പൊലീസ് മര്‍ദനത്തില്‍ മനം നൊന്ത് യുവാവ് തൂങ്ങിമരിച്ച സംഭവം: എസ്.ഐയെ സ്ഥലം മാറ്റി

കൊച്ചി: പൊലീസ് മര്‍ദിച്ചതില്‍ മനം നൊന്ത് യുവാവ് തൂങ്ങിമരിച്ച സംഭവത്തില്‍ എറണാകുളം മരട് ജനമൈത്രി പൊലീസ് എസ്.ഐയെ സ്ഥലം മാറ്റി. എസ്.ഐ ആര്‍. സന്തോഷിനെയാണ് എറണാകുളം സിറ്റി പൊലീസ് കമീഷണര്‍ ഓഫിസിലേക്ക് സ്ഥലം മാറ്റിയത്. കസ്റ്റഡിയിലെടുത്ത് ജാമ്യത്തില്‍ വിട്ട കുണ്ടന്നൂര്‍ ആലപ്പാട്ട് ലെയ്നില്‍ കണക്കത്തറയില്‍ പരേതനായ മോഹനന്‍െറ മകന്‍ സുഭാഷാണ് (35) ഞായറാഴ്ച വീട്ടില്‍ തൂങ്ങിമരിച്ചത്. പൊലീസ് മര്‍ദിച്ചതില്‍ മനം നൊന്താണ് സുഭാഷ് ആത്മഹത്യചെയ്തതെന്നുകാട്ടി ബന്ധുക്കള്‍ അസി. പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. സിറ്റി പൊലീസ് കമീഷണറാണ് എസ്.ഐയെ സ്ഥലം മാറ്റിയത്. അതേസമയം, എസ്.ഐ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ളെന്നും വൈദ്യപരിശോധനയടക്കം ചട്ടപ്രകാരം നടപടി കൈക്കൊണ്ടിരുന്നെന്നുമാണ് സിറ്റി പൊലീസ് ഡെപ്യൂട്ടി കമീഷണറുടെ പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍, എസ്.ഐക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം മുന്‍നിര്‍ത്തിയാണ് നടപടി. ശനിയാഴ്ച വൈകുന്നേരം കുണ്ടന്നൂര്‍ ഇ.കെ. നായനാര്‍ ഹാളിന് സമീപത്തുനിന്നാണ് സുഭാഷിനെ മരട് എസ്.ഐ സന്തോഷിന്‍െറ നേതൃത്വത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. കാഴ്ചവൈകല്യമുള്ള സുഭാഷ് എസ്.ഐയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് അവിടെവെച്ച് മര്‍ദിച്ചിരുന്നു. സ്ഥലത്തുണ്ടായിരുന്ന സൃഹൃത്തുക്കള്‍ സുഭാഷിന്‍െറ കാഴ്ചവൈകല്യത്തെ സംബന്ധിച്ച് പൊലീസിനോട് സൂചിപ്പിച്ചെങ്കിലും ജീപ്പില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നെന്നാണ് പരാതി. സ്റ്റേഷനിലും മര്‍ദനമേറ്റതായി ബന്ധുക്കളും സുഹൃത്തുക്കളും നല്‍കിയ പരാതിയിലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.