കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ നിയമസഭ മണ്ഡലാടിസ്ഥാനത്തിലും വോട്ടുനിലയിൽ യു.ഡി.എഫിന് വൻ ആധിപത്യം. എൽ.ഡി.എഫിന് സ്വാധീനമുള്ള നിയമസഭ മണ്ഡലങ്ങളിൽപോലും യു.ഡി.എഫ് പല പഞ്ചായത്തുകളും തൂത്തുവാരി. തെരഞ്ഞെടുപ്പ് കമീഷൻ പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം 14 നിയമസഭ മണ്ഡലങ്ങളിലെ 82 ഗ്രാമപഞ്ചായത്തുകളിൽ 67 ഇടത്തും 13 നഗരസഭകളിൽ പത്തെണ്ണത്തിലുമാണ് യു.ഡി.എഫ് വിജയിച്ചത്. ഇതിൽ 22 പഞ്ചായത്തുകളും രണ്ട് നഗരസഭകളും എൽ.ഡി.എഫിൽനിന്ന് പിടിച്ചെടുത്തവയാണ്. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ എല്ലാ നിയോജക മണ്ഡലങ്ങളിലും മുന്നേറ്റത്തിന് യു.ഡി.എഫിന് തികഞ്ഞ ആത്മവിശ്വാസം നൽകുന്നതാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടുനില.
കളമശ്ശേരി
മന്ത്രി പി. രാജീവ് പ്രതിനിധാനം ചെയ്യുന്ന കളമശ്ശേരി നിയമസഭ മണ്ഡലത്തിലെ ആലങ്ങാട്, കടുങ്ങല്ലൂർ, കരുമാല്ലൂർ, കുന്നുകര പഞ്ചായത്തുകൾ യു.ഡി.എഫ് നേടി. ആലങ്ങാട്, കരുമാല്ലൂർ പഞ്ചായത്തുകൾ എൽ.ഡി.എഫിൽനിന്ന് പിടിച്ചെടുക്കുകയായിരുന്നു. ഏലൂർ നഗരസഭ ഭരണം നിലനിർത്താനായത് മാത്രമാണ് എൽ.ഡി.എഫിന് ആശ്വാസം. ആലങ്ങാട്ട് 24ൽ 18ഉം കടുങ്ങല്ലൂരിൽ 24ൽ 13ഉം കരുമാലൂരിൽ 22ൽ 13ഉം കുന്നുകരയിൽ16ൽ ഒമ്പതും വാർഡുകളിൽ യു.ഡി.എഫ് വിജയിച്ചു.
പറവൂർ
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മണ്ഡലമായ പറവൂരിലെ ഏഴ് പഞ്ചായത്തുകളിൽ ആറും പറവൂർ നഗരസഭയും യു.ഡി.എഫിനാണ്. ചേന്ദമംഗലം, ചിറ്റാറ്റുകര, കോട്ടുവള്ളി, പുത്തൻവേലിക്കര പഞ്ചായത്തുകൾ എൽ.ഡി.എഫിൽനിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു. ഏഴിക്കര, വരാപ്പുഴ പഞ്ചായത്തുകൾ യു.ഡി.എഫും വടക്കേക്കര എൽ.ഡി.എഫും നിലനിർത്തി. പറവൂർ നഗരസഭയിലെ 30 വാർഡുകളിൽ 15ലും യു.ഡി.എഫാണ് വിജയിച്ചത്. ഒമ്പതിടത്താണ് എൽ.ഡി.എഫ്.
വൈപ്പിൻ
എൽ.ഡി.എഫിന്റെ സ്വാധീനമേഖലയായ വൈപ്പിൻ സി.പി.എമ്മിന്റെ കെ.എൻ. ഉണ്ണികൃഷ്ണൻ പ്രതിനിധികീരിക്കുന്ന നിയമസഭ മണ്ഡലമാണ്. എട്ട് പഞ്ചായത്തുകളിൽ ആറിടത്തും യു.ഡി.എഫ് വിജയിച്ചു. ഞാറക്കൽ, കുഴുപ്പിള്ളി, കടമക്കുടി എന്നിവ എൽ.ഡി.എഫിൽനിന്ന് യു.ഡി.എഫ് പിടിച്ചെടുത്തപ്പോൾ എടവനക്കാട് യു.ഡി.എഫിന് നഷ്ടമായി. പള്ളിപ്പുറം എൽ.ഡി.എഫ് നിലനിർത്തി. എളങ്കുന്നപ്പുഴയിൽ 24ൽ 13ഉം കടമക്കുടിയൽ 14ൽ ഏഴും കുഴുപ്പിള്ളിയിൽ 14ൽ പത്തും മുളവുകാട്ട് 16ൽ ഒമ്പതും നായരമ്പലത്ത് 17ൽ പത്തും ഞാറക്കലിൽ 17ൽ എട്ടും സീറ്റുകളിൽ യു.ഡി.എഫ് വിജയിച്ചു.
