ത്തി വെച്ചതിനാല്‍ കൂടുതല്‍ പ്രദേശത്തേക്ക് വ്യാപിച്ചില്ല. ബി.പി.സി.എല്‍ കൊച്ചി റിഫൈനറിയിലെ സി.ഡി.യു മൂന്ന് പ്ളാന്‍റ് പ്രവര്‍ത്തിപ്പിച്ചു തുടങ്ങുന്ന പ്രക്രിയയിലാണ് മാറ്റങ്ങള്‍ വേണ്ടി വരുക. ഈ പ്ളാന്‍റില്‍ ആദ്യം ക്രൂഡ് ഡിസ്റ്റിലേഷന്‍ യൂനിറ്റും തുടര്‍ന്ന് വാക്വം ഡിസ്റ്റിലേഷന്‍ യൂനിറ്റുമാണ് പ്രവര്‍ത്തിപ്പിക്കുന്നത്. വാക്വം ഡിസ്റ്റിലേഷന്‍ യൂനിറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ കുറച്ചു സമയത്തേക്ക് ഹൈഡ്രോ കാര്‍ബണ്‍ വാതകങ്ങള്‍ പുറന്തള്ളേണ്ടതുണ്ട്. ഇത് ലോകമെമ്പാടും ഇത്തരം വ്യവസായശാലകളില്‍ അനുവര്‍ത്തിക്കുന്ന സാധാരണ രീതിയാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഷട്ട്ഡൗണിനുശേഷം പ്ളാന്‍റ് പുനരാരംഭിക്കേണ്ടി വരുമ്പോള്‍ ഈ പ്രക്രിയ ആവര്‍ത്തിക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കി. വാക്വം ഡിസ്റ്റിലേഷന്‍ യൂനിറ്റിന്‍െറ പ്രാരംഭ പ്രക്രിയ പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇനി ഇത്തരത്തില്‍ വാതക നിര്‍ഗമനം ഉണ്ടാകില്ളെന്നും അധികൃതര്‍ റിപ്പോര്‍ട്ടില്‍ ഉറപ്പു നല്‍കി. റിഫൈനറിയിലെ പ്ളാന്‍റുകള്‍ ഷട്ട്ഡൗണിനുശേഷം പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ ഹൈഡ്രോകാര്‍ബണ്‍ വാതകങ്ങള്‍ നേരിട്ട് അന്തരീക്ഷത്തില്‍ വ്യാപിക്കുന്നത് തടയാന്‍ വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ. സഫിറുല്ല റിഫൈനറി മാനേജ്മെന്‍റിന് നിര്‍ദേശം നല്‍കി. വാതകങ്ങള്‍ സ്ക്രബറിലൂടെ കടത്തി വിടുക, പ്ളാന്‍റുകളുടെ പുനരാരംഭ പ്രക്രിയയില്‍ വാതകങ്ങള്‍ അന്തരീക്ഷത്തില്‍ വ്യാപിക്കുന്നത് ഒഴിവാക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തുക എന്നിവ ഏര്‍പ്പെടുത്താനാണ് കലക്ടര്‍ മാനേജ്മെന്‍റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കുഴിക്കാട് ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുട്ടികള്‍ വാതകം ശ്വസിച്ച് അവശനിലയിലായ സംഭവത്തെക്കുറിച്ച് ഫാക്ടറീസ് ആന്‍ഡ് ബോയ്ലേഴ്സ് വകുപ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് കലക്ടറുടെ നിര്‍ദേശം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.