കാസര്‍കോട്: ജീവനക്കാരുടെ കുറവുകാരണം കാസർകോട് ജനറല്‍ ആശുപത്രിയിലെ ഫാർമസിയുടെ രാത്രികാല പ്രവർത്തനം നിലച്ചു. പ്രവർത്തനസമയം 12 മണിക്കൂറാക്കി ചുരുക്കിയത് രോഗികൾക്ക് വിനയായി. രാത്രി എട്ടിന് അടച്ചിടുന്ന ഫാർമസി പിറ്റേന്ന് രാവിലെ എട്ടിന് മാത്രമേ തുറക്കുന്നുള്ളൂ. ഇതിനിടയിൽ മരുന്ന് ആവശ്യമുള്ളവർ സ്വകാര്യ മെഡിക്കൽ ഷോപ്പുകളിൽനിന്ന് അമിത വില നൽകി വാങ്ങേണ്ട സ്ഥിതിയാണ്. കഴിഞ്ഞ നാലു ദിവസമായി ഇതാണ് സ്ഥിതി. പി.എസ്.സി മുഖേന സ്റ്റോർ കീപ്പർ അടക്കം ആറു ജീവനക്കാരെ ഇവിടെ നിയമിച്ചിരുന്നു. ഇതിൽ നാലുപേരുടെ സേവനം മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്. താല്‍ക്കാലിക ജീവനക്കാരെ ഉപയോഗിച്ചാണ് ഫാർമസി മുഴുവൻസമയ സേവനം നടത്തിയിരുന്നത്. ആറു മാസത്തേക്ക് നിയമിച്ച നാലു താൽക്കാലിക ജീവനക്കാരിൽ രണ്ടുപേർ നിയമന കാലാവധി അവസാനിച്ചതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ പിരിഞ്ഞുപോയി. ശേഷിക്കുന്ന രണ്ടുപേരിൽ ഒരാളുടെ സേവന കാലാവധി ഇന്നും അടുത്തയാളുേടത് ഏപ്രിൽ 21നും അവസാനിക്കും. ജീവനക്കാർ കുറഞ്ഞതോടെ മൂന്നു ഷിഫ്റ്റുകളിലായി 24 മണിക്കൂർ നേരവും പ്രവർത്തിച്ചിരുന്ന ഫാർമസിയിൽ രാത്രി എട്ടിനുശേഷം ജോലി ചെയ്യാന്‍ ആളില്ലാത്ത അവസ്ഥയാണ്. രാത്രി എട്ടിനുശേഷം മരുന്ന് ആവശ്യമായിവരുന്ന രോഗികൾക്ക് സ്വകാര്യ മെഡിക്കല്‍ ഷോപ്പുകള്‍തന്നെ ശരണം. കേന്ദ്ര പദ്ധതിയായ രാഷ്ട്രീയ സ്വാസ്ഥ്യ യോജനയുടെ സഹായത്തോടെ ആശുപത്രി മാനേജ്മെൻറ് കമ്മിറ്റിയാണ് ആറു മാസത്തേക്ക് താൽക്കാലിക വ്യവസ്ഥയിൽ ഫാർമസിസ്റ്റുകളെ നിയമിക്കുന്നത്. കാലാവധി കഴിഞ്ഞ് പിരിഞ്ഞുപോയവർക്ക് പകരം നിയമനം നടത്താനോ കാലാവധി നീട്ടിക്കൊടുക്കാനോ നടപടി സ്വീകരിക്കാത്തത് ഫാർമസി പ്രവർത്തനം കൂടുതൽ അവതാളത്തിലാക്കുമെന്ന് ജീവനക്കാർ പറയുനു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.