തകര്‍ന്ന ദേശീയപാതയില്‍ യാത്രാദുരിതം

കാസര്‍കോട്: ജില്ലയിലെ ദേശീയപാത തകര്‍ന്ന് തരിപ്പണമായിട്ടും അധികൃതര്‍ക്ക് നിസ്സംഗത. ദേശീയപാതയില്‍ പലയിടത്തും രൂപപ്പെട്ട വന്‍ കുഴികള്‍ കാരണം ഗതാഗത കുരുക്കും വാഹനാപകടങ്ങളും പതിവാണ്. ജില്ലാ അതിര്‍ത്തിയായ കരിവെള്ളൂര്‍ മുതല്‍ കാസര്‍കോട് നഗരത്തിന് സമീപം ചെര്‍ക്കള വരെയും ദേശീയപാത പൂര്‍ണമായി തകര്‍ന്ന് വന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. അയല്‍ സംസ്ഥാനമായ കര്‍ണാടകയിലേക്കും ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്കും തിരിച്ചും പാചക വാതകമുള്‍പ്പെടെയുള്ള അപകട സാധ്യതയേറിയ ഇന്ധനങ്ങള്‍ കൊണ്ടുപോകുന്ന വഴിയാണിത്. ഇത്തരം വാഹനങ്ങള്‍ അപകടത്തില്‍ പെട്ടാല്‍ ഒരു പ്രദേശം മുഴുവന്‍ കത്തിച്ചാമ്പലാകുമെന്നിരിക്കെ ശരിയായ റോഡ് പോലുമില്ലാത്തത് ആശങ്കയുണര്‍ത്തുന്നു. കണ്ണൂര്‍ ചാലയില്‍ ഉണ്ടായ ടാങ്കര്‍ ദുരന്തത്തെ തുടര്‍ന്ന് ഇത്തരത്തിലുള്ള മുന്നറിയിപ്പ് നല്‍കിയെങ്കിലും ദേശീയപാത അധികൃതരും ജില്ലയിലെ എം.പിയും എന്‍.എച്ച് ഗതാഗതയോഗ്യമാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുന്നില്ല എന്നാണ് ജനങ്ങളുടെ പരാതി. ദേശീയപാത വീതികൂട്ടാന്‍ നിരവധി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാന്‍ സര്‍ക്കാര്‍ മുതിരുമ്പോഴാണ് ദേശീയപാതയിലൂടെയുള്ള സഞ്ചാരത്തിനുള്ള സൗകര്യം പോലുമൊരുക്കാത്തത്. ജില്ലയില്‍ മാത്രമാണ് ദേശീയപാതക്ക് ഈ ദുര്‍ഗതി. കണ്ണൂര്‍ മുതല്‍ തെക്കോട്ട് എന്‍.എച്ച് കാര്യമായി തകര്‍ന്നിട്ടില്ല. പടന്നക്കാട് റെയില്‍വേ മേല്‍പാലത്തില്‍ ടോള്‍ പിരിവ് നടക്കുന്നുണ്ടെങ്കിലും സമീപ സ്ഥലത്തെ ദേശീയപാത അക്ഷരാര്‍ഥത്തില്‍ തോടായിട്ടുണ്ട്. വാഹന ഉടമകളില്‍നിന്നും വന്‍തുക പിരിവെടുക്കുമ്പോഴും ആശുപത്രിയിലേക്കോ മറ്റോ അടിയന്തരമായി യാത്ര ചെയ്യാന്‍ പറ്റാത്ത വിധം തകര്‍ന്ന റോഡിലൂടെയുള്ള സഞ്ചാരത്തിനാണോ പണം നല്‍കുന്നതെന്നാണ് നാട്ടുകാരുടെ ചോദ്യം. ശരാശരി മൂന്ന് ലക്ഷം രൂപയോളം ടോളിനത്തില്‍ ലഭിക്കുന്ന ബൂത്താണ് പടന്നക്കാടുള്ളത്. പൊട്ടിപ്പൊളിഞ്ഞ റോഡില്‍ ടോള്‍ പിരിക്കരുതെന്ന സുപ്രീംകോടതി നിര്‍ദശമുണ്ടായിട്ടും വാഹന ഉടമകളെ ഭീഷണിപ്പെടുത്തിയാണ് പടന്നക്കാട്ടെ ടോള്‍ പിരിവ്. പാലവും റോഡും പൊട്ടിപ്പൊളിഞ്ഞിട്ടും വന്‍ തുക പിരിവെടുക്കുന്ന നടപടിക്കെതിരെ ജനപ്രതിനിധികളോ രാഷ്ട്രീയ സംഘടനകളോ രംഗത്ത് വരാത്തതിലും നാട്ടുകാര്‍ക്ക് അമര്‍ഷമുണ്ട്. ദേശീയപാതയില്‍ മാവുങ്കാല്‍, ചാലിങ്കാല്‍, മൂലക്കണ്ടം, പെരിയ, കുണിയ തുടങ്ങി സ്ഥലങ്ങളിലും വന്‍കുഴികളുണ്ട്. നൂറ് മീറ്റര്‍ അകലത്തില്‍ വന്‍ ഗര്‍ത്തങ്ങളുള്ള ദേശീയപാതയില്‍ ചെര്‍ക്കള മുതല്‍ കാസര്‍കോട് വരെ മാത്രമാണ് സാമാന്യം ഭേദപ്പെട്ട റോഡുള്ളത്. കാസര്‍കോട് കഴിഞ്ഞാല്‍ മംഗളൂരു ഭാഗത്തേക്ക് വീണ്ടും ഇതേ സ്ഥിതി തന്നെയാണ്. കുമ്പള ടൗണ്‍, ആരിക്കാടി എന്നിവിടങ്ങളിലൂടെ ടാങ്കര്‍ ലോറികളും മറ്റും പോകുമ്പോള്‍ നാട്ടുകാര്‍ക്ക് നെഞ്ചിടിപ്പാണ്. മഴയില്ലാത്ത ദിവസങ്ങളിലാണെങ്കില്‍ മൊത്തം പൊടിപടലങ്ങളില്‍ മുങ്ങിയാണ് വാഹനങ്ങള്‍ നീങ്ങേണ്ടത്. പൊടിപടലങ്ങള്‍ നാട്ടുകാര്‍ക്കുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ വേറെ. ഉപ്പള പാലം മുതല്‍ ഷിറിയ അമ്പലം വരെയാണ് ദേശീയപാത കൂടുതല്‍ തകര്‍ന്നത്. പൊട്ടിപ്പൊളിയാത്ത ദേശീയപാത കാണണമെങ്കില്‍ തലപ്പാടി കടന്ന് കര്‍ണാടകയിലേക്ക് പ്രവേശിക്കണം. ഉപ്പള ഭാഗത്ത് പൊട്ടിപ്പൊളിഞ്ഞ ഭാഗം അറ്റകുറ്റപ്പണി നടത്താന്‍ എട്ടുകോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും മഴ മാറിയാല്‍ മാത്രമെ പണി തുടങ്ങാന്‍ സാധിക്കുകയുള്ളൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.