തെരുവുനായ്ക്കള്‍ക്ക് വി.ഐ.പി പരിഗണനയില്‍ ശസ്ത്രക്രിയ

കാസര്‍കോട്: എറിഞ്ഞു കൊല്ലലും തല്ലിക്കൊല്ലലും ഇല്ല. തെരുവുനായ്ക്കളുടെ വംശവര്‍ധന തടയാന്‍ മാന്യവും വേദനരഹിതവുമായ നടപടി. വലയെറിഞ്ഞ് പിടികൂടാന്‍ ബംഗളൂരുവില്‍നിന്ന് വിദഗ്ധ സംഘം. പിടികൂടിയ ശേഷം ഓപറേഷന്‍ തിയറ്ററിലേക്ക്. അവിടെ അനസ്തേഷ്യ നല്‍കി മയക്കം. ഉറുമ്പുകടിയുടെയത്ര പോലും വേദനയറിയാതെ ചെറു ശസ്ത്രക്രിയ. പിന്നെ ‘പോസ്റ്റ് ഓപറേഷന്‍ വാര്‍ഡിലേക്ക് ‘ഡ്രസ്’ ചെയ്ത് യാത്ര. കേട്ടാല്‍ തോന്നും വിരിച്ചിടത്ത് കിടക്കാത്ത മനുഷ്യന്‍െറ കാര്യമാണെന്ന്. ഇത് കാസര്‍കോട്ട് ആരംഭിച്ച നായ വന്ധീകരണ പദ്ധതിയിലെ കാഴ്ചയാണ്. തെരുവില്‍ അലയുന്ന പട്ടികളെ തല്ലിക്കൊന്ന് റോഡരികില്‍ കുന്നുകൂട്ടിയ ദയനീയ കാഴ്ചക്ക് ഇനി വിട. മൃഗസ്നേഹികളുടെ നിരന്തര ആവശ്യത്തിന്‍െറ അടിസ്ഥാനത്തിലാണ് മാതൃകാ പദ്ധതിക്ക് കാസര്‍കോട്ട് തുടക്കമിട്ടത്. രണ്ടു ദിവസങ്ങളിലായി നഗരസഭാ പരിധിയിലെ 30 നായ്ക്കളെയാണ് വന്ധീകരിച്ചത്. പുലര്‍ച്ചെ നാലോടെ പട്ടിപിടിത്തം തുടങ്ങും. പിടികൂടിയ പട്ടികളെ മൃഗാശുപത്രിയില്‍ എത്തിച്ച് അനസ്തേഷ്യ നല്‍കി മയക്കിയ ശേഷമാണ് ശസ്ത്രക്രിയ. തുടര്‍ന്ന് വാര്‍ഡിലേക്ക് മാറ്റും. രണ്ടു മണിക്കൂര്‍ കഴിഞ്ഞ് ബോധം വീണ ശേഷം പട്ടികള്‍ക്ക് ഭക്ഷണം നല്‍കും. രണ്ടു ദിവസം വാര്‍ഡില്‍ താമസിപ്പിച്ച ശേഷമേ തുറന്നുവിടൂ. ബംഗളൂരുവില്‍നിന്നത്തെിയ എന്‍.ജി.ഒ സംഘമാണ് വന്ധീകരണം നടത്തുന്നത്. ഇവരുടെ കീഴില്‍ പ്രത്യേകം പരിശീലനം നേടിയവരാണ് അനായാസം പട്ടികളെ പിടികൂടുന്നത്. ബുധനാഴ്ച 14 പട്ടികളെയും വ്യാഴാഴ്ച 16 പട്ടികളെയും പിടികൂടി. ആദ്യഘട്ടം റെയില്‍വേ സ്റ്റേഷന്‍, മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ നിന്നാണ് പട്ടികളെ പിടികൂടുന്നത്. വാര്‍ഡ് കൗണ്‍സിലര്‍മാരുടെ നിര്‍ദേശമനുസരിച്ചാണ് പട്ടിപിടിത്തം. നഗരസഭയില്‍ പദ്ധതി പൂര്‍ത്തിയായാല്‍ ചെങ്കള പഞ്ചായത്തില്‍ നടത്തും. ഒരു വര്‍ഷത്തെ പദ്ധതിയാണ് നായ വന്ധീകരണം. ഡോ. ശബരീഷിന്‍െറ നേതൃത്വത്തിലാണ് ശസ്ത്രക്രിയ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.