കൊച്ചി
നിലവിൽ സി.പി.എമ്മിന്റെ കൈവശമുള്ള കൊച്ചി നിയമസഭ മണ്ഡലത്തിൽ ചെല്ലാനം, കുമ്പളങ്ങി പഞ്ചായത്തുകളാണ് ഉൾപ്പെടുന്നത്. ബാക്കി പ്രദേശങ്ങൾ കോർപറേഷൻ പരിധിയിലാണ്. ചെല്ലാനത്തന് 22ൽ 15 ഇടത്തും കുമ്പളങ്ങിയിൽ19ൽ 14 ഇടത്തും യു.ഡി.എഫ് വിജയിച്ചു. ചെല്ലാനം പഞ്ചായത്ത് യു.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു.
തൃപ്പൂണിത്തുറ
തൃപ്പൂണിത്തുറ നിയമസഭ മണ്ഡലത്തിലെ രണ്ട് പഞ്ചായത്തുകളിലും യു.ഡി.എഫ് വിജയിച്ചു. കുമ്പളത്ത് 19ൽ 14ഉം ഉദയംപേരൂരിൽ 23ൽ 13ഉം സീറ്റുകൾ യു.ഡി.എഫ് നേടി. ഉദയംപേരൂർ പഞ്ചായത്ത് എൽ.ഡി.എഫിൽനിന്ന് പിടിച്ചെടുത്തു. മരട് നഗരസഭയിൽ 35ൽ 19 സീറ്റിലും വിജയിച്ച് യു.ഡി.എഫ് ഭരണം നിലനിർത്തി. എൽ.ഡി.എഫ് ഭരിച്ചിരുന്ന തൃപ്പൂണിത്തുറ നഗരസഭയിൽ എൻ.ഡി.എക്കാണ് വിജയം.
എറണാകുളം
എറണാകുളം നിയമസഭ മണ്ഡലത്തിലെ ചേരാനല്ലൂർ പഞ്ചായത്തിൽ 20ൽ 12 സീറ്റിലും വിജയിച്ച് യു.ഡി.എഫ് ഭരണം നിലനിർത്തി. ബാക്കി പ്രദേശങ്ങൾ കോർപറേഷൻ പരിധിയിലാണ്. കോർപറേഷനിൽ ചരിത്രവിജയമാണ് യു.ഡി.എഫ് നേടിയത്. 76 ഡിവിഷനുകളിൽ 46 ഇടത്തും യു.ഡി.എഫിനാണ് വിജയം. കോൺഗ്രസിന് മാത്രം 43 സീറ്റുണ്ട്. എൽ.ഡി.എഫ് 22 സീറ്റിൽ ഒതുങ്ങി.
തൃക്കാക്കര
തൃക്കാക്കര നിയമസഭ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന തൃക്കാക്കര നഗരസഭയിൽ വൻ ഭൂരിപക്ഷത്തോടെയാണ് യു.ഡി.എഫ് ഭരണം പിടിച്ചത്. 48 സീറ്റിൽ 26 ഇടത്തും യു.ഡി.എഫ് വിജയിച്ചു.
