കണ്ണൂർ: കോഫീഹൗസ് ശൃംഖലകളിൽ ഏറ്റവും വലുതും നൂതനവുമായ സംരംഭം കണ്ണൂരിൽ ഉദ്ഘാടനത്തിനൊരുങ്ങി. ഇന്ത്യൻ കോഫീ വർക്കേഴ്സ് കോഒാപറേറ്റിവ് സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫീഹൗസ് അറുപതാണ്ട് പൂർത്തീകരിക്കുന്ന വേളയിലാണ് ധർമശാലയിൽ ആധുനികസൗകര്യങ്ങളോടെ 12 കോടിയിലധികം ചെലവഴിച്ച് മൂന്നു നിലകളിലായി ഹോട്ടൽസമുച്ചയം പൂർത്തീകരിച്ചത്. ഗ്രൗണ്ട് ഫ്ലോറിൽ വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ, ചൈനീസ്, നോർത്ത് ഇന്ത്യൻ വിഭവങ്ങളുൾപ്പെടെ എ.സി, നോൺ എ.സി റസ്റ്റാറൻറുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒന്നാം നിലയിൽ എ.സി, നോൺ എ.സി കോൺഫറൻസ് ഹാളും രണ്ടാം നിലയിൽ 11 ഫാമിലി എ.സി സ്യൂട്ട് റൂമുകളുമുണ്ട്. മൂന്നാം നിലയിൽ റൂഫ് ടോപ് റസ്റ്റാറൻറിനാവശ്യമായ സജ്ജീകരണങ്ങൾ ഒരുങ്ങിയിട്ടുണ്ട്. ഇവ പിന്നീടാണ് പ്രവർത്തനസജ്ജമാവുക. വിശാലമായ പാർക്കിങ് സൗകര്യങ്ങളുമുണ്ട്. 150ലധികം ആളുകൾക്ക് നേരിട്ട് ജോലി ലഭിക്കും. ഇതോടെ കോഫീഹൗസ് ശൃംഘലയിലെ ജീവനക്കാരുടെ എണ്ണം 1000 കവിയും. 1.40 കോടി രൂപയുടെ മലിനജല ശുദ്ധീകരണ പ്ലാൻറാണ് പുതിയ കോഫീഹൗസിെൻറ പ്രത്യേകത. ഹോട്ടൽ മേഖലയിലെ ബൃഹത്പദ്ധതിയാണിതെന്ന് സഹകരണസംഘം ഭാരവാഹികൾ പറഞ്ഞു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലായി 24 ശാഖകളാണ് പ്രവർത്തിച്ചുവരുന്നത്. തലശ്ശേരി മഞ്ഞോടിയിലും മലപ്പുറം പെരിന്തൽമണ്ണയിലും കണ്ണൂർ വിമാനത്താവളത്തിനു സമീപവും ശാഖ ആരംഭിക്കുന്നുണ്ട്. മേയ് ഒന്നിന് വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംെചയ്യും. ഇ.പി. ജയരാജൻ എം.എൽ.എ അധ്യക്ഷത വഹിക്കും. േകാഫീഹൗസിലെ ജീവനക്കാർ സമർപ്പിക്കുന്ന സ്ഥാപകനേതാവ് എ.കെ.ജിയുടെ അർധകായപ്രതിമ മുഖ്യമന്ത്രി അനാച്ഛാദനം ചെയ്യും. ജീവനക്കാരുടെ കുടുംബസംഗമം ഉച്ചക്ക് രണ്ടിന് െജയിംസ് മാത്യു എം.എൽ.എ ഉദ്ഘാടനം ചെയ്യും. എ.കെ.ജിയുടെ 40ാം ചരമവാർഷികവുമായി ബന്ധപ്പെട്ട് െഎ.ആർ.പി.സിക്ക് ഉപകരണങ്ങൾ സമ്മാനിക്കുമെന്നും കണ്ണൂർ സഹകരണസംഘം ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ പ്രസിഡൻറ് പി.വി. ബാലകൃഷ്ണൻ, സെക്രട്ടറി വി.കെ. ശശിധരൻ, പി.വി. ജയചന്ദ്രൻ, എം. മധുസൂദനൻ, എം.എം. മനോഹരൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.