കിഴക്കമ്പലം ഖാദി യൂനിറ്റിന്‍െറ പ്രവര്‍ത്തനം മന്ദഗതിയില്‍

കിഴക്കമ്പലം: സോപ്പ്, നോട്ട് ബുക്ക്, ഫയല്‍, പേപ്പര്‍ കാരിബാഗ് എന്നിവ നിര്‍മിക്കാനുതകുന്ന കിഴക്കമ്പലം പഞ്ചായത്തിലെ ചേലക്കുളം കേരള ഖാദി ബോര്‍ഡ് വ്യവസായ യൂനിറ്റിന്‍െറ പ്രവര്‍ത്തനം മന്ദഗതിയില്‍. നൂറുകണക്കിനാളുകള്‍ക്ക് തൊഴില്‍ സാധ്യതയുണ്ടങ്കിലും ഇവിടെ ഇപ്പോള്‍ 20ല്‍ തൊഴിലാളികള്‍ മാത്രമാണ് ജോലിചെയ്യുന്നത്. സ്ഥിരമായി തൊഴില്‍ ലഭിക്കാത്തതും കൂലിക്കുറവും കരണമാണ് ജോലിക്കാരുടെ കൊഴിഞ്ഞുപോക്ക്. റോയല്‍ ഇന്ത്യ എന്ന പേരില്‍ ഗുണനിലവാരമുള്ള ബാര്‍ സോപ്പ് ഇവിടെ ഉല്‍പാദിപ്പിച്ചിരുന്നു. ഉല്‍പാദനം നിലച്ചതിനാല്‍ സംസ്ഥാനത്തെ ലാഭം മാര്‍ക്കറ്റുകളില്‍ വില്‍പന നടത്തിയിരുന്ന ഈ സോപ്പ് ഇപ്പോള്‍ ലഭ്യമല്ല. 200,120,100 പേജുകളുടെ അമ്പതിനായിരത്തിലധികം നോട്ട് ബുക്കുകള്‍ കെട്ടിക്കിടക്കുന്നു. കെട്ടുകണക്കിന് കടലാസും സ്റ്റോക്കുണ്ട്. അധ്യയന വര്‍ഷാരംഭത്തില്‍ ജില്ലതലത്തില്‍ ഖാദി മേളകള്‍ സംഘടിപ്പിച്ച് ബുക്കുകള്‍ വിറ്റഴിക്കാറുണ്ടെങ്കിലും ഈ വര്‍ഷം മേള നടത്തിയില്ല. ഖാദിയൂനിറ്റുകളില്‍ ഉല്‍പാദിപ്പിക്കുന്ന ബുക്ക് നിര്‍ബന്ധമായും സ്കൂളുകള്‍ വഴി വില്‍ക്കണമെന്ന ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയിരുന്നെങ്കില്‍ ഇവ നേരത്തേ വിറ്റഴിക്കാമായിരുന്നു. സര്‍ക്കാറിന് വേണ്ടിയുള്ള ഫയലുകളാണ് ഇപ്പോള്‍ ഇവിടെ നിര്‍മിക്കുന്നത്. ഇതിന് ആവശ്യമായ ലോട്ടറി വേസ്റ്റ് കിട്ടാനില്ലാതായതോടെ ഇതിന്‍െറ ഉല്‍പാദനവും പ്രതിസന്ധിയിലാണ്. നൂറുകണക്കിന് ഫയലുകള്‍ കെട്ടിക്കിടക്കുന്നുണ്ടങ്കിലും വേണ്ടരീതിയില്‍ കയറ്റിപ്പോകുന്നില്ല. പ്ളാസ്റ്റിക് നിരോധനം വന്നതോടെ പേപ്പര്‍ കാരിബാഗുകള്‍ ഉല്‍പാദിപ്പിക്കുന്നതിനായി ലക്ഷങ്ങള്‍ മുടക്കില്‍ ക്യാരിബാഗ് നിര്‍മാണ യൂനിറ്റ് പദ്ധതി തയാറാക്കുകയും ഉദ്ഘാടനം നടത്തുകയും ചെയ്തങ്കിലും ഇതുവരെ ഒരു ബാഗുപോലും ഇവിടെ നിര്‍മിച്ചില്ല. വിസ്തൃതമായ കെട്ടിടങ്ങളും കോടികള്‍ വിലമതിക്കുന്ന യന്ത്രസാമഗ്രികളും യഥാസമയങ്ങളില്‍ അറ്റകുറ്റപ്പണി നടത്താതെയും പ്രവര്‍ത്തിപ്പിക്കാതെയും തുരുമ്പുപിടിക്കുന്ന അവസ്ഥയിലാണ്. ചില യന്ത്രങ്ങള്‍ പ്രവര്‍ത്തനം നിലച്ചനിലയിലും. സൗകര്യങ്ങള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ സര്‍ക്കാറിനോ ഖാദി ബോര്‍ഡിനോ സാധിച്ചിട്ടില്ളെന്നത് വസ്തുതയാണ്. ഈ അവസരത്തില്‍ ഒട്ടേറെ ബഹുരാഷ്ട്ര കമ്പനികള്‍ ഗോഡൗണ്‍ ആവശ്യങ്ങള്‍ക്ക് വാടകക്കെടുക്കാന്‍ ശ്രമിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.