കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷന്‍ കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കി. സ്ഥാനാര്‍ഥി നാമനിര്‍ദേശം ചെയ്യപ്പെട്ട ദിവസം മുതല്‍ ഫലപ്രഖ്യാപനം വരെയുള്ള ദിവസങ്ങളില്‍ ചെലവഴിക്കുന്ന തുകയാണ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് ചെലവ്. ഗ്രാമ, ബ്ളോക്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, വാര്‍ഡുകളിലെ സ്ഥാനാര്‍ഥികള്‍ക്ക് യഥാക്രമം 10,000, 30,000, 60,000 രൂപയാണ് പരമാവധി ചെലവഴിക്കാവുന്ന തുക. ഫലപ്രഖ്യാപനം മുതല്‍ 30 ദിവസത്തിനകം വിശദവും കൃത്യവുമായ തെരഞ്ഞെടുപ്പ് കണക്ക്, രസീത്, വൗച്ചര്‍, ബില്ല് എന്നിവയുടെ പകര്‍പ്പ് സഹിതം ബന്ധപ്പെട്ട അധികാരികള്‍ക്ക് നല്‍കണം. വരണാധിയുടെ പക്കല്‍ നിന്നും ലഭിക്കുന്ന ഫോറത്തിലാണ് കണക്കുകള്‍ സമര്‍പ്പിക്കേണ്ടത്. ചെലവാക്കുന്നതിലും എഴുതുന്നതിലും സമര്‍പ്പിക്കുന്നതിലും പിഴവ് വരുത്തുന്ന സ്ഥാനാര്‍ഥിയെ അഞ്ചുവര്‍ഷത്തേക്ക് കമീഷന്‍ അയോഗ്യനായി പ്രഖ്യാപിക്കാം. സ്ഥാനാര്‍ഥി നല്‍കുന്ന കണക്കുകള്‍ അഞ്ചുരൂപ ഫീസടച്ച് അപേക്ഷിക്കുന്ന ആര്‍ക്കും പരിശോധിക്കാം. 25 രൂപ ഫീസ് നല്‍കുന്നവര്‍ക്ക് കണക്കിന്‍െറ ഭാഗികമായോ പൂര്‍ണമായോ ഉള്ള പകര്‍പ്പും നല്‍കും. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ് ഏത് തീയതിയിലും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ കമീഷന്‍ നിയോഗിക്കുന്ന നിരീക്ഷകനോ കണക്കുകള്‍ പരിശോധിക്കാം. സ്ഥാനാര്‍ഥിയുടെ ചെലവുകള്‍ നിരീക്ഷകന്‍ അന്വേഷിക്കുമ്പോള്‍ സ്ഥാനാര്‍ഥിയോ ഏജന്‍േറാ ഹാജരാക്കണം. പാര്‍ട്ടികളോ ഗുണകാംക്ഷികളോ ചെലവാക്കുന്ന തുക അവര്‍ തന്നെ പേരും വിശദവിവരങ്ങളുമടക്കം വരണാധികാരിയെ അറിയിക്കണം. സ്ഥാനാര്‍ഥി ഇവയുടെ വിശദവിവരങ്ങള്‍ സൂക്ഷിച്ചുവെക്കണം. കാസര്‍കോട്, കാറഡുക്ക, മഞ്ചേശ്വരം ബ്ളോക്കുകളിലെയും കാസര്‍കോട് മുനിസിപ്പാലിറ്റിയിലെയും സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് വിവരങ്ങളുടെ നിരീക്ഷകനായി കണ്ണൂര്‍ യൂണിവേഴ്സിറ്റി ജോയന്‍റ് ഡയറക്ടര്‍ എം. സനല്‍കുമാറിനെയും കാഞ്ഞങ്ങാട്, നീലേശ്വരം, പരപ്പ ബ്ളോക്കുകളിലേക്കും കാഞ്ഞങ്ങാട് നീലേശ്വരം മുനിസിപ്പാലിറ്റിയിലേക്കുമായി നിരീക്ഷകനായി കാസര്‍കോട് ജില്ലാ ഓഡിറ്റ് സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി.എന്‍. മധുസൂദനനെയുമാണ് നിയമിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് സംബന്ധമായ സാമ്പത്തിക കാര്യങ്ങളില്‍ പരാതിയുണ്ടെങ്കില്‍ ഒബ്സര്‍വര്‍മാരെ വിവരമറിയിക്കാം. ഫോണ്‍: 9400906676 (കാസര്‍കോട്), 9446651351(കാഞ്ഞങ്ങാട്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.