കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 120 കോടിയുടെ പദ്ധതികള്‍

കാഞ്ഞങ്ങാട്: സ്പെഷല്‍ പാക്കേജില്‍ ഉള്‍പ്പെടുത്തിയതടക്കം കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ 120 കോടി രൂപയുടെ പദ്ധതികള്‍ക്ക് ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ടെന്ന് റവന്യൂ മന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഹോസ്ദുര്‍ഗ്-പാണത്തൂര്‍ അന്തര്‍സംസ്ഥാന പാതക്ക് 35 കോടി, നീലേശ്വരം-എടത്തോട് റോഡ്-25 കോടി, വെള്ളരിക്കുണ്ട് റവന്യൂ ടവര്‍ -20 കോടി, കിളിയളം വരഞ്ഞൂര്‍ റോഡ് -20 കോടി എന്നിവയാണ് പ്രധാന പദ്ധതികള്‍. ഹോസ്ദുര്‍ഗ്-പാണത്തൂര്‍ റോഡ് പ്രവൃത്തിക്ക് കഴിഞ്ഞ വര്‍ഷം 15 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. ഇതിന് പുറമെയാണ് 35 കോടി കൂടി നീക്കിവെച്ചത്. പ്രത്യേകാനുമതിയും സാങ്കേതികാനുമതിയും വേഗത്തില്‍ ലഭിക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരുകയാണ്. 15 കോടി രൂപയുടെ മെക്കാഡം ടാറിങ് സെപ്റ്റംബറില്‍ ആരംഭിക്കും. നീലേശ്വരം-എടത്തോട് റോഡിന് കഴിഞ്ഞ വര്‍ഷം ലഭിച്ച അഞ്ചു കോടി രൂപയുടെ പ്രവൃത്തി ആരംഭിച്ചു കഴിഞ്ഞു. പിന്നീട് മൂന്ന് കോടി അനുവദിച്ചതിന്‍െറ നടപടികള്‍ പൂര്‍ത്തിയായി. ഇതിന് പുറമെയാണ് 25 കോടി രൂപ കൂടി അനുവദിച്ചത്. റോഡ് ടാറിങ് ഉടന്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. പെരിയ-ഒടയംചാല്‍ റോഡില്‍ ഒടയംചാലിലെ കയറ്റം കുറക്കുന്നത് ഉള്‍പ്പെടെയുള്ള പദ്ധതി, ചെമ്മട്ടംവയല്‍-കാലിച്ചാനടുക്കം റോഡ്, ചോയ്യംകോട്-മുക്കട റോഡ് എന്നിവക്ക് പണം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കുമായി ചര്‍ച്ച നടത്തി. പത്ത് നഗരങ്ങളില്‍ കുടിവെള്ള പദ്ധതികള്‍ നടപ്പാക്കുന്നതിന് 735 കോടി രൂപ നീക്കിവെച്ചതില്‍ കാസര്‍കോട് നഗരം ഉള്‍പ്പെട്ടതോടെ മേഖലയിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാന്‍ സഹായകമാകും. പദ്ധതി നടപ്പാക്കുന്നതിനുള്ള ഉന്നതതല യോഗം അടുത്ത മാസം കാസര്‍കോട് ചേരും. പ്രാഥമിക യോഗ തീരുമാന പ്രകാരം റവന്യൂ, ജലവിഭവ വകുപ്പ് മന്ത്രിമാര്‍ ഉന്നതതല യോഗത്തില്‍ പങ്കെടുക്കും. പുതിയ വ്യവസായങ്ങള്‍ ആരംഭിക്കാന്‍ ജില്ലയില്‍ 500 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി വിട്ടുനല്‍കാന്‍ തയാറാണെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ വ്യവസായ മന്ത്രി ഇ.പി. ജയരാജനുമായുള്ള ചര്‍ച്ചയില്‍ അറിയിച്ചിട്ടുണ്ട്. കിനാനൂര്‍ കരിന്തളം, മടിക്കൈ, കയ്യൂര്‍ ചീമേനി എന്നിവക്ക് പുറമെ ആവശ്യമെങ്കില്‍ വടക്കന്‍ പഞ്ചായത്തുകളിലെ റവന്യൂ ഭൂമി കൂടി കൈമാറുന്നതിന് നടപടികള്‍ സ്വീകരിച്ചതായി റവന്യൂ മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.