വെസ്റ്റ് എളേരിയില്‍ 200 മഴവെള്ള സംഭരണികള്‍ ഒരുങ്ങുന്നു

കാസര്‍കോട്: വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണാന്‍ 200 മഴവെള്ള സംഭരണികള്‍ ഒരുങ്ങുന്നു. ജലവിഭവ വകുപ്പിന്‍െറ കീഴിലുള്ള മഴ കേന്ദ്രത്തിന്‍െറ നേതൃത്വത്തിലാണ് സംഭരണികള്‍ ഒരുങ്ങുന്നത്. സെപ്റ്റംബര്‍ 30ഓടെ മുഴുവന്‍ മഴവെള്ള സംഭരണികളുടെയും നിര്‍മാണം പൂര്‍ത്തീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി ഓരോ വീട്ടിലും 10,000 ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കാണ് സ്ഥാപിക്കുന്നത്. വീടിന്‍െറ മേല്‍ക്കൂരയില്‍നിന്ന് ഊര്‍ന്നുപോകുന്ന വെള്ളം ശുദ്ധീകരിച്ച് ടാങ്കിലേക്ക് എത്തിക്കും. ടാങ്കില്‍നിന്ന് നേരിട്ട് വീട്ടിലെ ടാപ്പുമായി ബന്ധിപ്പിക്കുന്ന രീതിയിലാണ് സംഭരണിയുടെ പ്രവര്‍ത്തനം. ഒരു വീട്ടില്‍ സംഭരണി സ്ഥാപിക്കുന്നതിന് 39,500 രൂപയാണ് ചെലവ്. ഇതില്‍ 90 ശതമാനം വകുപ്പ് വഹിക്കും. അവശേഷിക്കുന്ന 10 ശതമാനം തുക ഗുണഭോക്താവ് വഹിക്കണം. ഗുണഭോക്താവ് ദാരിദ്ര്യരേഖക്ക് താഴെയുള്ളവരാണെങ്കില്‍ അഞ്ച് ശതമാനം തുക മാത്രം വഹിച്ചാല്‍ മതി. ഗ്രാമസഭകള്‍ വഴിയാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്. ഇത്തവണ ജില്ലയില്‍ മംഗല്‍പാടി ഗ്രാമപഞ്ചായത്തിലും ഇവിടെയുമാണ് പദ്ധതി നടപ്പാക്കുന്നത്. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന ഗ്രാമപഞ്ചായത്തുകള്‍ക്ക് മുന്‍ഗണന നല്‍കിയാണ് പദ്ധതി നടപ്പാക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.