പാതയോരത്ത് വില്‍പനക്ക് വെച്ച മീന്‍കുട്ടകള്‍ പൊലീസ് കൊണ്ടുപോയി

കുമ്പള: മീന്‍ മാര്‍ക്കറ്റിന് പുറത്ത് പാതയോരത്ത് കുട്ടയില്‍ നിറച്ച് വില്‍പനക്ക് വെച്ച മീനുകള്‍ പൊലീസ് എടുത്തുകൊണ്ടുപോയി. കുമ്പള ടൗണില്‍ മീന്‍ മാര്‍ക്കറ്റിനടുത്ത് ശനിയാഴ്ച മൂന്നരയോടെയാണ് സംഭവം. എല്ലാ ദിവസവും രാവിലെ കുമ്പളയില്‍ മാര്‍ക്കറ്റിനകത്ത് തുടങ്ങുന്ന മീന്‍ കച്ചവടം ഉച്ചയോടെ പാതയോരത്ത് എത്തുകയാണ് പതിവ്. സമീപത്തുള്ള മറ്റു പല കച്ചവടക്കാര്‍ക്കും പുറത്തുള്ള മീന്‍ വില്‍പന ശല്യമായിത്തുടങ്ങിയതോടെ റോഡരികിലുള്ള മീന്‍ വില്‍പനക്കെതിരെ അവര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കച്ചവടക്കാര്‍ക്കും വാഹനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന വഴിയോരത്തെ മീന്‍ കച്ചവടം നിര്‍ത്തണമെന്നാവശ്യപ്പെട്ട് ചില രാഷ്ട്രീയ സംഘടനകളും പൊലീസിനെ സമീപിച്ചിരുന്നു.എന്നാല്‍, പൊലീസ് നിര്‍ദേശം മാനിക്കാതെ പാതയോരത്ത് മീന്‍ കച്ചവടം തുടരുകയായിരുന്നു. ശനിയാഴ്ച ഉച്ചയോടെ രണ്ടുതവണ പൊലീസ് എത്തി മീന്‍ കുട്ടകള്‍ മാര്‍ക്കറ്റിനകത്ത് വെച്ച് കച്ചവടം ചെയ്യണമെന്ന് നിര്‍ദേശിച്ചുവത്രേ. എന്നിട്ടും അനുസരിക്കാത്തതിനാലാണ് മീന്‍കുട്ടകള്‍ കൊണ്ടുപോയതെന്ന് അഡീഷനല്‍ എസ്.ഐ സോമയ്യ പറഞ്ഞു. മീനുകള്‍ ഉടമസ്ഥര്‍ക്ക് തിരിച്ചുനല്‍കി വില്‍പനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.