ഉദ്ഘാടന ചടങ്ങില്‍നിന്ന് മന്ത്രിയെ വിലക്കിയതിനെതിരെ പരാതി

പെരുമ്പാവൂര്‍: ലോക്കല്‍ ഹിസ്റ്ററി റിസര്‍ച് സെന്‍റര്‍ സംഘടിപ്പിച്ച ലോക്കല്‍ ഹിസ്റ്ററി ആന്‍ഡ് സോഷ്യല്‍ വിഷന്‍െറ സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍നിന്ന് മന്ത്രി കടന്നപ്പള്ളിയെ വിലക്കിയ സംസ്ഥാന ആര്‍ക്കിയോളജി ഡയറക്ടറുടെ നടപടിക്കെതിരെ ഇസ്മായില്‍ പള്ളിപ്രം മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കഴിഞ്ഞ 26ന് പെരുമ്പാവൂര്‍ വൈ.എം.സി.എ ഹാളിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. ഉദ്ഘാടനം നിര്‍വഹിക്കാമെന്നേറ്റത് പുരാവസ്തു - മ്യൂസിയം - തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയായിരുന്നു. സംസ്ഥാന ആര്‍ക്കിയോളജി ഡയറക്ടര്‍ ഡോ. പ്രേംകുമാറും പങ്കെടുക്കാമെന്ന് സമ്മതിച്ചിരുന്നതായി ഇസ്മായില്‍ പള്ളിപ്രം പറയുന്നു. എന്നാല്‍, താന്‍ കപട പ്രാദേശിക ചരിത്രകാരനാണെന്ന് മന്ത്രിയെ തെറ്റിദ്ധരിപ്പിച്ച് പരിപാടിക്ക് നാല് ദിവസം മുമ്പ് ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കാന്‍ പ്രേംകുമാര്‍ ആവശ്യപ്പെട്ടതായി ഇസ്മായില്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. 10 വര്‍ഷമായി പെരുമ്പാവൂര്‍ ലോക്കല്‍ ഹിസ്റ്ററി റിസര്‍ച്ച് സെന്‍റര്‍ കേന്ദ്രമാക്കി പ്രാദേശിക ചരിത്ര പഠനം നടത്തിവരുന്നയാളാണ് താനെന്നും ഇതുവരെ ആരോപണങ്ങളൊന്നും സ്ഥാപനത്തിനെതിരെ വന്നിട്ടില്ളെന്നും ഇസ്മായില്‍ പറയുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അന്വേഷണം നടത്തി വെളിച്ചത്ത് കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആര്‍ക്കിയോളജി ഡയറക്ടര്‍ക്കെതിരെ ചീഫ് സെക്രട്ടറി, ഡി.ജി.പി, മനുഷ്യാവകാശ കമീഷന്‍ എന്നിവര്‍ക്കും പരാതി നല്‍കാന്‍ തീരുമാനിച്ചതായി ഇസ്മായില്‍ പള്ളിപ്രം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.