വെള്ളരിക്കുണ്ട് താലൂക്ക് കേന്ദ്രത്തിലൂടെ ഹൈവേ റൂട്ട് നിര്‍ണയിക്കണമെന്ന് ആവശ്യം

രാജപുരം: മലയോര ഹൈവേ വെള്ളരിക്കുണ്ട് താലൂക്ക് ആസ്ഥാനവുമായി ബന്ധപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. രാജപുരത്ത് രൂപവത്കരിച്ച ആക്ഷന്‍ കമ്മിറ്റിയാണ് ചൊവ്വാഴ്ച ജില്ലയില്‍ എത്തിയ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്. കിഴക്കന്‍ മലയോരമേഖലയില്‍ പുതിയ താലൂക്ക് രൂപവത്കൃതമായതോടെ താലൂക്ക് കേന്ദ്രത്തില്‍ എത്താന്‍ വാഹന സൗകര്യമില്ലാതെ ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോഴാണ് മലയോര ഹൈവേ യാഥാര്‍ഥ്യമാക്കണമെന്ന ആവശ്യം മുഖ്യമന്ത്രിയെ കണ്ട് ഉന്നയിച്ചത്. മലയോര പഞ്ചായത്തുകളായ പനത്തടി, കള്ളാര്‍, കോടോം-ബേളൂര്‍, ബളാല്‍ പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് വെള്ളരിക്കുണ്ട് താലൂക്ക് ആസ്ഥാനവുമായി എളുപ്പത്തില്‍ ബന്ധപ്പെടുന്നതിന് ഈ പഞ്ചായത്തുകളെയെല്ലാം ബന്ധപ്പെടുത്തി നന്ദാരപദവ് -ചെറുപുഴ മലയോര ഹൈവേ റൂട്ട് നന്ദാരപദവില്‍ നിന്നും തുടങ്ങി മാലക്കല്ല് -ചെറുപുഴ റൂട്ട് യാഥാര്‍ഥ്യമായാല്‍ വെള്ളരിക്കുണ്ട് താലൂക്ക് ആസ്ഥാനത്തിലേക്ക് ജനങ്ങള്‍ക്ക് എളുപ്പം എത്താന്‍ കഴിയും. മലയോര ഹൈവേ ഉടന്‍ യാഥാര്‍ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി ഭരവാഹികളായ ഫാ. ഷാജി വടക്കേതൊട്ടി, ജോസഫ് കനകമൊട്ട, ലത്തീഫ് കല്ലംചിറ, വി. കുഞ്ഞിക്കണ്ണന്‍, എം.എം. സൈമണ്‍, പി.ജെ. ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിയെ കണ്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.