ഖാദി കേസ്: പുനരന്വേഷണം ഇഴയുന്നതില്‍ ദുരൂഹതയെന്ന് സംയുക്ത സമരസമിതി

കാസര്‍കോട്: മത പണ്ഡിതനും ചെമ്പിരിക്ക ഖാദിയുമായിരുന്ന സി.എം. അബ്ദുല്ല മൗലവിയുടെ മരണം സംബന്ധിച്ച സി.ബി.ഐയുടെ പുനരന്വേഷണം ഇഴഞ്ഞുനീങ്ങുന്നതില്‍ ദുരൂഹതയുണ്ടെന്ന് ഖാദി സംയുക്ത സമരസമിതി ഭാരവാഹികള്‍ ആരോപിച്ചു. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും സി.ബി.ഐയും അന്വേഷണം നടത്തിയ കേസില്‍ സി.ബി.ഐയുടെ റിപ്പോര്‍ട്ട് കോടതി തള്ളി. തുടര്‍ന്ന് ഉന്നത മെഡിക്കല്‍ സംഘത്തിന്‍െറയും വിദഗ്ധരുടെയും സഹായത്തോടെ കേസന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിടുകയും ചെയ്തു. ഉത്തരവ് വന്ന് നാല് മാസം പിന്നിട്ടിട്ടും സി.ബി.ഐ അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. പുനരന്വേഷണം നടത്തുന്ന സംഘം രണ്ടുതവണ ചെമ്പിരിക്കയില്‍ വന്ന് സംഭവ സ്ഥലം സന്ദര്‍ശിക്കുകയും ഖാദിയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ ചിലരില്‍ നിന്ന് മൊഴികള്‍ ശേഖരിക്കുകയും ചെയ്തതല്ലാതെ തുടര്‍ നടപടിയുണ്ടായിട്ടില്ല. കേസന്വേഷണം ഇപ്പോള്‍ നടക്കുന്നുണ്ടോ എന്ന സംശയത്തിലാണ് ജനങ്ങള്‍. അന്വേഷണം ഊര്‍ജിതമാക്കാന്‍ സി.ബി.ഐയുടെ ഭാഗത്തുനിന്നും എത്രയും പെട്ടെന്ന് നീക്കം ഉണ്ടാകണമെന്ന് സമിതി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതായി ഭാരവാഹികളായ കുട്ടിയാനം മുഹമ്മദ് കുഞ്ഞി, കെ.എ. ഹമീദ്, ഇബ്രാഹിം ചെര്‍ക്കള എന്നിവര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.