യു.ഡി.എഫിന് സീറ്റ് കുറയും; പ്രധാന മത്സരം എല്‍.ഡി.എഫും ബി.ജെ.പിയും തമ്മില്‍

മഞ്ചേശ്വരം: നിയമസഭക്ക് അക്കൗണ്ട് തുറക്കാന്‍ സാധ്യതാ ലിസ്റ്റില്‍ പ്രഥമ സ്ഥാനം കണക്കാക്കുന്ന മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ ബി.ജെ.പിക്ക് ഭരണമുള്ള ഏക പഞ്ചായത്താണ് പൈവളിഗെ. ഇത്തവണ ഭരണം നിലനിര്‍ത്താന്‍ ബി.ജെ.പിയും തിരിച്ചുപിടിക്കാന്‍ എല്‍.ഡി.എഫും യു.ഡി.എഫും കച്ചകെട്ടിയിറങ്ങിയതോടെ ഇവിടെ മത്സരം കഠിനമാണ് മൂന്ന് കൂട്ടര്‍ക്കും.മഞ്ചേശ്വരത്ത് രാഷ്ട്രീയ വാദപ്രതിവാദങ്ങള്‍ ഏറെ നടക്കുന്ന പഞ്ചായത്താണ് പൈവളിഗെ. ബി.ജെ.പി വര്‍ഷങ്ങളായി ഭരണം കൈയാളിയിരുന്ന ഇവിടെ 2000ത്തില്‍ എല്‍.ഡി.എഫ് ഭരണം പിടിച്ചടക്കിയെങ്കിലും സി.പി.എം-സി.പി.ഐ അഭിപ്രായ വ്യത്യാസം മുതലെടുത്ത് ഭരണം അട്ടിമറിച്ച് ബി.ജെ.പി വീണ്ടും ഭരണത്തിലേക്ക് കയറി. എല്‍.ഡി.എഫും ബി.ജെ.പിയുമാണ് ഇവിടെ എന്നും പ്രധാന മത്സരമെങ്കിലും 2010ല്‍ ഏഴ് സീറ്റു നേടി യു.ഡി.എഫ് കരുത്തുകാട്ടിയിരുന്നു. എന്നാല്‍, ഇത്തവണ യു.ഡി.എഫിന് സീറ്റ് കുറയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കുകൂട്ടുന്നത്. രണ്ടാം വാര്‍ഡായ സിറന്തടുക്ക, മൂന്ന് ചിപ്പാര്‍, നാല് ആവള, 11 മന്നിപ്പാടി, 13 കുടാല്‍, 19 കടങ്ങോടി എന്നീ വാര്‍ഡുകളില്‍ എല്‍.ഡി.എഫ് വിജയമുറപ്പിച്ച നിലയിലാണ്. ആറാം വാര്‍ഡായ പെര്‍വാഡി, 15 പറമ്പള, 14 ചേവാര്‍, 10 സജങ്കില എന്നിവയില്‍ ബി.ജെ.പിയും, 16ാം വാര്‍ഡായ കയ്യാര്‍, 17 പൈവളിഗെ ടൗണ്‍, ഏഴ് ബെരിപദവു എന്നിവയില്‍ യു.ഡി.എഫും വിജയിക്കാനാണ് സാധ്യത. ഒന്നാം വാര്‍ഡായ കുരുഡപദവു, അഞ്ച് മുളിഗദ്ദെ, എട്ട് സുദമ്പളം എന്നിവിടങ്ങളില്‍ എല്‍.ഡി.എഫും ബി.ജെ.പിയും തമ്മില്‍ വാശിയേറിയ മത്സരമാണ് നടക്കുന്നത്. ഒമ്പത് ചേവാറില്‍ യു.ഡി.എഫും ബി.ജെ.പിയും 18 കളായിയില്‍ എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലുമാണ് പ്രധാന മത്സരം. 12 പെര്‍മുദെയില്‍ മാത്രമാണ് ത്രികോണ മത്സരം നടക്കുന്നത്. നിലവില്‍ ബി.ജെ.പി, യു.ഡി.എഫ് എന്നിവര്‍ക്ക് ഏഴു വീതവും എല്‍.ഡി.എഫിന് അഞ്ചും സീറ്റാണ് ഉള്ളത്. ബി .ജെ.പി ഇത്തവണയും ഭരണം നിലനിര്‍ത്താനാണ് കൂടുതല്‍ സാധ്യത. അതിനിടെ, പ്രസിഡന്‍റ് സ്ഥാനത്തേക്ക് മുന്‍ പ്രസിഡന്‍റ് ജയലക്ഷ്മി ഭട്ടും താര വി. ഷെട്ടിയും രംഗത്തുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.