മാത്യുവിന്‍െറ കുടുംബത്തിന് മനസുരുകുന്ന മനുഷ്യരുടെ നോട്ടം

ചെറുവത്തൂര്‍: രോഗവും ദുരിതവും തളര്‍ത്തിയ കയ്യൂരിലെ മാത്യുവിന്‍െറ കുടുംബത്തിന് വേണ്ടി സഹായ കമ്മിറ്റി രൂപവത്കരിച്ചു. കയ്യൂരിലെ മാത്യുവിന്‍െറയും കുടുംബത്തിന്‍െറയും ദയനീയ സ്ഥിതി ‘മാധ്യമം’ പ്രസിദ്ധീകരിച്ചിരുന്നു. സി.പി.എമ്മിന്‍െറ നേതൃത്വത്തിലാണ് സഹായ കമ്മിറ്റി രൂപവത്കരിച്ചത്. അസുഖം കാരണം ഒരു കാല്‍ മുറിച്ചുമാറ്റിയ മാത്യു എന്ന തോമസ്, മാനസികനില തെറ്റി കിടപ്പിലായ ഭാര്യ ഗ്രേസി, എന്‍ഡോസള്‍ഫാന്‍ ബാധിതനും മാനസിക വളര്‍ച്ചയില്ലാത്ത മകന്‍ മാത്യു പയസ് എന്നിവരടങ്ങുന്ന കുടുംബം ദുരിത ജീവിതം നയിച്ചുവരുകയായിരുന്നു. കോട്ടയം സ്വദേശികളായ മാത്യുവും കുടുംബവും 30 വര്‍ഷം മുമ്പാണ് കയ്യൂരിലത്തെിയത്. റവന്യൂ വകുപ്പില്‍ ജോലിയുണ്ടായിരുന്ന മാത്യു എന്ന തോമസിന് പൊടുന്നനെയാണ് ജോലി നഷ്ടപ്പെട്ടത്. ഇതിനിടയില്‍ ഭാര്യക്ക് മാനസികാസ്വാസ്ഥ്യം വന്ന് കിടപ്പിലുമായി. മകന്‍ മാത്യൂ പയസ് എന്‍ഡോസള്‍ഫാന്‍ ബാധിതനുമാണ്. മൂത്തമകന്‍ പ്രസാദ് മാത്രമാണ് ഈ കുടുംബത്തിന്‍െറ ഏക ആശ്രയം. ആയുര്‍വേദ നഴ്സിങ് കോഴ്സ് പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കിലും ഇവരുടെ പരിചരണത്തിനായി എപ്പോഴും വീട്ടില്‍ തന്നെയിരിക്കണം എന്ന അവസ്ഥയിലാണ്. ദുരിതവും കഷ്ടപ്പാടും അറിഞ്ഞ് ഈ പ്രദേശത്തെ ഹാശ്മി പുരുഷ സംഘം, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇവര്‍ക്കാവശ്യമായ ഭക്ഷണസാധനങ്ങള്‍ എത്തിച്ച് നല്‍കിയിരുന്നു. ഇപ്പോള്‍ സി.പി.എം കുതിരുംചാല്‍ ബ്രാഞ്ചിന്‍െറ നേതൃത്വത്തില്‍ ചികിത്സക്കും ജീവിതചെലവിനുമായി സഹായ കമ്മിറ്റി രൂപവത്കരിച്ചിരിക്കയാണ്. ഇതിനായി എസ്.ബി.ടി ചെറുവത്തൂര്‍ ശാഖയില്‍ 67339413814 എന്ന നമ്പറില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.