ഇലക്ഷന്‍ ക്ളാസും ക്ളസ്റ്റര്‍ പരിശീലനവും ഇന്ന്

ചെറുവത്തൂര്‍: തെരഞ്ഞെടുപ്പ് ചുമതലയുള്ള അധ്യാപകര്‍ക്ക് ഇലക്ഷന്‍ ക്ളാസിനൊപ്പം ഇന്ന് ക്ളസ്റ്റര്‍ പരിശീലനവും. 31ന് സംസ്ഥാനത്തെ ബ്ളോക് റിസോഴ്സ് സെന്‍ററുകള്‍ വഴി നടക്കുന്ന അധ്യാപക ക്ളസ്റ്ററിന്‍െറ മുന്നോടിയായുള്ള പരിശീലനമാണ് ബുധനാഴ്ച വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നത്. എന്നാല്‍, തെരഞ്ഞെടുപ്പ് ചുമതലയുള്ള അധ്യാപകര്‍ക്ക് അതുസംബന്ധിച്ച ക്ളാസുകള്‍ നടക്കുന്നതിനാല്‍ ക്ളസ്റ്റര്‍ പരിശീലനത്തിന് എത്താന്‍ കഴിയാതെവരും. 31ന് നടക്കുന്ന ക്ളസ്റ്ററും 28ന് നടക്കുന്ന പരിശീലനവും മാറ്റിവെക്കണമെന്ന് അധ്യാപകര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വിദ്യാഭ്യാസ വകുപ്പ് ഇത് ചെവിക്കൊണ്ടിട്ടില്ല. തെരഞ്ഞെടുപ്പ് കേന്ദ്രങ്ങളായ വിദ്യാലയങ്ങള്‍ 30നുള്ളില്‍ ബന്ധപ്പെട്ടവര്‍ക്ക് വിട്ടുകൊടുക്കണം എന്നതാണ് ഇലക്ഷന്‍ കമീഷന്‍െറ നിര്‍ദേശം. പിന്നെ ഇവിടെ എങ്ങനെ ക്ളസ്റ്റര്‍ നടത്താന്‍ കഴിയുമെന്നതും അധ്യാപകരെ കുഴപ്പിക്കുന്ന ചോദ്യമാണ്. ഇലക്ഷന്‍ തീരുമാനിക്കുന്നതിന് മുമ്പേതന്നെ ക്ളസ്റ്റര്‍ ദിവസം തീരുമാനിച്ചിരുന്നു എന്നതാണ് വിദ്യാഭ്യാസ വകുപ്പിന്‍െറ ന്യായം. ഓണപ്പരീക്ഷ സംബന്ധിച്ച കുട്ടികളുടെ പഠന നിലവാരം ചര്‍ച്ച ചെയ്യുക, പുതിയ പാഠഭാഗങ്ങള്‍ ആസൂത്രണം ചെയ്യുക എന്നതാണ് ഈ ക്ളസ്റ്ററിന്‍െറ ലക്ഷ്യം. തെരഞ്ഞെടുപ്പ് ചുമതലയുള്ള അധ്യാപകര്‍ക്ക് നവംബര്‍ ഒന്നിന് രാവിലെ തെരഞ്ഞെടുപ്പ് സാമഗ്രികള്‍ കൈപ്പറ്റുന്നതിനായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ എത്തണം. അതിനാല്‍, 31ന്‍െറ ക്ളസ്റ്റര്‍ മാറ്റിവെക്കണമെന്നതാണ് പൊതുവേ ഉയര്‍ന്നിട്ടുള്ള ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.