മുളിയാർ സഹകരണ ബാങ്ക് ​െതരഞ്ഞെടുപ്പ്: കരുത്തുകാട്ടി കോൺഗ്രസ്​ വിമത കൺവെൻഷൻ

ബോവിക്കാനം: മുളിയാറിൽ കരുത്തുകാട്ടി കോൺഗ്രസ് വിമത കൺവെൻഷൻ. മുളിയാർ സർവിസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ ഡി.സി.സി പ്രഖ്യാപിച്ച പട്ടികയിലെ ഭൂരിപക്ഷത്തെയും അംഗീകരിക്കാൻ കഴിയില്ലെന്ന് കൺവെൻഷൻ പ്രഖ്യാപിച്ചു. ശനിയാഴ്ച വൈകീട്ട് ബോവിക്കാനത്ത് കൺവെൻഷനിൽ കോൺഗ്രസ് മുളിയാർ മണ്ഡലം പ്രസിഡൻറ് ടി. ഗോപിനാഥൻ നായരടക്കം 300ഓളം പേർ പങ്കെടുത്തു. ഡി.സി.സി പ്രഖ്യാപിച്ച സ്ഥാനാർഥി പട്ടികയിലെ നാലുപേരും വിമതന്മാരായി പത്രിക നൽകിയിരുന്ന ഏഴുപേരും കൺവെൻഷനിൽ പങ്കെടുത്തിട്ടുണ്ട്. കൺവെൻഷനിൽ സഹകരണ മുന്നണി ചെയർമാനും കോൺഗ്രസ് മുളിയാർ ബ്ലോക്ക് ജനറൽ സെക്രട്ടറിയുമായ കെ. കുഞ്ഞുണ്ടൻ അധ്യക്ഷതവഹിച്ചു. മണ്ഡലം പ്രസിഡൻറ് ടി. ഗോപിനാഥൻ നായർ, മുന്നണി കൺവീനറും നിലവിൽ ബാങ്ക് പ്രസിഡൻറുമായ കെ. ഗോപാലൻ, മുളിയാർ പഞ്ചായത്തിലെ ഏക കോൺഗ്രസ് അംഗം ശോഭ പയോലം, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സി.കെ. പുഷ്പ, മുൻ മണ്ഡലം പ്രസിഡൻറ് ചേടിക്കാൽ കുഞ്ഞിരാമൻ, ലോയേഴ്സ് കോൺഗ്രസ് ജില്ല പ്രസിഡൻറ് പി. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. കൺവെൻഷനിൽ സംസാരിച്ച ടി. ഗോപിനാഥൻ നായരും പി. രാമചന്ദ്രനും ഡി.സി.സി പ്രഖ്യാപിച്ച പട്ടികയിൽപെടുന്നവരാണ്. ഡി.സി.സി പ്രഖ്യാപിച്ച സ്ഥാനാർഥി പട്ടികയിൽപെടുന്ന എ. ശ്രീലത, ബി. പുഷ്പലത എന്നിവരും കൺവെൻഷനിൽ പങ്കെടുത്തു. ബാങ്കി​െൻറ നിലവിലുള്ള ഭരണസമിതി അംഗങ്ങളും വിമതസ്ഥാനാർഥികളുമായ ഇ. പവിത്രസാഗർ, ടി. കുഞ്ഞിരാമൻ, സി. ബാലകൃഷ്ണൻ എന്നിവർ കൺവെൻഷനിൽ പങ്കെടുത്തവരിൽപെടും. മുളിയാർ പഞ്ചായത്തിൽനിന്നുമുള്ള രണ്ട് ഡി.സി.സി ജനറൽ സെക്രട്ടറിമാരിൽ എം. കുഞ്ഞമ്പു നമ്പ്യാർ ഡി.സി.സി പ്രഖ്യാപിച്ച സ്ഥാനാർഥി പട്ടികയിൽ ഇടംനേടിയിരുന്നു. കഴിഞ്ഞതവണ മത്സരരംഗത്തുണ്ടായിരുന്ന സി.പി.എം ഇക്കുറി പത്രിക നൽകിയിരുന്നില്ല. കോൺഗ്രസുകാർ തമ്മിലുള്ള മത്സരം ഒഴിവാക്കുന്നതിനായി ഡി.സി.സി ഓഫിസിൽ പലകുറി ചർച്ച നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. 23ന് കാനത്തൂരിലുള്ള ബാങ്ക് ആസ്ഥാനത്തുവെച്ച് രാവിലെ ഒമ്പത് മുതൽ വൈകീട്ട് നാല് വരെയാണ് വോട്ടെടുപ്പ്. 4453 പേർക്കാണ് വോട്ടവകാശമുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.