കാഞ്ഞങ്ങാട്: നിയമങ്ങള്‍ കാറ്റില്‍പറത്തി കുന്നിടിക്കല്‍ വ്യാപകമായതോടെ ചിത്താരിപ്പുഴയുടെ പ്രധാന കൈവഴിയായ കൊടവലം തോടിന്‍െറ മരണമണി മുഴങ്ങുകയായി. പൂണൂര്‍ ചെങ്കല്‍കുന്നില്‍ നിന്ന് ആരംഭിച്ച് ഇരിയ, കണ്ണോത്ത്, കുമ്പള, മീങ്ങോത്ത്, കൊടവലം, വിഷ്ണുമംഗലം വഴി ഒഴുകി ചിത്താരിപ്പുഴയായി രൂപം കൊള്ളുന്ന തോടിന്‍െറ പ്രഭവസ്ഥാനത്ത് ജലസാന്നിധ്യം പൂര്‍ണമായും ഇല്ലാതായി. ഏപ്രില്‍ അവസാനം വരെ വെള്ളം ഒഴുകിയിരുന്ന തോട് ഈ വര്‍ഷം ഡിസംബറില്‍ തന്നെ വറ്റി. കൊടവലം തോടിന്‍െറ ജലസ്രോതസ്സുകളായ ഇരിയ, കണ്ണോത്ത്, മീങ്ങോത്ത്, കൊടവലം, പള്ളങ്കോട്ട്, കൊമ്മട്ട, പട്ടര്‍കണ്ടം, ചെക്യാര്‍പ്പ്, പന്നിക്കുന്ന്, നാര്‍ക്കളം, കരക്കക്കുണ്ട്, എടമുണ്ട, മധുരംപാടി, വണ്ണാര്‍വയല്‍ മേഖല പൂര്‍ണമായും മണ്ണ്, ചെങ്കല്‍ ഖനനമാഫിയകളുടെ നിയന്ത്രണത്തിലാണ്. ഈ പ്രദേശങ്ങളിലെ കുന്നുകളൊക്കെയും അഞ്ച് മുതല്‍ 15 മീറ്റര്‍ വരെ താഴ്ചയില്‍ കുഴിച്ചും ഇടിച്ചുനിരത്തിയും മണ്ണും ചെങ്കല്ലും കടത്തിക്കൊണ്ടുപോയി. കൊടവലം തോടിന്‍െറ മറ്റൊരു പ്രധാന സ്രോതസ്സും ജൈവവൈവിധ്യ കേന്ദ്രവുമായിരുന്ന മയിലാട്ടിക്കുന്ന് തുരന്ന് ഇല്ലാതാക്കി. തോട്ടിലേക്കുള്ള നീര്‍ച്ചാലുകളുടെ ഉദ്ഭവ കേന്ദ്രങ്ങളായ കേളോത്തെയും പൊള്ളക്കടവിലെയും കുന്നുകള്‍ ഖനനം ചെയ്ത് കടത്തി. അജാനൂര്‍, കൊളവയല്‍ മേഖലയിലെ വയലുകള്‍ നികത്താനാണ് ഈ കുന്നുകളിടിച്ച മണ്ണ് ഉപയോഗിച്ചത്. പട്ടര്‍കണ്ടം റോഡ് നിര്‍മാണത്തിന് കൊടവലം തോടിന്‍െറ അരികിലെ കുന്നുകള്‍ 10 മീറ്ററിലധികം താഴ്ചയില്‍ തുരന്ന് ഇല്ലാതാക്കി. റോഡ് വന്നതോടെ ഈ മേഖലയിലെ മറ്റുകുന്നുകള്‍ ഇടിച്ചുനിരത്തി കടത്താനും എളുപ്പമായി. പുല്ലൂര്‍ വില്ളേജില്‍ കിണറുകള്‍ 90 ശതമാനവും വറ്റിവരണ്ടിരിക്കുകയാണ്. ഈ അവസരം മുതലെടുക്കാന്‍ പ്രദേശത്ത് കുഴല്‍ക്കിണര്‍ മാഫിയയും തമ്പടിച്ചിട്ടുണ്ട്. പലയിടത്തും 500 അടിയോളം ആഴത്തില്‍ കുഴിച്ചാണ് ഭൂഗര്‍ഭജലം ഊറ്റിയെടുക്കുന്നത്. വരള്‍ച്ചക്കൊപ്പം ജലക്ഷാമം രൂക്ഷമാക്കാന്‍ ഇതും കാരണമായിട്ടുണ്ട്. ഖനനമാഫിയകള്‍ക്കെതിരെ നടപടിയെടുക്കാന്‍ റവന്യൂ വകുപ്പധികൃതരോ പഞ്ചായത്തോ തയാറാകുന്നില്ളെന്ന് പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.