ജില്ലയില്‍ വോട്ടുവണ്ടി പര്യടനം തുടങ്ങി

കാസര്‍കോട്: വോട്ടെടുപ്പില്‍ ഉപയോഗിക്കുന്ന വോട്ടിങ് മെഷീനിന്‍െറ പ്രവര്‍ത്തനം സംബന്ധിച്ച് വോട്ടര്‍മാരെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ തെരഞ്ഞെടുപ്പ് കമീഷനും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ളിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി ഒരുക്കിയ വോട്ടുവണ്ടി ജില്ലയില്‍ പ്രയാണം തുടങ്ങി. ത്രിതല പഞ്ചായത്തുകളിലേക്ക് കേരളത്തില്‍ ആദ്യമായാണ് മൂന്ന് ബാലറ്റ് യൂനിറ്റുകളുള്ള വോട്ടിങ് മെഷീനുകള്‍ ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ വോട്ട് ചെയ്യേണ്ട രീതി സംബന്ധിച്ച് സമ്മതിദായകര്‍ക്ക് ഏറെ സംശയങ്ങള്‍ ഉണ്ടായിരുന്നു. വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്ത് നോക്കുന്നതോടൊപ്പം വോട്ടിങിന്‍െറ വിവിധ ഘട്ടങ്ങള്‍ വിശദീകരിക്കുന്ന ലഘുലേഖകളും വാഹനത്തില്‍ വിതരണത്തിനുണ്ട്. വോട്ട്വണ്ടി എത്തിയ വിവിധ കേന്ദ്രങ്ങളില്‍ മുതിര്‍ന്ന വോട്ടര്‍മാരും പുതുതലമുറയിലെ വോട്ടര്‍മാരും വോട്ടിങ് മെഷീന്‍െറ പ്രവര്‍ത്തനം കാണാനത്തെി. വ്യാഴാഴ്ച സിവില്‍ സ്റ്റേഷന്‍, മൊഗ്രാല്‍, കുമ്പള, ഹൊസങ്കടി, പെര്‍ള, ബദിയഡുക്ക, ചെര്‍ക്കള, ചട്ടഞ്ചാല്‍, പൊയിനാച്ചി, പെരിയ എന്നിവിടങ്ങളില്‍ പര്യടനം നടത്തി. വെള്ളിയാഴ്ച വെള്ളിക്കോത്ത്, അമ്പലത്തറ, ഒടയഞ്ചാല്‍, ചുള്ളിക്കര, രാജപുരം, കള്ളാര്‍, ബളാന്തോട്, പാണത്തൂര്‍, പരപ്പ, വെള്ളരിക്കുണ്ട് എന്നിവിടങ്ങളിലാണ് പര്യടനം. 31ന് ഭീമനടി, നര്‍ക്കിലക്കാട്, ചിറ്റാരിക്കല്‍, കുന്നുംകൈ, കരിന്തളം, ചോയ്യങ്കോട്, ചെറുവത്തൂര്‍, കാലിക്കടവ്, കരിവെള്ളൂര്‍, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തും. കലക്ടറേറ്റ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ ഫ്ളാഗ്ഓഫ് ചെയ്തു. എ.ഡി.എം എച്ച്. ദിനേശന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ഡോ. എം.സി. റെജില്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ.ടി. ശേഖര്‍, എ.ഡി.പി പി. മുഹമ്മദ് നിസാര്‍, ഹുസൂര്‍ ശിരസ്തദാര്‍ കെ. ജയലക്ഷ്മി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. വോട്ടിങ് കമ്പാര്‍ട്മെന്‍റിലെ മൂന്ന് ബാലറ്റ് യൂനിറ്റുകള്‍ ഗ്രാമപഞ്ചായത്ത്, ബ്ളോക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ ക്രമത്തിലാണ് സജ്ജീകരിച്ചിട്ടുള്ളത്. വോട്ടര്‍മാര്‍ ഈ മൂന്ന് തലങ്ങളിലേക്ക് ഓരോ വോട്ട് സഹിതം ആകെ മൂന്ന് വോട്ടുകളാണ് രേഖപ്പെടുത്തുക. ആദ്യത്തെ ബാലറ്റ് യൂനിറ്റില്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും അടങ്ങുന്ന വെള്ള നിറത്തിലുള്ള ലേബല്‍ പതിച്ചിരിക്കും. വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന സ്ഥാനാര്‍ഥിയുടെ ചിഹ്നത്തിന് നേരെയുള്ള ബട്ടണില്‍ വിരല്‍ അമര്‍ത്തണം. അപ്പോള്‍ ഒരു ചെറിയ ബീപ് ശബ്ദം കേള്‍ക്കുകയും അതോടൊപ്പം സ്ഥാനാര്‍ഥിയുടെ ചിഹ്നത്തിനുനേരെ ചുവന്ന ലൈറ്റ് പ്രകാശിക്കുകയും ചെയ്താല്‍ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. ആദ്യത്തെ ബാലറ്റ് യൂനിറ്റില്‍ വോട്ട് രേഖപ്പെടുത്തിയ അതേ രീതിയില്‍ മറ്റ് രണ്ട് തലങ്ങളിലേക്കും വോട്ട് രേഖപ്പെടുത്താം. ബ്ളോക് തലത്തിലുള്ള ബാലറ്റ് യൂനിറ്റില്‍ പിങ്ക് നിറത്തിലുള്ള ലേബലും ജില്ലാതലത്തിലേക്കുള്ള ബാലറ്റ് യൂനിറ്റില്‍ ഇളം നീല നിറത്തിലുള്ള ലേബലും പതിപ്പിച്ചിരിക്കും. മൂന്ന് തലത്തിലും ക്രമമായി വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ നീണ്ട ബീപ് ശബ്ദം കേള്‍ക്കും. ഒന്നോ അതിലധികമോ തലത്തിലെ ബാലറ്റ് യൂനിറ്റില്‍ വോട്ട് രേഖപ്പെടുത്താന്‍ താല്‍പര്യമില്ളെങ്കില്‍ അവസാന ബാലറ്റ് യൂനിറ്റിലെ അവസാന ബട്ടണ്‍ അമര്‍ത്തി വോട്ടിങ് പൂര്‍ത്തിയാക്കാം. ശേഷം വോട്ടിങ് പൂര്‍ത്തിയാക്കി എന്ന് വ്യക്തമാക്കുന്ന ഒരു നീണ്ട ബീപ് ശബ്ദം കേള്‍ക്കും. ഒരേസമയം ഒന്നില്‍ കൂടുതല്‍ ബട്ടണ്‍ അമര്‍ത്തിയാലും ഒന്നില്‍ കൂടുതല്‍ തവണ ഒരേ ബട്ടണ്‍ അമര്‍ത്തിയാലും ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തുകയുള്ളൂ. വോട്ട് ചെയ്യുന്ന രീതി സംബന്ധിച്ച ഇത്തരം കാര്യങ്ങള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വോട്ടര്‍മാര്‍ക്ക് വിശദീകരിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസിലെ കെ. സുരേഷ്, എന്‍. കിരണ്‍കുമാര്‍, ടി.കെ. കൃഷ്ണന്‍ എന്നിവരാണ് വോട്ടിങ് മെഷീനിന്‍െറ പ്രവര്‍ത്തനം വിശദീകരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.