അസി. എൻജിനീയറുടെ പിഴവ്​; ലക്ഷങ്ങളുടെ ബിൽ മാറിക്കിട്ടാതെ പി.ടി.എ കമ്മിറ്റി

നിയമ നടപടികൾക്കും പ്രത്യക്ഷ സമരപരിപാടികൾക്കും തയാറെടുത്ത് പി.ടി.എ കാസർകോട്: എൽ.എസ്.ജി.ഡി എൻജിനീയറുടെ പിടിവാശി കാരണം പി.ടി.എ കമ്മിറ്റിക്ക് ലക്ഷങ്ങളുടെ നഷ്ടം. പള്ളിക്കര ഗ്രാമപഞ്ചായത്തിലെ എൽ.എസ്.ജി.ഡി എൻജിനീയറുടെ നടപടിമൂലം കീക്കാൻ രാമചന്ദ്ര റാവു മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ പി.ടി.എ കമ്മിറ്റിയാണ് പുലിവാല് പിടിച്ചിരിക്കുന്നത്. പള്ളിക്കര ഗ്രാമപഞ്ചായത്ത് ഭരണസമിതി 2018-19 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി കീക്കാൻ സ്കൂളിന് രണ്ടു ക്ലാസ് മുറികൾ അനുവദിച്ചിരുന്നു. 12.50 ലക്ഷം രൂപ എസ്റ്റിമേറ്റ് ഉള്ളതിൽ ഒരുലക്ഷം രൂപ ഇലക്ട്രിക്കൽ വർക്കിനായി നീക്കിവെച്ചിരുന്നു. അത് കമ്മിറ്റി വർക്കിൽ ഉൾപ്പെടുത്തിയിരുന്നില്ല. 2018 ഒക്ടോബറിൽ കമ്മിറ്റി പഞ്ചായത്തുമായി എഗ്രിമൻെറ് െവച്ച് ഡിസംബർ മാസത്തോടെ ആരംഭിച്ച പണി 2020 മാർച്ചിൽ പൂർത്തീകരിക്കുകയും മാർച്ച് 30ന് കെ. കുഞ്ഞിരാമൻ എം.എൽ.എയുടെ അധ്യക്ഷതയിൽ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാനും തീരുമാനിച്ചിരുന്നു. സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ ഉദ്ഘാടനം നടന്നില്ല. 12 ലക്ഷത്തിലധികം തുക ചെലവഴിച്ച് നിർമാണം പൂർത്തിയാക്കി അതിൻെറ മുഴുവൻ ബില്ലുകളും എൻജിനീയർ സമക്ഷം സമർപ്പിച്ചെങ്കിലും രണ്ടു തവണയായി 5,95,000 രൂപ മാത്രമാണ് കമ്മിറ്റിക്ക് അനുവദിച്ചുകിട്ടിയത്. കമ്മിറ്റി വർക്കുകൾക്ക് സാധാരണയായി അനുവദിക്കാറുള്ള അഡ്വാൻസ് തുകയും ഇവിടെ അനുവദിച്ചിരുന്നില്ല. മുഴുവൻ ബിൽ തുകയും അനുവദിച്ചു കിട്ടുന്നതിനായി പി.ടി.എ കമ്മിറ്റി ഭാരവാഹികൾ പലതവണ അസി. എൻജിനീയറെ സമീപിച്ചെങ്കിലും നിഷേധാത്മകമായ നിലപാട് തുടരുകയായിരുന്നെന്നും പി.ടി.എ കുറ്റപ്പെടുത്തുന്നു. അവസാനം കമ്മിറ്റി ഭാരവാഹികൾ കെ. കുഞ്ഞിരാമൻ എം.എൽ.എയെ വിവരം ധരിപ്പിച്ചു. അതിൻെറ അടിസ്ഥാനത്തിൽ അദ്ദേഹം എൻജിനീയറോട് കെട്ടിടം പരിശോധിച്ച് തീരുമാനമെടുക്കാൻ നിർദേശിക്കുകയും ഭരണസമിതി ഭാരവാഹികളുടെയും പി.ടി.എ കമ്മിറ്റി ഭാരവാഹികളുടെയും അസി. എൻജിനീയറുടെയും സാന്നിധ്യത്തിൽ കെട്ടിടം പരിശോധിക്കുകയും ചെയ്തു. തുടർന്ന് തെറ്റുകൾ തിരുത്തി എത്രയും വേഗം ബിൽ തുക അനുവദിച്ചുകൊടുക്കാൻ നിർദേശിച്ചു. ഇതിനായി പി.ടി.എ ഭാരവാഹികൾ എ.ഇയെ സമീപിച്ചപ്പോഴാണ് അവർ ആദ്യം സമർപ്പിച്ച 4,37,023 രൂപയുടെ ബിൽ ഒഴികെ മുഴുവൻ ഒറിജിനൽ ബില്ലും മിനിറ്റ്സ് ബുക്കും അദ്ദേഹത്തിൻെറ പക്കൽ കാണാനില്ലെന്ന് അറിയുന്നത്. പഞ്ചായത്ത് ഫ്രണ്ട് ഓഫിസിൽ പി.ടി.എ കമ്മിറ്റി സെക്രട്ടറി മാർച്ച് മൂന്നിന് സമർപ്പിച്ച മുഴുവൻ രേഖകളും മാർച്ച് അഞ്ചിന് എ.ഇ ഏറ്റുവാങ്ങിയതായി പഞ്ചായത്തിൽ രേഖയുണ്ട്. ഇക്കഴിഞ്ഞ മാർച്ച് 31ന് വിരമിച്ചിട്ടും പ്രതിസന്ധി ഒഴിയാതെ അലയുകയാണ് പ്രധാനാധ്യാപകനായിരുന്ന പി. മണികണ്ഠൻ. ബന്ധപ്പെട്ടവർക്കെതിരെ നിയമ നടപടികൾക്കും പ്രത്യക്ഷ സമരപരിപാടികൾക്കും തയാറെടുക്കുകയാണ് പി.ടി.എ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT