ജില്ലാ പൊലീസ് മേധാവി മാനടുക്കം ശാസ്ത്രി നഗര്‍ പട്ടികവര്‍ഗ കോളനി സന്ദര്‍ശിച്ചു

കാസര്‍കോട്: എസ്.സി, എസ്.ടി വിഭാഗക്കാരുടെ പ്രശ്നങ്ങള്‍ നേരിട്ടുകണ്ട് മനസ്സിലാക്കുന്നതിന്‍െറ ഭാഗമായി ജില്ലാ പൊലീസ് മേധാവി ഡോ. ശ്രീനിവാസ് രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മാനടുക്കം ശാസ്ത്രി നഗര്‍ പട്ടികവര്‍ഗ കോളനി സന്ദര്‍ശിച്ച് പരാതികള്‍ സ്വീകരിച്ചു. ജില്ലാ പൊലീസ് മേധാവി മാസംതോറും ജില്ലയിലെ പിന്നാക്കാവസ്ഥയിലുള്ള കോളനികള്‍ സന്ദര്‍ശിച്ച് പരാതി പരിഹാര അദാലത്തുകള്‍ സംഘടിപ്പിച്ചുവരുന്നതിന്‍െറ ഭാഗമായാണ് ശാസ്ത്രി നഗര്‍ കോളനി സന്ദര്‍ശിച്ചത്. പരാതി അദാലത്തില്‍ കോളനിക്കാരുടെ വിവിധ പ്രശ്നങ്ങള്‍ സംബന്ധിച്ച 80 പരാതികള്‍ ലഭിച്ചു. കക്കൂസ്, ചികിത്സാ ധനസഹായം, കുടിവെള്ളം, പട്ടയം, ഭവന നിര്‍മാണം തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതലായി ലഭിച്ചത്. കക്കൂസ് നിര്‍മാണ ധനസഹായത്തിനു മാത്രം 52 പരാതികളാണ് ലഭിച്ചത്. വിവിധ ഡിപ്പാര്‍ട്മെന്‍റുകളുടെ സഹകരണത്തോടെ നടത്തിയ അദാലത്തില്‍ ആരോഗ്യവകുപ്പ്, പഞ്ചായത്ത്, എക്സൈസ്, റവന്യൂ, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി തുടങ്ങിയ വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളിന്മേലുള്ള തുടര്‍നടപടി പരാതിക്കാരെ അറിയിച്ചു. കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്‍റ് എന്‍.ടി. ലക്ഷ്മി അധ്യക്ഷത വഹിച്ചു. കാറഡുക്ക ബ്ളോക് പഞ്ചായത്ത് മെംബര്‍ ലില്ലി തോമസ്, കുറ്റിക്കോല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ദാമോദരന്‍, കാസര്‍കോട് സ്പെഷല്‍ മൊബൈല്‍ സ്ക്വാഡ് ഡിവൈ.എസ്.പി എല്‍. സുരേന്ദ്രന്‍, വെള്ളരിക്കുണ്ട് ഐ.പി ടി.പി. സുമേഷ്, രാജപുരം എസ്.ഐ രാജീവന്‍ വലിയവളപ്പില്‍ എന്നിവരും അദാലത്തില്‍ സന്നിഹിതരായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.