അങ്കമാലി
അങ്കമാലി നിയമസഭ മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിൽ ഏഴിടത്ത് യു.ഡി.എഫിനാണ് വിജയം. കാലടിയിലെ 19 സീറ്റിൽ 11ഉം കറുകുറ്റിയിലെ 19ൽ 13ഉം മലയാറ്റൂർ-നീലീശ്വരത്തെ 18ൽ 12ഉം മഞ്ഞപ്രയിലെ 14ൽ എട്ടും മൂക്കന്നൂരിലെ 15ൽ 13ഉം പാറക്കടവിലെ 20ൽ 17ഉം തുറവൂരിലെ 16ൽ ഒമ്പതും സീറ്റ് യു.ഡി.എഫ് സ്വന്തമാക്കി. മഞ്ഞപ്ര പഞ്ചായത്ത് എൽ.ഡി.എഫിൽനിന്ന് പിടിച്ചെടുത്തു. അയ്യമ്പുഴ എൽ.ഡി.എഫ് നിലനിർത്തി. അങ്കമാലി നഗരസഭയിൽ യു.ഡി.എഫ്- 12, എൽ.ഡി.എഫ്- 9, എൻ.ഡി.എ- രണ്ട്, മറ്റുള്ളവർ- എട്ട് എന്നിങ്ങനെയാണ് കക്ഷിനില.
ആലുവ
ആലുവ നിയമസഭ മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിൽ ഏഴിലും യു.ഡി.എഫിനാണ് വിജയം. ചൂർണിക്കരയിൽ 21ൽ 13ഉം ചെങ്ങമനട് 19ൽ എട്ടും എടത്തലയിൽ24ൽ 13ഉം കാഞ്ഞൂരിൽ 17ൽ പത്തും കീഴ്മാട് 22ൽ 12ഉം നെടുമ്പാശ്ശേരിയിൽ 20ൽ 14ഉം ശ്രീമൂലനഗരത്ത് 18ൽ 15ഉം സീറ്റുകളിൽ യു.ഡി.എഫാണ് വിജയിച്ചത്. ചെങ്ങമനാട് എടത്തല, കീഴ്മാട് പഞ്ചായത്തുകൾ എൽ.ഡി.എഫിൽനിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു. ആലുവ നഗരസഭയിൽ 26ൽ 16 സീറ്റുകൾ യു.ഡി.എഫ് സ്വന്തമാക്കി.
പെരുമ്പാവൂർ
പെരുമ്പാവൂർ നിയമസഭ മണ്ഡലത്തിൽ ഏഴ് പഞ്ചായത്തുകളിൽ ആറും യു.ഡി.എഫിനാണ്. അശമന്നൂരിൽ 15ൽ പത്തും കൂവപ്പടിയിൽ 22ൽ പത്തും മുടക്കുഴയിൽ 14ൽ ആറും ഒക്കലിൽ 17ൽ ഒമ്പതും രായമംഗലത്ത് 22ൽ 14ഉം വേങ്ങൂരിൽ 16ൽ 11ഉം യു.ഡി.എഫ് പിടിച്ചു. അശമന്നൂരും വേങ്ങൂരും എൽ.ഡി.എഫിൽനിന്ന് തിരിച്ചുപിടിക്കുകയായിരുന്നു. സമനിലയിലുള്ള വെങ്ങോലയിൽ സ്വതന്ത്രരുടെ പിന്തുണയോടെ യു.ഡി.എഫ് ഭരണത്തിനാണ് സാധ്യത. പെരുമ്പാവൂർ നഗരസഭയിൽ യു.ഡി.എഫ്- 14, എൽ.ഡി.എഫ്- എട്ട്, എൻ.ഡി.എ- രണ്ട്, മറ്റുള്ളവർ- അഞ്ച് എന്നിങ്ങനെയാണ് കക്ഷിനില.
കുന്നത്തുനാട്
2021ൽ എൽ.ഡി.എഫ് വിജയിച്ച കുന്നത്തുനാട്ടിൽ ട്വന്റി 20യുടെ സ്വാധീന മേഖലകളിൽ കടന്നുകയറി നേട്ടമുണ്ടാക്കാൻ ഇത്തവണ യു.ഡി.എഫിന് കഴിഞ്ഞു. കുന്നത്തുനാട്, മഴുവന്നൂർ പഞ്ചായത്ത് ഭരണം യു.ഡി.എഫ് ട്വന്റി 20യിൽനിന്ന് പിടിച്ചെടുത്തു. വാഴക്കുളം പഞ്ചായത്ത് യു.ഡി.എഫ് നിലനിർത്തി.
