ആലങ്ങാട്: മൂന്ന് പതിറ്റാണ്ടായി ഇടതുമുന്നണി തുടർച്ചയായി ഭരണം കൈയാളുന്ന ആലങ്ങാട് പഞ്ചായത്തിൽ യു.ഡി.എഫ് നേടിയത് ചരിത്രം വിജയം. ആകെ 24 വാർഡിൽ 18 സീറ്റും നേടിയാണ് യു.ഡി.എഫ് വിജയം നേടിയത്. നിലവിൽ ആറ് സീറ്റ് ഉണ്ടായിരുന്ന യു.ഡി.എഫ് 12 സീറ്റുകൾ പിടിച്ചെടുക്കുകയും ചെയ്തു. യു.ഡി.എഫ് സ്ഥാനാർഥികളുടെ വിജയം ഇടത് കോട്ടകളെ ഞെട്ടിച്ചിരിക്കുകയാണ്. ഇക്കുറിയും ഏത് വിധേയനയും ഭരണം നിലനിർത്താനുള്ള തത്രപ്പാടിലായിരുന്നു എൽ.ഡി.എഫ്. അതിനായി മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ നിരവധി നീക്കങ്ങളും ഇവർ നടത്തിയിരുന്നു.
വിമതരായി പത്രിക സമർപ്പിച്ചവരെ വരെ മന്ത്രി തന്നെ നേരിട്ട് ഇവരുടെ വീടുകളിലെത്തി വമ്പൻ ഓഫറുകൾ വരെ നിരത്തിയാണ് അനുനയിപ്പിച്ചത്. മുൻ പഞ്ചായത്ത് പ്രസിഡന്റ് സി.പി.എമ്മിലെ രാധാമാണി ജെയ്സിങ് മാത്രമാണ് കഷ്ടിച്ച് രക്ഷപ്പെട്ടത്. നിലവിലെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത പുരുഷൻ, സിറ്റിങ് മെംബർമാരായ സുനി സജീവൻ, എൽസ ജേക്കബ്, വിൻസെന്റ് കാരിക്കാശ്ശേരി, ഉഷ രവി, ബിൻസി സുനിൽ, മുൻ മെമ്പർ വി.എച്ച്. സിറാജുദ്ദീൻ എന്നിവർ പരാജയപ്പെട്ടു.
സി.പിഐ മത്സരിച്ച അഞ്ച് സീറ്റിലും പരാജയം ഏറ്റുവാങ്ങി എന്നു മാത്രമല്ല രണ്ട് സീറ്റിൽ കെട്ടിവെച്ച പണം പോലും തിരിച്ചുകിട്ടാത്ത സ്ഥിതിയിലായി. യു.ഡി.എഫിൽ മുസ്ലിം ലീഗിന് ഒരു സീറ്റും ഒരു കക്ഷിരഹിതയും ബാക്കി 22 സീറ്റിലും കോൺഗ്രസുമാണ് മത്സരിച്ചത്. 38 വർഷമായി മെംബറായി തുടരുന്ന വി.ബി. ജബ്ബാർ, നിലവിലെ മെംബർമാരായ കെ.എസ്. നിജിത എന്നിവരും മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ തിരുവാല്ലൂർ, പി.കെ. സുരേഷ് ബാബു, ജോസ് ഗോപുരത്തിങ്കൽ, വി.ജെ. സെബാസ്റ്റ്യൻ, അന്ന ആൻസിലി, നിഷാദ് ദേവസി എന്നിവരാണ് വിജയിച്ച പ്രധാന താരങ്ങൾ. ബി.ജെ.പിക്ക് ഉണ്ടായിരുന്ന ഒരു സീറ്റും യു.ഡി.എഫ് തരംഗത്തിൽ ഒലിച്ചുപോയി.
കക്ഷി നില
ആകെ സീറ്റ്- 24
യു.ഡി.എഫ്- 18
എൽ.ഡി.എഫ്- 6
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.