കുമ്പള: പട്ടയം ലഭിച്ച സ്ഥലം ഭൂരഹിതർക്ക് പതിച്ചുനൽകാൻ ആർ.ഡി.ഒ കോടതി പുറപ്പെടുവിച്ച ഉത്തരവ് റവന്യൂ ഉദ്യോഗസ്ഥർ വ്യാഴാഴ്ച നടപ്പിലാക്കി. 11 കുടുംബങ്ങൾക്കാണ് ഭൂമി ലഭിച്ചത്. സർക്കാറിെൻറ സീറോ ലാൻഡ് പദ്ധതിയിൽ ഭൂമിക്ക് അപേക്ഷിച്ച ആരിക്കാടിയിലെ ആസ്യമ്മ, മുഹമ്മദ്, മുഹമ്മദ്കുഞ്ഞി, മൊയ്തീൻകുഞ്ഞി, ഭവാനി, സുശീല, സുഭാഷിണി, സക്കീന, അബ്ദുല്ല, എസ്.കെ. കാസിമി, മുഹമ്മദ് കുമ്പോൽ എന്നിവർക്ക് 2014ൽ മൂന്നു സെൻറ് വീതം സ്ഥലത്തിനുള്ള പട്ടയം ലഭിച്ചിരുന്നു. കൊടിയമ്മയിലെ ചൂരിത്തടുക്കയിൽ റോഡരികിലുള്ള സർക്കാർസ്ഥലം ഇവർക്ക് നൽകുകയും ചെയ്തിരുന്നു. എന്നാൽ, ഇവിടെ കുടിൽ സ്ഥാപിക്കുന്നതിന് ഭൂസമര സമിതിയുടെയും വെൽഫെയർ പാർട്ടിയുടെയും നേതാക്കളോടൊപ്പം സ്ഥലത്തെത്തിയ ഗുണഭോക്താക്കളെ മുസ്ലിം ലീഗ് പ്രാദേശികനേതാക്കളുടെ നേതൃത്വത്തിൽ എത്തിയ സംഘം അടിച്ചോടിച്ചു. പഞ്ചായത്ത് വികസനപ്രവർത്തനങ്ങൾക്ക് കണ്ടുെവച്ച സ്ഥലമാണിതെന്ന് പറഞ്ഞായിരുന്നു ആക്രമണം. അതിനുശേഷം ഇച്ചിലമ്പാടി വില്ലേജിൽ ചെക്പോസ്റ്റിൽ സ്ഥലം നൽകുമെന്ന് വാഗ്ദാനം ചെയ്തെങ്കിലും നടന്നില്ല. അമ്പിലടുക്കയിൽ മറ്റാരുടെയോ കൈവശമുള്ള സ്ഥലം പതിച്ചുനൽകാനുള്ള ശ്രമം ഒരുകൂട്ടം ബി.ജെ.പി പ്രവർത്തകർ തടയുകയും റവന്യൂ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയും ചെയ്തു. ഇതോടെ ഇവരുടെ ഭൂമിയെന്ന സ്വപ്നം അനിശ്ചിതത്വത്തിലാവുകയായിരുന്നു. അതിനിടെ, കൊടിയമ്മയിലെ സ്ഥലം പതിച്ചുനൽകുന്നതിനെതിരെ കുമ്പള പഞ്ചായത്ത് കോടതിയിൽ ഹരജി ഫയൽ ചെയ്തിരുന്നു. ഈ കേസിൽ തീർപ്പുകൽപിച്ചുകൊണ്ടാണ് കഴിഞ്ഞയാഴ്ച 15 ദിവസത്തിനകം കൊടിയമ്മയിൽ ഇവർക്ക് ആദ്യം അനുവദിച്ച സ്ഥലംതന്നെ പതിച്ചുനൽകണമെന്ന് ആർ.ഡി.ഒ കോടതി ഉത്തരവിട്ടത്. അവകാശപ്പെട്ട ഭൂമിതന്നെ പതിച്ചുകിട്ടിയതിലും അതിന് നേതൃത്വം നൽകാൻ സാധിച്ചതിലും അതിയായ സന്തോഷമുണ്ടെന്ന് ഭൂസമരസമിതി നേതാക്കൾ ‘മാധ്യമ’ത്തോട് പറഞ്ഞു. ഭൂസമരസമിതി ജില്ല കൺവീനർ പി.കെ. അബ്ദുല്ല, വെൽഫെയർ പാർട്ടി ജില്ല ട്രഷറർ ഹമീദ് കക്കണ്ടം, വൈസ് പ്രസിഡൻറ് കെ. രാമകൃഷ്ണൻ, മണ്ഡലം പ്രസിഡൻറ് അബ്ദുല്ലത്തീഫ് കുമ്പള, പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ഇസ്മായിൽ മൂസ തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു. പൊലീസ് സഹായത്തോടെയാണ് ഭൂമി പതിച്ചുനൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.