പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ഹ്ലാ​ദം

തിരിച്ചുപിടിച്ചേ... കൊച്ചി കോർപറേഷൻ തിരിച്ചുപിടിച്ചേ...

കൊച്ചി: ജനവിധി യു.ഡി.എഫിന് അനുകൂലമായപ്പോൾ, കൊച്ചി കോർപ്പറേഷൻ തെരഞ്ഞെടുപ്പിലെ വിജയത്തെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച് യു.ഡി.എഫ് സ്ഥാനാർഥികളും പ്രവർത്തകരും. വർണ്ണപ്പകിട്ടും താളമേളങ്ങളും ഒത്തുചേർന്ന കണ്ണഞ്ചിപ്പിക്കുന്ന വിജയാഘോഷമാണ് ശനിയാഴ്ച ഉച്ചയോടെ നഗരത്തെ കീഴടക്കിയത്. കൊച്ചിയുടെ തെരുവുകൾ നിറയെ ആഹ്ലാദത്തിന്റെ തിരയിളക്കമായിരുന്നു.

‘‘തിരിച്ചുപിടിച്ചേ... കൊച്ചി കോർപ്പറേഷൻ തിരിച്ചുപിടിച്ചേ...’’, വിജയാഹ്ലാദത്തിൽ പങ്കെടുക്കാനെത്തിയ ഹൈബി ഈഡൻ എം.പി ഉയർത്തിയ മുദ്രാവാക്യം മഹാരാജാസ് കോളജിലെ വോട്ടെണ്ണൽ കേന്ദ്രത്തിലെത്തിയ യു.ഡി.എഫ് പ്രവർത്തകരുടെ ആവേശം ഇരട്ടിയാക്കി. ജയിച്ച സ്ഥാനാർഥികൾക്ക് പുറമെ ഹൈബിക്കും, ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിനും, ടി.ജെ. വിനോദ് എം.എൽ.എക്കും വേണ്ടിയും പ്രവർത്തകർ മുദ്രാവാക്യങ്ങൾ ഉച്ചത്തിൽ വിളിച്ചു.

ആകാശത്ത് യു.ഡി.എഫ് പച്ചപ്പും നീലയും കലർന്ന വർണ്ണവിസ്മയം തീർത്ത് കളർ സ്മോക്ക് പ്രകടനത്തിന് ദൃശ്യഭംഗിയേകി. സ്ഥാനാർഥികളുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത വലിയ കട്ടൗട്ടുകളും പ്ലക്കാർഡുകളും വിജയസന്ദേശം നഗരത്തിൽ മുഴക്കി. പ്രകടനത്തിന് താളമേകി നാസിക് ഡോലിന്റെയും തകർപ്പൻ ചെണ്ടമേളത്തിന്റെയും അകമ്പടിയും ഉണ്ടായിരുന്നു. ഈ താളത്തിനൊത്ത് പ്രവർത്തകർ ചുവടുവെച്ചപ്പോൾ കൊച്ചിയുടെ തെരുവുകൾ ആവേശക്കടലായി. കൊടികളേന്തി ആയിരക്കണക്കിന് പ്രവർത്തകർ ജീപ്പിന് അകമ്പടിയായി നഗരം ചുറ്റി. വിവിധ ഡിവിഷനിലേക്ക് ജയിച്ച എൽ.ഡി.എഫ്, എൻ.ഡി.എ പ്രവർത്തകരും ചെണ്ടമേളവും പ്ലക്കാർഡുകളും കൊടിതോരണങ്ങളുമായി ആഹ്ലാദ പ്രകടനം നടത്തി.

Tags:    
News Summary - get it back from the Kochi Corporation...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.