കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 14ന് നടക്കുന്ന ദേശീയപാത ഉപരോധത്തിന് പിന്തുണ പ്രഖ്യാപിക്കാന്‍ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി തീരുമാനിച്ചു. 2014 ജനുവരി 26ന് മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ അമ്മമാര്‍ നടത്തിയ കഞ്ഞിവെപ്പ് സമരത്തെ തുടര്‍ന്ന് ദുരിതബാധിതര്‍ക്ക് ലഭിച്ച ഉറപ്പുകള്‍ ലംഘിക്കപ്പെടുന്ന സാഹചര്യത്തില്‍ സംയുക്ത സമരസമിതി നടത്തുന്ന പ്രക്ഷോഭത്തില്‍ 1000 പേരെ പങ്കെടുപ്പിക്കുമെന്ന് മുന്നണി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദേശീയ മനുഷ്യാവകാശ കമീഷന്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായും നടപ്പാക്കുക, മുഴുവന്‍ ദുരിതബാധിതരുടെയും കടങ്ങള്‍ എഴുതിത്തള്ളുക, മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുക, സൗജന്യമായി മരുന്ന് വിതരണം ചെയ്യുക, മുഴുവന്‍ രോഗികള്‍ക്കും വിദഗ്ധ ചികിത്സ നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന പ്രക്ഷോഭത്തില്‍ എല്ലാവരും സഹകരിക്കണമെന്ന് പീഡിത ജനകീയ മുന്നണി അഭ്യര്‍ഥിച്ചു. വാര്‍ത്താസമ്മേളനത്തില്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, മുനീസ അമ്പലത്തറ, ബി. മിസ്രിയ, സി.വി. നളിനി, എം. രാഘവന്‍ പിലിക്കോട്, അബ്ദുല്‍ഖാദര്‍ ചട്ടഞ്ചാല്‍, ശശിധരന്‍ പടിയത്തടുക്ക, ഗീത ജോണി, സുബൈര്‍ പടുപ്പ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.