ദേശീയപാതയില്‍ യാത്ര മൂക്കും കെട്ടി

കുമ്പള: മഴയൊഴിഞ്ഞതോടെ കുമ്പള-ഉപ്പള ദേശീയപാതയില്‍ മൂക്കും കെട്ടി സഞ്ചരിക്കേണ്ട അവസ്ഥ. വാഹനങ്ങള്‍ പോകുമ്പോള്‍ റോഡില്‍നിന്ന് പൊടി ഉയരുന്നതാണ് മൂക്ക് കെട്ടേണ്ട അവസ്ഥ ഉണ്ടാക്കിയിരിക്കുന്നത്. കുമ്പള പെര്‍വാഡ് മുതല്‍ ഉപ്പള വരെയുള്ള 12 കിലോമീറ്റര്‍ ദേശീയപാത പൊട്ടിപ്പൊളിഞ്ഞ് മഴക്കാലത്ത് വലിയ കുഴികള്‍ രൂപപ്പെട്ടിരുന്നു. കുഴികളില്‍ ചാടിയുള്ള വാഹന സഞ്ചാരം അസഹ്യമായതോടെ നാട്ടുകാര്‍ സംഘടിച്ച് അധികൃതര്‍ക്കെതിരെ സമരങ്ങളും സംഘടിപ്പിച്ചിരുന്നു. അതിനിടെയാണ് റോഡിലെ വലിയ കുഴികള്‍ കരിങ്കല്‍ പൊടികളിട്ട് അടച്ചത്. ശക്തമായ മഴയില്‍ പൊടി കലങ്ങിപ്പോവുകയും ചളിവെള്ളമായി ബൈക്ക് യാത്രക്കാര്‍ക്കും കാര്‍ യാത്രക്കാര്‍ക്കും ദേഹത്ത് തെറിച്ച് ശല്യമാവുകയും ചെയ്തു. മഴ മാറിയപ്പോള്‍ പൊടിശല്യം രൂക്ഷമായതോടെ ബസ് ഡ്രൈവര്‍മാരുള്‍പ്പെടെയുള്ളവര്‍ മാസ്ക് ധരിച്ചാണ് വാഹനം ഓടിക്കുന്നത്. കാറുകള്‍ ചില്ലുകളടച്ച് പൊടിയില്‍നിന്ന് രക്ഷപ്പെടുമ്പോള്‍ ബസ്, ഓട്ടോ യാത്രക്കാര്‍ക്കും ഇരുചക്ര വാഹന യാത്രക്കാര്‍ക്കും മാസ്ക് ധരിക്കുകയോ പൊടി തിന്നുകയോ മാത്രമാണ് ഗതി. അതിനിടെ, ഈ റോഡിലെ വലിയ കുഴികള്‍ നിലവില്‍ ഇട്ടിരിക്കുന്ന കല്ലുകളും മറ്റും നീക്കി കരിങ്കല്ലിട്ട് മൂടുന്ന പണി ഒരാഴ്ചക്കകം ആരംഭിക്കുമെന്നും അറിയുന്നു. പെര്‍വാഡ് മുതല്‍ ഉപ്പള വരെ 12 കിലോമീറ്റര്‍ ദേശീയപാത റീടാറിങ്ങിന് അഞ്ചരക്കോടിയോളം രൂപ അനുവദിച്ചിട്ടുള്ളതായും വിവരമുണ്ട്. തുലാവര്‍ഷം കഴിഞ്ഞ് മാത്രമേ റീടാറിങ് പണി ആരംഭിക്കൂ എന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.