വോ​ട്ടി​ങ്ങി​ലു​ള്ള തു​ല്യ​ത​പോ​ലും അ​ട്ടി​മ​റി​ക്ക​പ്പെ​ടു​ന്നു -–മു​ല്ല​ക്ക​ര ര​ത്‌​നാ​ക​ര​ൻ

കാഞ്ഞങ്ങാട്: ഇന്ത്യയില്‍ സമത്വവും തുല്യതയും നിലനില്‍ക്കുന്നത് വോട്ടവകാശത്തില്‍ മാത്രമാണെന്നും മോദിഭരണത്തില്‍ അതും അട്ടിമറിക്കപ്പെടുകയാണെന്നും സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടിവംഗം മുല്ലക്കര രത്‌നാകരന്‍ എം.എൽ.എ പറഞ്ഞു. ദലിത് പീഡനത്തിനെതിരെ സി.പി.ഐ ദേശീയ കാമ്പയിനിെൻറ ഭാഗമായി ഡോ. അംബേദ്കര്‍ ജയന്തിദിനത്തില്‍ മടിക്കൈ അമ്പലത്തുകരയില്‍ നടന്ന ജനകീയ കൂട്ടായ്മ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ജനാധിപത്യരീതികളെല്ലാം അട്ടിമറിക്കപ്പെടുകയാണ്. ബ്രിട്ടീഷുകാര്‍ സമരത്തെ നേരിട്ടതുപോലെയല്ല ജനാധിപത്യ ഭാരതത്തിലെ സര്‍ക്കാറുകള്‍ സമരത്തെ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ അസമത്വത്തിനെതിരായ പോരാട്ടമാണ് കമ്യൂണിസ്റ്റുകളും അംബേദ്കറിസ്റ്റുകളും നടത്തുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അംബേദ്കറുടെ പ്രസക്തി വീണ്ടും ഉയര്‍ത്തിക്കൊണ്ടുവന്ന യുവ കമ്യൂണിസ്റ്റാണ് കനയ്യകുമാറെന്നും മുല്ലക്കര പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തിെൻറ സഹജമായ ദൗര്‍ബല്യത്തെ കുറിച്ച് ഡോ. അംബേദ്കറിന് വ്യക്തമായ ബോധ്യമുണ്ടായിരുന്നു. ജനാധിപത്യം എപ്പോൾ വേണമെങ്കിലും അപകടപ്പെടുമെന്നും വ്യക്തി ആരാധന ഇന്ത്യന്‍ ജനാധിപത്യത്തെ ദുര്‍ബലമാക്കുമെന്നും അംബേദ്കര്‍ ദീര്‍ഘദര്‍ശനംചെയ്തു. വര്‍ത്തമാനകാല ഇന്ത്യന്‍ സാഹചര്യം ഇത് ശരിവെക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സി.പി.ഐ ജില്ല എക്‌സിക്യൂട്ടിവംഗം ബങ്കളം കുഞ്ഞികൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പിൽ, കണ്ണൂര്‍ ജില്ല എക്‌സിക്യൂട്ടിവംഗം വി.കെ. സുരേഷ്ബാബു, കാസര്‍കോട് ജില്ല എക്‌സിക്യൂട്ടിവംഗങ്ങളായ സി.പി. ബാബു, എം. അസിനാർ, ജില്ല പഞ്ചായത്തംഗം എം. നാരായണൻ, മുന്‍ എം.എൽ.എ പി.എ. നായർ, മധുരക്കാട് കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി എ. ദാമോദരന്‍ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT