കു​ടും​ബ​ശ്രീ വി​ഷു​ച്ച​ന്ത​ക​ൾ എ​വി​ടെ?

കാസർകോട്: ‘‘മുമ്പത്തെ കൊല്ലങ്ങളില് വിഷുവിന് മൂന്നു ദെവസമെങ്കിലും കുടുംബശ്രീ പച്ചക്കറി ചന്തയുണ്ടാവും. പന്തലുകെട്ടാനും മറ്റിനും ജില്ല മിഷൻ പത്തായിരം ഉറുപ്പ്യയും തരല്ണ്ട്. ഇപ്രാവിശ്യം ഇതേവരെ സർക്കുലറൊന്നും വന്നിറ്റ്ല്ല. പൈശയും ഇല്ലാന്നാ പറേന്ന്... അതോണ്ട് വിഷുച്ചന്തയൊന്നും വെച്ചിറ്റില്ല...’’ വിഷുവിന് വിഷരഹിത പച്ചക്കറിയെത്തിക്കാൻ സംസ്ഥാനത്തെ മറ്റു നഗരങ്ങളിലൊക്കെയും കുടുംബശ്രീ വിഷുച്ചന്തകൾ ആരംഭിച്ചപ്പോൾ ജില്ലയിലെ നഗരസഭകളിലൊന്നിലെ കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സെൻറ വാക്കുകളാണിത്. ജില്ലയിലെ മൂന്നു നഗരസഭകളിൽ ഒരിടത്തും ഇത്തവണ കുടുംബശ്രീയുടെ വിഷുച്ചന്തകളില്ല. ഇവ ആരംഭിക്കാനുള്ള സർക്കുലറോ അതിനുള്ള സാമ്പത്തികസഹായമോ ഇത്തവണ കുടുംബശ്രീ ജില്ല മിഷനിൽനിന്ന് ലഭിച്ചിട്ടില്ലെന്നാണ് ചന്തകളൊരുക്കുന്നതിന് മേൽനോട്ടം വഹിക്കേണ്ട സി.ഡി.എസ് ചെയർപേഴ്സൻമാർ പറയുന്നത്. ജില്ലയിൽ ആകെയുള്ള 42 കുടുംബശ്രീ സി.ഡി.എസുകളിൽ പഞ്ചായത്ത്തലത്തിലുള്ള 20 സി.ഡി.എസുകൾ മാത്രമാണ് പ്രതിമാസ ചന്തകളുടെ ഭാഗമായി ചെറിയതോതിലെങ്കിലും വിഷുച്ചന്തകൾ ഒരുക്കിയിട്ടുള്ളത്. ഇതിൽ ഭൂരിഭാഗവും ഉൽപാദകരുടെ സ്വന്തം ചെലവിൽ സംഘടിപ്പിച്ചതാണ്. സി.ഡി.എസുകൾക്ക് ഫോണിലൂടെ നിർദേശം നൽകുന്നതിലപ്പുറമുള്ള പങ്കാളിത്തം ഇത്തവണ ജില്ല മിഷെൻറ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നാണ് പറയുന്നത്. കാഞ്ഞങ്ങാട് നഗരത്തിൽ നഗരസഭയുടെ സഹായത്തോടെ വിഷുത്തലേന്ന് ഒരുദിവസത്തെ ചന്തയൊരുക്കാനുള്ള ശ്രമത്തിലാണ് നഗരപരിധിയിലെ കുടുംബശ്രീ പ്രവർത്തകർ. ജൈവപച്ചക്കറി ഉൽപാദനവും ലഭ്യതയും കുറഞ്ഞത് വിഷുച്ചന്തകളുടെ എണ്ണം കുറയാൻ കാരണമായെന്നാണ് കുടുംബശ്രീ ഉദ്യോഗസ്ഥർ പറയുന്നത്. ലക്ഷ്യബോധത്തോടെ പരിശ്രമിച്ചാൽ ജൈവപച്ചക്കറി ഉൽപാദനം വിജയകരമായി നടത്താനാവുമെന്നതിന് കിനാനൂർ കരിന്തളം പഞ്ചായത്ത് സി.ഡി.എസിെൻറ മാതൃകാപരമായ ഉദാഹരണം മുന്നിലുള്ളപ്പോഴാണ് കുടുംബശ്രീ ഉദ്യോഗസ്ഥർ ഇങ്ങനെ പറഞ്ഞൊഴിയുന്നത്. വിഷു പ്രമാണിച്ച് മൊബൈൽ പച്ചക്കറി ചന്തകൾ ആരംഭിച്ച കിനാനൂർ കരിന്തളം സി.ഡി.എസ് രണ്ടു ലക്ഷത്തോളം രൂപയുടെ വരുമാനമാണ് ഇതുവഴി നേടിയത്. വിഷുച്ചന്തകളുടെ നടത്തിപ്പിന് ഇത്തവണ ജില്ല തലത്തിൽ വേണ്ടതുപോലെ ആസൂത്രണമോ ഏകോപനമോ ഉണ്ടായില്ലെന്ന് കുടുംബശ്രീ സംരംഭകർക്കും പരാതിയുണ്ട്. പച്ചക്കറിയിനങ്ങൾ ധാരാളമുള്ളയിടത്തുനിന്ന് ഇല്ലാത്തയിടങ്ങളിലേക്ക് എത്തിച്ച് വിൽപന വർധിപ്പിക്കാനുള്ള സഹായം ലഭിച്ചില്ലെന്നാണ് ഇവരുടെ ആക്ഷേപം. സ്ഥാനമൊഴിഞ്ഞ ജില്ല മിഷൻ കോഒാഡിനേറ്റർക്ക് പകരം നിയമനം നടത്താത്തതിനാൽ ജില്ല തലത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള നേതൃത്വത്തിെൻറ അഭാവം അനുഭവപ്പെടുന്നുണ്ടെന്ന് സി.ഡി.എസ് ഭാരവാഹികൾ പറയുന്നു. യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് ഡെപ്യൂേട്ടഷൻ വ്യവസ്ഥയിൽ നിയമിച്ച ജില്ല കോഒാഡിനേറ്റർ കഴിഞ്ഞ മാർച്ച് 31നാണ് സ്ഥാനമൊഴിഞ്ഞത്. പകരംനിയമനം നടത്തിയിട്ടില്ല. കണ്ണൂർ ജില്ല മിഷൻ കോഒാഡിനേറ്റർക്ക് താൽക്കാലിക ചുമതല നൽകിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് ഇതേവരെ കാസർകോട് ജില്ല ഒാഫിസ് സന്ദർശിക്കാൻപോലും സമയം കിട്ടിയിട്ടില്ല. പുതുതായി നിയമിതരായ രണ്ട് അസി. കോഒാഡിനേറ്റർമാർ ഏപ്രിൽ ഒന്നിന് ചുമതലയേറ്റെടുത്തു. എന്നാൽ, ഇവരുടെ പരിചയക്കുറവ് പ്രവർത്തനങ്ങൾ സജീവമാക്കുന്നതിന് തടസ്സമാകുന്നുണ്ടെന്നാണ് അഭിപ്രായം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.