കാസർകോട്: തളങ്കര ഗവ. മുസ്ലിം വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ നാഥനില്ലെന്ന് പരാതി. പ്ലസ് വൺ പ്രവേശനത്തിന് ഏകജാലകം വഴി അപേക്ഷ നൽകിയ വിദ്യാർഥികൾ നിബന്ധനയനുസരിച്ച അപേക്ഷയുടെ ഡൗൺലോഡ് ചെയ്ത പകർപ്പ് നേരിട്ട് സമർപ്പിക്കാൻ കഴിഞ്ഞ നാലു ദിവസമായി സ്കൂളിൽ വന്ന് മടങ്ങുകയാണ്. മേയ് എട്ടു മുതൽ 11വരെ ഹയർസെക്കൻഡറി പ്രിൻസിപ്പലിെൻറ ഒാഫിസ് അടച്ചിട്ടിരിക്കുകയാണെന്ന് വിദ്യാർഥികളും രക്ഷിതാക്കളും പറയുന്നു. കഴിഞ്ഞ ദിവസം രക്ഷിതാക്കളിൽ ചിലർ സ്കൂളിലെത്തി ബഹളമുണ്ടാക്കിയിരുന്നു. ഹയർസെക്കൻഡറി വിഭാഗത്തിന് കഴിഞ്ഞ ഒന്നര വർഷമായി പ്രിൻസിപ്പൽ ഇല്ല. മറ്റൊരു അധ്യാപകനാണ് ഇൻചാർജ്. ഇദ്ദേഹം ദിവസങ്ങളായി അവധിയിലാണ്. പി.ടി.എ അംഗങ്ങളിൽ ചിലർ ജില്ല കലക്ടർ, ഹയർസെക്കൻഡറി ജോയൻറ് ഡയറക്ടർ എന്നിവർക്ക് പരാതി നൽകി. വിദ്യാർഥി പ്രവേശനം നടക്കുന്ന ഘട്ടത്തിൽ ഹയർസെക്കൻഡറി ഒാഫിസ് അടച്ചിട്ടവർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. ഇതേക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ജില്ല കലക്ടർ അറിയിച്ചതായി പി.ടി.എ അംഗം കെ.എ. മുഹമ്മദ് ബഷീർ പറഞ്ഞു. സംസ്ഥാന സർക്കാർ ഹൈടെക്കായി ഉയർത്താൻ തീരുമാനിച്ച 140 സ്കൂളുകളിലൊന്നാണിത്. സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് വികസിപ്പിക്കാനുള്ള പദ്ധതിക്ക് സർക്കാർ ബജറ്റിൽ തുക നീക്കിവെക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.