വേമ്പനാട്ടുകായല്‍ സംരക്ഷണത്തിന് മത്സ്യത്തൊഴിലാളി സമൂഹം കൈകോര്‍ക്കുന്നു

പള്ളുരുത്തി: എക്കലും പോളപ്പായലും മൂലം വേമ്പനാട്ട് കായല്‍ നശിക്കുമ്പോള്‍ സംരക്ഷണത്തിന് മത്സ്യത്തൊഴിലാളികള്‍ കൈകോര്‍ക്കുന്നു. എക്കലടിഞ്ഞ് വേമ്പനാട്ട് കായലിന്‍െറ നീരൊഴുക്ക് നിലക്കുകയും കൈയേറ്റവും മാലിന്യം തള്ളലും കാരണം കായലിന്‍െറ മത്സ്യസമ്പത്ത് നശിക്കുന്ന അവസ്ഥയാണ് നിലവില്‍. ഇതിനെല്ലാം പരിഹാരം ലക്ഷ്യമിട്ടാണ് മത്സ്യത്തൊഴിലാളി സമൂഹം കൈകോര്‍ക്കുന്നത്. ചൊവ്വാഴ്ച രാവിലെ ഇടക്കൊച്ചി പണ്ഡിറ്റ് കറുപ്പന്‍ ഓഡിറ്റോറിയത്തില്‍ കായല്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഏകദിന ശില്‍പശാലയില്‍ മന്ത്രിമാരും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും ജനപ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. വേമ്പനാട്ട് കായലും കൈവഴികളായ പെരുമ്പടപ്പ്, കുമ്പളങ്ങി, കല്ലഞ്ചേരി, പള്ളുരുത്തി കായലുകളും സര്‍വനാശത്തെ നേരിടുകയാണ്. പോളപ്പായല്‍ നിര്‍മാര്‍ജനം നടത്തേണ്ടത് ശാസ്ത്രീയമായി വേണമെന്നാണ് മത്സ്യത്തൊഴിലാളി ആവശ്യം. പെരുമ്പടപ്പ് കായലിന്‍െറ ഗണ്യമായ ഭാഗം എക്കലടിഞ്ഞ് കരയായും മാറിയിരിക്കുകയാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ മത്സ്യപ്രജനന പ്രക്രിയ നടക്കുന്നത് വേമ്പനാട്ട കായലിലും സമീപത്തുമാണെന്നും വിദഗ്ധ പഠനങ്ങള്‍ തെളിയിക്കുമ്പോഴും കായലിലേക്ക് നിരന്തരം ഒഴുക്കുന്ന ഫാക്ടറി മാലിന്യങ്ങളും അജൈവ മാലിന്യങ്ങളും വന്‍ തോതില്‍ തള്ളുന്നത് ആശങ്കക്കിടയാക്കുന്നു. ശില്‍പശാലയില്‍ സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സി കുട്ടിയമ്മ, പനങ്ങാട് ഫിഷറീസ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എ. രാമചന്ദ്രന്‍, പ്രഫ. എസ്. ബിജോയ് ചന്ദ്രന്‍,ഡോ. ജി. നാഗേന്ദ്ര പ്രഭു, പി. സഹദേവന്‍,ഡോ. ഗോപിനാഥ് പനങ്ങാട് തുടങ്ങിയവര്‍ ചര്‍ച്ചകള്‍ നയിക്കും. അശാസ്ത്രീയമായ പാലം നിര്‍മാണവും മത്സ്യബന്ധന രീതികളുമെല്ലാം കായലിനെ നശിപ്പിക്കുകയാണ്. മഴക്കാലം ആയതോടെ പോള പായലും കായലില്‍ അടിഞ്ഞ് കൂടി. ഇതുമൂലം കായലിന്‍െറ ആവാസ വ്യവസ്ഥ പൂര്‍ണമായും തകരുകയും മത്സ്യലഭ്യത ഗണ്യമായി കുറയുകയും ചെയ്തു. ഇതോടെ മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗം കൂടി പ്രതിസന്ധിയിലായിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.