പിറവം
പിറവം നിയമസഭ മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളിൽ ഏഴിടത്തും യു.ഡി.എഫിനാണ് വിജയം. ചോറ്റാനിക്കരയിൽ 17ൽ 12ഉം എടക്കാട്ടുവയലിൽ 15ൽ 13ഉം ഇലഞ്ഞിയിൽ 14ൽ ഒമ്പതും മണീടിൽ 14ൽ 11ഉം പാമ്പാക്കുടയിൽ 14ൽ ഒമ്പതും രാമമംഗലത്ത് 14ൽ ഏഴും തിരുമാറാടിയിൽ 15ൽ 11ഉം സീറ്റുകളിൽ യു.ഡി.എഫ് വിജയിച്ചു. ചോറ്റാനിക്കര, തിരുമാറാടി പഞ്ചായത്തുകൾ എൽ.ഡി.എഫിൽനിന്ന് യു.ഡി.എഫ് പിടിച്ചെടുത്തതാണ്. കൂത്താട്ടുകുളം നഗരസഭയിലെ 26ൽ 16 സീറ്റിലും എൽ.ഡി.എഫ് ഭരിച്ചിരുന്ന പിറവം നഗരസഭയിലെ 28ൽ 21 സീറ്റിലും യു.ഡി.ഫിനാണ് വിജയം.
മൂവാറ്റുപുഴ
മൂവാറ്റുപുഴ നിയമസഭ മണ്ഡലത്തിൽ 11 പഞ്ചായത്തുകളിൽ ഒമ്പതിലും യു.ഡി.എഫ് വിജയം കൈവരിച്ചു. ആരക്കുഴയിൽ14ൽ ഒമ്പതും ആവേലിയിൽ 15ൽ ഒമ്പതും ആയവനയിൽ 16ൽ 11ഉം മഞ്ഞള്ളൂരിൽ 14ൽ എട്ടും മാറാടിയിൽ 14ൽ ഒമ്പതും പൈങ്ങോട്ടൂരിൽ 14ൽ പത്തും പായിപ്രയിൽ 24ൽ 18ഉം പാലക്കുഴയിൽ 14ൽ 13ഉം വാളകത്ത് 15ൽ ഒമ്പതും സീറ്റുകൾ യു.ഡി.എഫ് നേടി. സമനിലയിലുള്ള കല്ലൂർക്കാട്, പോത്താനിക്കാട് പഞ്ചായത്തുകളിലും യു.ഡി.എഫ് ഭരണത്തിനാണ് സാധ്യത. പാലക്കുഴ, പൈങ്ങോട്ടൂർ പഞ്ചായത്തുകൾ എൽ.ഡി.എഫിൽനിന്ന് പിടിച്ചെടുക്കുകയായിരുന്നു. മൂവാറ്റുപുഴ നഗരസഭയിൽ യു.ഡി.എഫ്- 17, എൽ.ഡി.എഫ്- ഏഴ്, എൻ.ഡി.എ- ഒന്ന്, മറ്റുള്ളവർ- അഞ്ച് എന്നതാണ് കക്ഷിനില.
കോതമംഗലം
കോതമംഗലം നിയമസഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന എട്ട് പഞ്ചായത്തുകളിൽ എട്ടും പിടിച്ചടക്കി ചരിത്ര വിജയമാണ് യു.ഡി.എഫ് സ്വന്തമാക്കിയത്. കവളങ്ങാട് 19ൽ ഒമ്പതും കീരംപാറയിൽ 14ൽ 12ഉം കുട്ടമ്പുഴയിൽ 17ൽ 12ഉം നെല്ലിക്കുഴിയിൽ 24ൽ 13ഉം പല്ലാരിമംഗലത്ത് 14ൽ 13ഉം പിണ്ടിമനയിൽ 14ൽ എട്ടും വാരപ്പെട്ടിയിൽ 15ൽ ഒമ്പതും കോട്ടപ്പടിയിൽ 15ൽ 11ഉം സീറ്റുകൾ യു.ഡി.എഫ് നേടി. കവളങ്ങാട്, നെല്ലിക്കുഴി, പല്ലാരിമംഗലം, കോട്ടപ്പടി പഞ്ചായത്തുകൾ എൽ.ഡി.എഫിൽനിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു. എൽ.ഡി.എഫ് ഭരിച്ചിരുന്ന 26 വാർഡുകളുള്ള കോതമംഗലം നഗരസഭയിൽ യു.ഡി.എഫ്- 16, എൽ.ഡി.എഫ്- എട്ട്, മറ്റുള്ളവർ- രണ്ട് എന്നതാണ് കക്ഷിനില.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.