കൊല്ലൂരില്‍ നവരാത്രി രഥോത്സവം കാണാന്‍ ഭക്തജന തിരക്ക്

മംഗളൂരു: മഹാനവമി ആഘോഷത്തോടനുബന്ധിച്ച് ഇന്നലെ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വന്‍ ഭക്തജന തിരക്ക്. പതിനായിരക്കണക്കിന് മലയാളികളായ ഭക്തജനങ്ങളാണ് നവരാത്രി ആഘോഷിക്കാന്‍ രാവിലെ മുതല്‍ ക്ഷേത്രത്തിലത്തെിയത്. രാവിലെ നവദുര്‍ഗാ പൂജകള്‍ക്ക് ശേഷം പ്രത്യേകം തയാറാക്കിയ സ്ഥലത്ത് മഹാചണ്ഡികാഹോമം നടത്തി. രാവിലെ 11.30ന് ആരംഭിച്ച ഹോമം ഉച്ചക്ക് ഒരുമണിയോടെയാണ് സമാപിച്ചത്. പിന്നീട് പട്ടുചുറ്റി ദേവിക്ക് മഹാഅലങ്കാര പൂജ നടത്തി. വൈകീട്ട് ദീപാരാധനയോടെയാണ് പുഷ്പരഥോത്സവ ചടങ്ങുകള്‍ക്ക് തുടക്കമായത്. പുഷ്പം കൊണ്ട് മൂടിയ രഥത്തില്‍ ദേവിയുടെ വിഗ്രഹം ഇരുത്തി രഥാരോഹണ പൂജ നടത്തിയതോടെ രഥോത്സവത്തിന് തുടക്കമായി. പിന്നീട് ക്ഷേത്രം മുഖ്യ അര്‍ച്ചകന്‍ മഞ്ചുനാഥഅഡിഗ, കീഴ്ശാന്തി കാളിദാസഭട്ട് ക്ഷേത്രപരമ്പരകളില്‍ ഉള്‍പ്പെട്ട കുടുംബങ്ങളുടെ പ്രതിനിധികള്‍ എന്നിവര്‍ രഥത്തെ ശുദ്ധി ചെയ്തു. തുടര്‍ന്ന് ദേവിയുടെ മുമ്പില്‍ പ്രാര്‍ഥിച്ചുവെച്ച സ്വര്‍ണം, വെള്ളി നാണയത്തുട്ടുകള്‍ ഭക്തജനങ്ങള്‍ക്കിടയിലേക്ക് വാരിയെറിഞ്ഞു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരങ്ങള്‍ രഥം വലിയില്‍ പങ്കെടുത്തു. മൂകാംബിക ക്ഷേത്രസന്നിധാനം മുഴുവന്‍ പുഷ്പങ്ങള്‍ കൊണ്ട് മൂടിയിരുന്നു. രഥം വലി കഴിഞ്ഞ് ദേവിവിഗ്രഹം ശ്രീകോവിലില്‍ കയറ്റി കലശപൂജകള്‍ കഴിഞ്ഞതോടെ ഈ വര്‍ഷത്തെ മഹാനവമി ആഘോഷത്തിന് സമാപനമായി. ഇന്ന് ക്ഷേത്രത്തിലെ സരസ്വതീ മണ്ഡപത്തില്‍ പുലര്‍ച്ചെ നാലുമണി മുതല്‍ വിദ്യാരംഭം നടക്കും. വിദ്യാരംഭത്തിന് ശേഷം പുതിയ നെല്ലു കൊണ്ട് ദേവിക്ക് നവാന്നപ്രാശം എന്ന പുത്തരി നൈവേദ്യം സമര്‍പ്പിക്കും. രാത്രി മഹാപൂജയോടെ പത്തു ദിവസമായി നടന്നുവരുന്ന നവരാത്രി ആഘോഷത്തിന് സമാപനമാവും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.