കാസര്‍കോട്: അരക്ക് താഴെ പൊള്ളലേറ്റ് രണ്ടു മാസമായി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒന്നാം ക്ളാസുകാരി ഉദാരമതികളുടെ സഹായം തേടുന്നു. അഡൂര്‍, പെരിയടുക്കയിലെ പരേതനായ ദിനേശന്‍െറയും ഗീതയുടെയും മകള്‍ ലത(ആറ്)യാണ് മലര്‍ന്ന് കിടക്കാന്‍ പോലുമാകാതെ ആശുപത്രി കിടക്കയില്‍ കഴിയുന്നത്. മാര്‍ച്ച് 20നാണ് ലതയുടെ കുഞ്ഞു ശരീരത്തിലേക്ക് തീനാളങ്ങള്‍ പടര്‍ന്നുകയറിയത്. വൈദ്യുതിയോ അടച്ചുറപ്പോ ഇല്ലാത്ത പ്ളാസ്റ്റിക് ഷീറ്റുമേഞ്ഞ ചെറിയ കൂരയിലാണ് ലതയും മാതാവ് ഗീതയും അമ്മമ്മ ദേവിയും ലതയുടെ സഹോദരങ്ങളായ എട്ടാം ക്ളാസുകാരന്‍ ഹരീഷും ആറാം ക്ളാസുകാരി രാധികയും കഴിഞ്ഞിരുന്നത്. 20ന് രാത്രി ആണിയില്‍ തൂക്കിയ ബാഗിലെ പെന്‍സില്‍ എടുക്കുന്നതിനിടയില്‍ കത്തിച്ചുവെച്ച മണ്ണെണ്ണ വിളക്ക് തട്ടിമറിയുകയും നിമിഷനേരം കൊണ്ട് ലതയുടെ പവാടയിലേക്ക് തീ പടരുകയുമായിരുന്നു. ധരിച്ചിരുന്ന പാവാട കുഞ്ഞ് വെപ്രാളത്തില്‍ ഊരിക്കളഞ്ഞെങ്കിലും അടിവസ്ത്രം ഉരുകി ശരീരത്തിലൊട്ടുകയായിരുന്നു. സംഭവം നടന്ന അന്നുതന്നെ കുഞ്ഞിനെ ജനറല്‍ ആശുപത്രിയിലെ ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുമാസമായി ചികിത്സ നടത്തിയിട്ടും ലതക്ക് സാധാരണ ജീവിതത്തിലേക്ക് എത്താനായിട്ടില്ല. ജനറല്‍ ആശുപത്രിയിലെ നഴ്സ്മാരുടെയും ഡോക്ടര്‍ സുനില്‍ചന്ദ്രന്‍െറയും സഹായത്തോടെ ഭക്ഷണവും മരുന്നും കുഞ്ഞിനും കുടുംബത്തിനും നല്‍കുന്നുണ്ടെങ്കിലും പൊള്ളിയ വ്രണം പൂര്‍ണമായി സുഖപ്പെടുത്താന്‍ മറ്റിടങ്ങളില്‍നിന്ന് തൊലി എടുത്തു വെക്കണമെന്നാണ് ഡോക്ടറുടെ അഭിപ്രായം. പരിയാരത്ത് മാത്രമേ അത് ചെയ്യാന്‍ ഇപ്പോള്‍ സൗകര്യമുള്ളൂ. എന്നാല്‍, പണമില്ലാതെ ജീവിതം വഴിമുട്ടി നില്‍ക്കുന്ന കുടുംബത്തിന് പരിയാരത്തേക്ക് കൊണ്ടുപോയി ചികിത്സിക്കാന്‍ ആവുന്നില്ല. ഭര്‍ത്താവ് ദിനേശിന്‍െറ മരണത്തിനുശേഷം ഗീത കൂലിപ്പണിയെടുത്താണ് കുടുംബം പോറ്റിയിരുന്നത്. മകള്‍ പൊള്ളലേറ്റ് ആശുപത്രിയിലായതോടെ കൂലിപ്പണിക്ക് പോകാന്‍ കഴിയാത്തതിനാല്‍ കടുത്ത ദുരിതത്തിലാണ് കുടുംബം. ഗീതയുടെ മറ്റൊരു മകന്‍ മുമ്പ് ഇതേപോലെ തീപ്പൊള്ളലേറ്റ് മരിച്ചിരുന്നു. പൊള്ളലേറ്റ മകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന് മാത്രമാണ് ഈ അമ്മയുടെ പ്രാര്‍ഥന. അതിന് ഉദാരമതികള്‍ കനിയണം. അഡൂര്‍ കേരള ഗ്രാമീണ്‍ ബാങ്കില്‍ ഗീതയുടെ പേരില്‍ ബാങ്ക് അക്കൗണ്ട് ഉണ്ട്. അക്കൗണ്ട് നമ്പര്‍: 40451100006055.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.