ഉത്തരമലബാര്‍ ജലോത്സവം രണ്ടിന്

ചെറുവത്തൂര്‍: ഉത്തരമലബാര്‍ ജലോത്സവം ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി നാളില്‍ നടക്കും. ജലോത്സവത്തില്‍ ഇത്തവണ വനിതാ തുഴച്ചില്‍ പ്രദര്‍ശനവും നടക്കും. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, നീലേശ്വരം നഗരസഭ, ചെറുവത്തൂര്‍ പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തില്‍ കാര്യങ്കോട് തേജസ്വിനി പുഴയിലാണ് ജലോത്സവം സംഘടിപ്പിക്കുക. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍നിന്നുള്ള 20ഓളം ടീമുകള്‍ പങ്കെടുക്കും. 25 ആള്‍ തുഴയും 15 ആള്‍ തുഴയും മത്സരങ്ങളാണ് അരങ്ങേറുക. വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഘടിപ്പിച്ചിരുന്ന വനിതകളുടെ തുഴച്ചില്‍ പ്രദര്‍ശനം ഇത്തവണ ജലോത്സവത്തിന് മാറ്റ് കൂട്ടും. അടുത്തവര്‍ഷം വനിതകള്‍ക്കും തുഴച്ചില്‍ മത്സരം സംഘടിപ്പിക്കും. ഇതിന്‍െറ മുന്നോടിയായാണ് തുഴച്ചില്‍ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ഇത്തവണ നിശ്ചലദൃശ്യം മത്സരം ഒഴിവാക്കും. പകരം സംഘാടക സമിതിയുടെ നിശ്ചല ദൃശ്യം പ്രദര്‍ശിപ്പിക്കും. വള്ളംകളി മത്സര വിജയികള്‍ക്കുള്ള സമ്മാനതുകയും വര്‍ധിപ്പിക്കും. 25 പേര്‍ തുഴയും മത്സര വിജയികള്‍ക്ക് 35,000, 30,000 എന്നിവയും സമാശ്വാസമായി 10,000 രൂപയും നല്‍കും. 15 പേര്‍ തുഴയും മത്സരത്തില്‍ ആദ്യ രണ്ട് സ്ഥാനക്കാര്‍ക്ക് 25,000, 20,000 രൂപയും സമാശ്വാസമായി 8000 രൂപയും നല്‍കും. വള്ളംകളി മത്സരത്തിന്‍െറ ഭാഗമായി ഒക്ടോബര്‍ ഒന്നിന് കാര്യങ്കോടുനിന്നും ചെറുവത്തൂര്‍ ടൗണിലേക്ക് വിളംബര ഘോഷയാത്രയും സംഘടിപ്പിക്കും. മുന്‍വര്‍ഷങ്ങളില്‍ തിരുവോണ നാളില്‍ സംഘടിപ്പിച്ചിരുന്ന ജലോത്സവം മൂന്ന് വര്‍ഷമായി ഒക്ടോബര്‍ രണ്ടിനാണ് നടത്തുന്നത്. എ.കെ.ജി പോടോതുരുത്തി, എ.കെ.ജി ഓര്‍ക്കുളം, എ.കെ.ജി മയ്യിച്ച, കാവുഞ്ചിറ കൃഷ്ണപിള്ള, എ.കെ.ജി മുഴക്കീല്‍, ന്യൂ ബ്രദേഴ്സ് മയ്യിച്ച എന്നീ ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.