യാത്രാദുരിതം തീരാതെ കോടോംബേളൂര്‍

കാഞ്ഞങ്ങാട്: മലയോര പഞ്ചായത്തുകളിലൊന്നായ കോടോംബേളൂരിലെ റോഡുകള്‍ സഞ്ചാരയോഗ്യമല്ലാതായിട്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും അധികൃതര്‍ക്ക് നിസ്സംഗതയെന്ന് പരാതി. കാല്‍നടക്കെങ്കിലും യോഗ്യമായ റോഡെന്ന നാട്ടുകാരുടെ സ്വപ്നത്തിന് കാല്‍നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ ഈ പഞ്ചായത്തിലെ പ്രധാനപാതകളില്‍ പലതും ഇന്നും കാട്ടുപാതകളും കുണ്ടുംകുഴികളും നിറഞ്ഞ റോഡുകളാണ്. വാഹങ്ങള്‍ കടന്നുവരാത്ത കാട്ടുപാതകളിലൂടെ പതിറ്റാണ്ടുകള്‍ ഈ ജനത നടന്നു തീര്‍ത്തു. ആദിവാസി ഊരുകളിലെ കുട്ടികള്‍ തായന്നൂര്‍, അട്ടേങ്ങാനം, പരപ്പ എന്നീ സ്കൂളുകളിലേക്ക് നടന്നുപോകുന്നതും കാല്‍നടയാത്ര പോലും ദുസ്സഹമായ ഈ കാട്ടുപാതകളിലൂടെയാണ്. തദ്ദേശഭരണ സ്ഥാപനങ്ങളില്‍ പുതിയ ഭരണാധികാരികള്‍ ചുമതലകളേല്‍ക്കുമ്പോള്‍ കോടോംബേളൂരുകാരുടെ പ്രതീക്ഷകള്‍ക്ക് വീണ്ടും ചിറകുമുളക്കുകയാണ്. മണിക്കൂറുകളോളം നടന്നുവേണം കുട്ടികള്‍ക്ക് സ്കൂളുകളിലത്തൊന്‍. കാതങ്ങള്‍ താണ്ടിയുള്ള വിദ്യാഭ്യാസം നാലാം തരത്തില്‍ അവസാനിപ്പിച്ചവരാണ് ഏറെയും. താരതമ്യേന അടുത്ത് സ്ഥിതിചെയ്യുന്ന അട്ടേങ്ങാനം സ്കൂളില്‍ നാലാംക്ളാസ് വരെ മാത്രമാണുള്ളത്. തുടര്‍പഠനത്തിന് പിന്നേയും ദൂരങ്ങള്‍ താണ്ടണം. മുക്കുഴി-പാല്‍ക്കുളം റോഡ് പത്ത് വര്‍ഷം മുന്‍പ് ടാറിങ് നടത്തിയ ശേഷം പിന്നീട് അധികൃതര്‍ തിരിഞ്ഞുനോക്കിയില്ളെന്നാണ് മുക്കുഴിയിലെ ഓട്ടോ ഡ്രൈവര്‍മാരുടെ പരാതി. പാല്‍ക്കുളം-നായ്ക്കയംതട്ട്, അട്ടക്കണ്ടം-ഗോളിയാര്‍ ഭാഗത്തേക്കുള്ള യാത്രയും കീറാമുട്ടിയാണ്. മലമുകളില്‍ ഒറ്റപ്പെട്ടുകിടക്കുന്ന ഒമ്പതാം വാര്‍ഡായ ജ്യോതിഗിരിയില്‍ എട്ടുവീടുകളാണുള്ളത്. ഇവര്‍ക്ക് പ്രധാന പാതകളിലത്തൊല്‍ മണിക്കൂറുകള്‍ മലയിറങ്ങണം. ഈ കയറ്റിറക്കം താങ്ങാനാകാതെയാണ് കാന്‍സര്‍ രോഗിയായ മാധവന്‍ തന്‍െറ ഭാര്യയും മൂന്ന് പെണ്‍മക്കളുമൊത്ത് സഹോദരിയുടെ പാല്‍ക്കുളത്തെ വീട്ടില്‍ താമസം തുടങ്ങിയത്. ആദിവാസി ഊരുകളിലെ നിത്യരോഗികളായവര്‍ക്ക് ഒരു ദിവസം ആശുപത്രിയിലത്തെണമെങ്കില്‍ 150 രൂപയിലധികം ചെലവാകും. ദിവസക്കൂലിക്ക് പണിചെയ്ത് നിത്യവൃത്തിക്ക് വക തേടുന്ന ഇവര്‍ക്ക് താങ്ങാനാകാത്ത ചെലവായതിനാല്‍ രോഗികള്‍ പലരും ആശുപത്രി വരെ എത്താറില്ല. പാര്‍ട്ടി നോക്കാതെ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുമെന്നുമാണ് കോടോംബേളൂര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ (നായ്ക്കയംതട്ട്) പുതിയ വാര്‍ഡ് മെംബര്‍ സുമിത്ര പറഞ്ഞു. സത്യപ്രതിജ്ഞാവേളയില്‍ കോടോംബേളൂര്‍ പഞ്ചായത്ത് പ്രസിഡന്‍റിന് അട്ടേങ്ങാനം സ്വദേശിയും പൊതുപ്രവര്‍ത്തകയുമായ കെ. രാധ നിവേദനം നല്‍കി. കരുണാപുരം-പാല്‍കുളം, കോളിയാര്‍-നായ്ക്കയംതട്ട്, നായ്ക്കയംതട്ട്-കോളിയാര്‍ പാതകള്‍ പ്രത്യേക പരിഗണനയില്‍പെടുത്തി ആശുപത്രികളിലേക്കും സ്കൂളുകളിലേക്കും ദേവാലയങ്ങളിലേക്കുമൊക്കെയുള്ള യാത്രാദുരിതം അവസാനിപ്പിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.