കാസര്‍കോട്: ജില്ലയില്‍ റോഡ് സുരക്ഷ സംവിധാനങ്ങളൊരുക്കാന്‍ 5.50 കോടി രൂപയുടെ പദ്ധതി നിര്‍ദേശം റോഡ് സേഫ്റ്റി കൗണ്‍സില്‍ യോഗം റോഡ് സേഫ്റ്റി കമീഷണര്‍ക്ക് സമര്‍പ്പിച്ചു. ജില്ല കലക്ടര്‍ കെ. ജീവന്‍ബാബുവിന്‍െറ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ ട്രാഫിക് സിഗ്നലുകള്‍, ഓട്ടോമാറ്റിക് ട്രാഫിക് എന്‍ഫോഴ്സ്മെന്‍റ് സിസ്റ്റം, സോളാര്‍ പവേഴ്സ് പെഡസ്ട്രിയല്‍ സിസ്റ്റം എന്നിവ സ്ഥാപിക്കാന്‍ 5.50 കോടി രൂപ ആവശ്യമാണെന്ന കെല്‍ട്രോണിന്‍െറ നിര്‍ദേശമാണ് അംഗീകാരത്തിനായി സമര്‍പ്പിച്ചത്. യോഗത്തില്‍ കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളിലെ ഫുട്പാത്ത് കൈയേറ്റങ്ങളും അനധികൃത പരസ്യങ്ങളും ഒരാഴ്ചക്കകം നീക്കം ചെയ്യാന്‍ മുനിസിപ്പല്‍ അധികൃതരെ ചുമതലപ്പെടുത്തി. പരസ്യങ്ങളില്‍ അംഗീകാരമുള്ളതാണെന്നറിയാനുള്ള മുദ്ര നഗരസഭ പതിപ്പിക്കണം. ജില്ലയില്‍ പുതുതായി അപകട സാധ്യത കൂടുതലുള്ള ബ്ളാക്ക് സ്പോട്ടുകള്‍ കണ്ടത്തെി നടപടി സ്വീകരിക്കും. റോഡ് സേഫ്റ്റി ആക്ഷന്‍ പ്ളാനിന്‍െറ ഭാഗമായി വരുന്ന ഒരുമാസം മോട്ടോര്‍ വാഹന വകുപ്പും പൊലീസും കര്‍ശന പരിശോധനയും ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടത്തും. റോഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള ഡ്രൈവിങ്ങിന് ഡ്രൈവിങ് ലൈസന്‍സ് റദ്ദ് ചെയ്യുന്നതടക്കമുള്ള ശിക്ഷാനടപടി സ്വീകരിക്കും. ചൗക്കി-ഉളിയത്തടുക്ക ബൈപാസ് റോഡിന്‍െറ നിര്‍ദേശം സമര്‍പ്പിക്കാന്‍ പൊതുമരാമത്ത് (റോഡ്സ്) വകുപ്പിനോടും നാഷനല്‍ ഹൈവേ അധികൃതരോടും ആവശ്യപ്പെട്ടു. കാസര്‍കോട് നഗരസഭ പ്രസ്ക്ളബ് ജങ്ഷനിലെ സിഗ്നല്‍ ലൈറ്റിലുള്ള പരസ്യങ്ങള്‍ നീക്കം ചെയ്യണം. ചന്ദ്രഗിരി ജങ്ഷന്‍ ഫ്രീ ലെഫ്റ്റ് നിയന്ത്രിക്കാന്‍ കാസര്‍കോട് ട്രാഫിക് എസ്.ഐക്ക് നിര്‍ദേശം നല്‍കി. യോഗത്തില്‍ ജില്ല പൊലീസ് മേധാവി കെ.ജി. സൈമണ്‍, ആര്‍.ടി.ഒ കെ. ബാലകൃഷ്ണന്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എം.വി. രാജീവന്‍, വിദ്യാനഗര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ബാബു പെരിങ്ങത്തേ്, ട്രാഫിക് എസ്.ഐ ടി. ദാമോദരന്‍, പൊതുമരാമത്ത് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍മാരായ പി. പ്രകാശന്‍, പി.കെ. ആരതി, നഗരസഭ സെക്രട്ടറിമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.