അസൗകര്യങ്ങള്‍ മൂലം കുട്ടികള്‍ വീര്‍പ്പുമുട്ടുന്നു: മൂക്കംപാറ അംഗന്‍വാടിയുടെ ദുരിതം ആര് കാണും?

ബദിയടുക്ക: ആവശ്യത്തിനു കുട്ടികളുണ്ടായിട്ടും മൂക്കംപാറ അംഗന്‍വാടിയിലെ ദുരിതം കാണാന്‍ ആരുമില്ലാത്ത സ്ഥിതിയാണ്. ബദിയടുക്ക പഞ്ചായത്തിലെ 12ാം വാര്‍ഡില്‍പെടുന്ന പെര്‍ള മൂക്കംപാറ റോഡിലുള്ള അംഗന്‍വാടിയിലാണ് വേണ്ടത്ര സൗകര്യമില്ലാത്തതിനാല്‍ കുട്ടികള്‍ വീര്‍പ്പുമുട്ടുന്നത്. 2005ല്‍ മഞ്ചേശ്വരം ബ്ളോക്ക് പഞ്ചായത്താണ് കെട്ടിടം പണിതത്. നിലവില്‍ കാസര്‍കോട് ബ്ളോക്കിന്‍െറ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. 21 ആണ്‍കുട്ടികളും 22 പെണ്‍കുട്ടികളുമാണ് രജിസ്റ്ററിലുള്ളത്. ഇതിനുപുറമെ, മൂന്ന് വയസ്സ് തികയാത്തവരടക്കം 50 കുട്ടികള്‍ അംഗന്‍വാടിയില്‍ എത്തുന്നുണ്ട്. വര്‍ഷങ്ങളായിട്ടും വൈദ്യുതിയില്ല. കുട്ടികള്‍ ഇരിക്കുന്ന പ്ളാസ്റ്റിക് കസേര പൊട്ടിപ്പൊളിഞ്ഞ് ഉപയോഗശൂന്യമായ നിലയിലാണ്. സൗകര്യമില്ലാത്ത അടുക്കള, കൈ കഴുകാനുള്ള ബേസിന്‍പോലും ഇല്ല. കെട്ടിടത്തിന് ചേര്‍ന്ന് പുറത്തുള്ള ശൗചാലയത്തിന്‍െറ മേല്‍ക്കൂരയുടെ ഷീറ്റ് ഏത് നിമിഷവും നിലംപൊത്താന്‍ കാത്തുനില്‍ക്കുന്നു. വാതില്‍ പൂര്‍ണമായും കേടായ നിലയിലാണ്. പ്രദേശത്ത് 200ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്. അടുത്തെങ്ങും മറ്റൊരു അംഗന്‍വാടി ആശ്രയിക്കാനില്ലാത്തതിനാല്‍ ഇവിടെ കുട്ടികള്‍ കൂടിവരുകയാണ്. എന്നാല്‍, കെട്ടിട സൗകര്യവും ആവശ്യമായ ഉപകരണങ്ങളും ഇല്ലാത്തത് കുട്ടികളെയും ഒരുപോലെ ദുരിതത്തിലാക്കുന്നു. ബന്ധപ്പെട്ടവരുടെ മേല്‍നോട്ടമില്ലാത്തതാണ് ഇതിന് കാരണമെന്ന് കുട്ടികളുടെ രക്ഷിതാക്കള്‍ പരാതിപ്പെടുന്നു. അതേസമയം, കെട്ടിടം അറ്റകുറ്റപ്പണിക്കും ആവശ്യമുള്ള ഉപകരണങ്ങള്‍ക്കും 2016-17 പദ്ധതിയില്‍ 4.50 ലക്ഷം രൂപ നീക്കിവെച്ചതായി പഞ്ചായത്ത് പ്രസിഡന്‍റ് കെ.എന്‍. കൃഷ്ണ ഭട്ട്, വാര്‍ഡ് പ്രതിനിധിയും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ അന്‍വര്‍ ഓസോണ്‍ എന്നിവര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. എന്നാല്‍, നേരത്തേ പദ്ധതി നടപ്പാക്കാതിരുന്നത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.