കാസർകോട് നഗരസഭയിൽ യു.ഡി.എഫ് ഉജ്വല വിജയം നേടിയതിനെ തുടർന്ന് ചെയർപേഴ്സൻ സ്ഥാനാർഥി ഷാഹിന സലീമിനെ എടുത്തുയർത്തുന്ന മുസ്ലിം ലീഗ്
പ്രവർത്തകർ. വിദ്യാനഗറിൽനിന്നുള്ള ദൃശ്യം. പകർത്തിയത് ദിനേശ് ഇൻസൈറ്റ്
കാസർകോട്: യു.ഡി.എഫ് ഗ്രാമ പഞ്ചായത്തുകളിൽ നടത്തിയ തേരോട്ടത്തിൽ ക്ഷതമേറ്റ് ഇടതുപക്ഷവും ബി.ജെ.പിയും. 38 പഞ്ചായത്തുകളിൽ നേർപകുതി യു.ഡി.എഫ് കരസ്ഥമാക്കിയപ്പോൾ ഇടതുപക്ഷത്തിന് അവരുടെ പരമ്പരാഗതമായ കോട്ടകളിൽ ഒതുങ്ങേണ്ടിവന്നു. ചെറുവത്തൂർ, പിലിക്കോട്, കിനാനൂർ, കരിന്തളം, കയ്യൂർ, ചീമേനി, മടിക്കൈ, ബേഡഡുക്ക, കുറ്റിക്കോൽ, അജാനൂർ എന്നിവ ഇളകാതെ നിന്നത് ഇടതിന് ആശ്വാസമായി.
യു.ഡി.എഫ് ആണെങ്കിൽ കഴിഞ്ഞ തവണ കൈവിട്ടുപോയ വലിയപറമ്പും ഉദുമയും മുളിയാറും ദേലംപാടിയും പുത്തിഗെയും തിരികെ പിടിച്ചു. അതിനിടയിൽ കഴിഞ്ഞതവണ നഷ്ടപ്പെട്ടുപോയ പടന്ന എൽ.ഡി.എഫ് തിരിച്ചുപിടിച്ചത് ആശ്വാസമായി. കന്നട മേഖലയിലെ പുത്തിഗെ, പൈവളിഗെ, എന്‍മകജെ , മഞ്ചേശ്വരം, വോര്‍ക്കാടി, മീഞ്ച എന്നീ പഞ്ചായത്തുകളിൽനിന്ന് ഇടതുപക്ഷത്തെ മാറ്റിനിർത്തി. ബദിയടുക്ക, കാറഡുക്ക എന്നീ പഞ്ചായത്തുകളിൽ നിലമെച്ചപ്പെടുത്തി.
കാഞ്ഞങ്ങാട് നഗരസഭയിൽ 2020ൽ ബഹുദൂരം മുന്നിലായിരുന്ന ഇടതുപക്ഷത്തെ പുറത്താക്കാൻ സർവ സന്നാഹങ്ങളുമായി അച്ചടക്കത്തോടെ മുന്നേറിയ യു.ഡി.എഫിന് ഒരു സീറ്റിലാണ് കാലിടറിയത്.
നഗരസഭയിൽ ബി.ജെ.പി അവരുടെ നാലു സീറ്റുകൾ നിലനിർത്തി. വിഭാഗീയതയെയും വിമതരെയും കൊണ്ടിവിടെ പൊറുതിമുട്ടിയ ലീഗ് എല്ലാ വിമതരെയും ഒതുക്കി. യു.ഡി.എഫ് അവരുടെ 20 സീറ്റുകൾ 22 ആയി ഉയർത്തി. ബി.ജെ.പിയുടെ രണ്ട് സീറ്റുകളാണ് പിടിച്ചെടുത്തത്. നഗരസഭയിൽ മേൽവിലാസമില്ലാതിരുന്ന കോൺഗ്രസ് ഇത്തവണ രണ്ടു സീറ്റുകൾ നേടി.
സി.പി.എമ്മിന് ഒരു സീറ്റുണ്ടായിരുന്നിടത്ത് ഒരു സ്വതന്ത്രൻ ഉൾപ്പെടെ രണ്ടാക്കി ഉയർത്തി. ബി.ജെ.പിയുടെ തിളക്കം കുറച്ച ഫലമാണ് നഗരസഭയിൽ പ്രതിഫലിച്ചത്. അവരുടെ സീറ്റുകൾ 14ൽനിന്ന് 12 ആയി കുറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് എൽ.ഡി.എഫ് നാല്, യു.ഡി.എഫ് രണ്ട് എന്ന നിലയിൽ തുടർന്നു. സ്വതന്ത്രയാൽ ഭരണം നടന്ന മഞ്ചേശ്വരത്ത് ഇത്തവണ യു.ഡി.എഫിന് നല്ല ഭരണം ലഭിച്ചു.
മഞ്ചേശ്വരം പഞ്ചായത്തിൽ ഇടതുപക്ഷത്തിന് ഒന്നും നേടാനായില്ല. 24ൽ 13നേടിയ യു.ഡി.എഫിന് മഞ്ചേശ്വരം സമാധാനപരമായി ഭരിക്കാം. കുമ്പളയിൽ വിവാദങ്ങളുടെ പെരുമഴയായിരുന്നു കഴിഞ്ഞതവണ. ഇത്തവണ 24ൽ 15 യു.ഡി.എഫ് നേടി നില മെച്ചപ്പെടുത്തി.
ജില്ല പഞ്ചായത്തിൽ ദേലംപാടിയാണ് യു.ഡി.എഫിനെ ചതിച്ചത്. ദേലംപാടിയിൽ സി.പി.എമ്മിനകത്തെ പ്രശ്നങ്ങൾ തുണക്കും എന്നു കരുതി. കള്ളാറും ദേലംപാടിയും അവസാന ഘട്ടംരെ യു.ഡി.എഫിനൊപ്പമുണ്ടായിരുന്നു. പുത്തിഗെയുടെ ലീഡ് യു.ഡി.എഫിനൊപ്പം സഞ്ചരിക്കുമ്പോൾ യു.ഡി.എഫിന് വലിയ പ്രതീക്ഷയായിരുന്നു. എന്നാൽ, പുത്തിഗെ ബി.ജെ.പിയിൽനിന്ന് പിടിക്കുകയും ദേലംപാടി എൽ.ഡി.എഫിലേക്ക് തിരികെ പോകുകയും ചെയ്തതോടെയാണ് ജില്ല പഞ്ചായത്ത് ഭരണം യു.ഡി.എഫിൽനിന്ന് അകന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.