ദേശീയപാതയുടെ ശോച്യാവസ്ഥ വാട്സ് ആപ്പില്‍ വൈറലായി

കാസര്‍കോട്: നാടും നഗരവും തെരഞ്ഞെടുപ്പ് ചൂടിലായതോടെ ജില്ലയിലെ ദേശീയപാതയുടെ ശോച്യാവസ്ഥ വാട്സ് ആപ്പിലൂടെ വൈറലാകുന്നു. നീലേശ്വരം മുതല്‍ മഞ്ചേശ്വരം വരെ തകര്‍ന്ന ദേശീയപാതയെക്കുറിച്ചുള്ള വാട്സ് ആപ് പോസ്റ്റ് ഇതിനകം ലക്ഷക്കണക്കിന് പേര്‍ പങ്കുവെച്ചു. പോസ്റ്റ് വ്യാപിച്ചതോടെ ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ ദേശീയപാത അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്‍െറ തെക്ക് താമസിക്കുന്നവര്‍ റോഡുമാര്‍ഗം കാസര്‍കോട് ഭാഗത്തേക്ക് വരുന്നുണ്ടെങ്കില്‍ എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചുള്ള മുന്നറിയിപ്പാണ് പോസിറ്റിന്‍െറ ഉള്ളടക്കം. അടുത്ത 23 മാസത്തിനുള്ളില്‍ കാസര്‍കോട് വഴി കാറിലോ മറ്റു വാഹനങ്ങളിലോ മംഗളൂരു ഭാഗത്തേക്ക് പോകാന്‍ പരിപാടിയുണ്ടെങ്കില്‍ ചില മുന്‍കരുതല്‍ എടുക്കുന്നത് നല്ലതായിരിക്കുമെന്ന് തുടങ്ങുന്ന പോസ്റ്റില്‍ ദേശീയപാത 17ന്‍െറ ദുരവസ്ഥ അനാവരണം ചെയ്യുന്നു. നീലേശ്വരത്തിനും മംഗളൂരുവിനും ഇടയിലുണ്ടായിരുന്ന 90 കി.മീ. എന്‍.എച്ച് 17 എന്ന പ്രതിഭാസം പകുതിയിലധികം കാണാതായിട്ട് ഇപ്പോള്‍ മാസങ്ങളായെന്നും അതിനാല്‍ യാത്ര പുറപ്പെടുന്നതിന് മുമ്പ് ലൈഫ് ജാക്കറ്റ്, പിണ്ഡതൈലം, ഹെല്‍മറ്റ് (കാറിലാണെങ്കിലും വേണം), നട്ടെല്ലിനു വലിച്ചുകെട്ടാനുള്ള വടി, ഒരു മെക്കാനിക്, ഒരു ലോറി എന്നിവ കരുതണമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. ദേശീയപാതയോട് മുന്നണികള്‍ കാണിക്കുന്ന അവഗണനക്കെതിരെ കണക്കറ്റ് പരിഹസിച്ചാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.