എ​ൻ​ഡോ​സ​ൾ​ഫാ​ൻ: പ​ഠ​നം വേ​ണം, ബ​ഡ്​​സ്​ സ്​​കൂ​ളു​ക​ൾ തു​ട​ങ്ങ​ണം

കാസർകോട്: എൻഡോസൾഫാൻ എന്ന വിഷവസ്തു മനുഷ്യരിലും ജീവജാലങ്ങളിലും ഭാവിയിൽ സൃഷ്ടിക്കാവുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠനം നടത്തണമെന്ന് ബാലാവകാശ കമീഷൻ സർക്കാറിന് നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. അനുബന്ധ രോഗാവസ്ഥകളെ എങ്ങനെ പ്രതിരോധിക്കാമെന്നതും പഠനവിധേയമാക്കണം. ഇതിന് ആവശ്യമായ സംവിധാനങ്ങൾ കാസർകോട് കേന്ദ്രീകരിച്ച് ഒരുക്കണമെന്നും കമീഷൻ ശിപാർശ ചെയ്തു. ദുരിതബാധിതരായ കുട്ടികളെ സമരത്തിലോ പ്രതിഷേധ കൂട്ടായ്മയിലോ പങ്കെടുപ്പിക്കരുതെന്നും കമീഷൻ ശിപാർശ ചെയ്തു. എൻഡോസൾഫാൻ ദുരിതബാധിതരെ ക്യൂവിൽ നിന്നും ഒഴിവാക്കാൻ കലക്ടർ ഉത്തരവ് പുറപ്പെടുവിക്കണം. ഈ വിവരം എല്ലാ സർക്കാർ-സ്വകാര്യ ആശുപത്രികളെയും എംപാനൽഡ് ആശുപത്രികളെയും അറിയിക്കേണ്ടതും അവർ നിർദേശം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. ദുരിതബാധിത പ്രദേശത്തെ കമ്യൂണിറ്റി ഹെൽത്ത് സെൻററുകളിൽ ഡോക്ടർമാരുടെ ഒഴിവുകൾ നികത്തണമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിക്കും ഡയറക്ടർക്കും കമീഷൻ നിർദേശം നൽകി. ഫിസിയോ തെറപ്പി, സ്പീച്ച് തെറപ്പി എന്നിവ ദുരിതബാധിതരെ സംബന്ധിച്ച് ഏറ്റവും പ്രാധാന്യമർഹിക്കുന്നതാകയാൽ ഇവക്കാവശ്യമായ സംവിധാനങ്ങൾ കമ്യൂണിറ്റി ഹെൽത്ത് സെൻററുകളിലും ജില്ല-താലൂക്ക് ആശുപത്രികളിലും ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തണം. കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിത മേഖലകളിലെയും ജില്ല-താലൂക്ക് ആശുപത്രികളിലെയും ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരും സ്ഥലംമാറിപ്പോയാൽ പകരക്കാരെ ഒരു കാലതാമസവും കൂടാതെ നിയമിക്കണം. ദുരിതബാധിതർക്ക് സൗജന്യമായി മരുന്നു നൽകണം. ഇത് ഒരിക്കലും മുടങ്ങുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ല. ഇക്കാര്യത്തിൽ ആരോഗ്യ വകുപ്പ് സെക്രട്ടറിയും ഡയറക്ടറും വ്യക്തമായ മാർഗരേഖ പുറപ്പെടുവിക്കണം. രോഗികളെ വീടുകളിൽ സന്ദർശിച്ച് ഫിസിയോതെറപ്പി നൽകുന്ന ജീവനക്കാർക്ക് ആവശ്യമായ പരിശീലനവും ഉപകരണങ്ങൾ ആവശ്യമായപക്ഷം അവയും ലഭ്യമാക്കണമെന്നും കമീഷൻ നിർദേശിച്ചിട്ടുണ്ട്. കമ്യൂണിറ്റി ഹെൽത്ത് സെൻററുകളിലും മറ്റ് സർക്കാർ ആശുപത്രികളിലും കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് സ്പെഷലിസ്റ്റ് ഡോക്ടർമാരെ നിയമിക്കേണ്ടതും അതിന് തസ്തിക നിർണയം ആവശ്യമെങ്കിൽ നടപടി ആരോഗ്യവകുപ്പ് സെക്രട്ടറിയും ഡയറക്ടറും സ്വീകരിക്കേണ്ടതുമാണ്. ആവശ്യം കണക്കിലെടുത്ത് കൂടുതൽ ബഡ്സ് സ്കൂളുകൾ ആരംഭിക്കണം. ബഡ്സ് സ്കൂളിലെ അധ്യാപകർക്കും ജീവനക്കാർക്കും കാസർകോട് ജില്ലയിൽ പരിശീലനം നൽകണം. ബഡ്സ് സ്കൂളിലെ കുട്ടികൾക്ക് ഭക്ഷണത്തിനുള്ള ഗ്രാൻറ് വർധിപ്പിക്കണം. കുട്ടികളെ കൊണ്ടുവരുന്നതിന് ബഡ്സ് സ്കൂളുകൾക്ക് ഓരോ ജീപ്പ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കണം. പഞ്ചായത്ത് തനത് ഫണ്ടിൽ നിന്ന് നീക്കിവെക്കുന്ന പണം ഇത്തരം ആവശ്യങ്ങൾക്ക് മതിയാകാത്തതിനാൽ എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രത്യേക സാഹചര്യങ്ങളും ആവശ്യങ്ങളും കണക്കിലെടുത്ത് ഇതിനായി പ്രത്യേക ഫണ്ട് ബജറ്റിൽ വകയിരുത്തണമെന്നും സർക്കാറിനോട് നിർദേശിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.