റോഡുപണിയിലെ അഴിമതി വിവരാവകാശത്തില്‍ പുറത്തായി

കാസര്‍കോട്: ചെങ്കള പഞ്ചായത്തിലെ 13, 14 വാര്‍ഡുകളിലൂടെ കടന്നുപോകുന്ന സിറ്റിസണ്‍ നഗര്‍-അല്ലാമ നഗര്‍-മാസ്തിക്കുണ്ട് റോഡ് മെക്കാഡം ടാറിങ് കരാറുകാരനും രാഷ്ട്രീയ നേതാക്കളും ചേര്‍ന്ന് അട്ടിമറിച്ചതായി ആരോപണം. എസ്റ്റിമേറ്റ് പ്രകാരം മെക്കാഡം ടാറിങ്ങും ഓവുചാലും കള്‍വര്‍ട്ടുമടക്കം പണിയേടണ്ടിടത്ത് ഭാഗികമായ കോണ്‍ക്രീറ്റ് റോഡ് നിര്‍മിച്ചാണ് അഴിമതി നടത്തിയതെന്ന് വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയിലാണ് വ്യക്തമായത്. റോഡിന് സ്ഥലം വിട്ടുനല്‍കാന്‍ ഉന്നതര്‍ തയാറാകാത്തതാണ് പ്രവൃത്തി അട്ടിമറിക്കാന്‍ കാരണം. മെക്കാഡം ടാറിങ് അട്ടിമറിച്ചതോടെ കരാറുകാരന് വന്‍ ലാഭമുണ്ടാക്കാന്‍ വഴിതെളിഞ്ഞു. ചെര്‍ക്കളയുടെ ഉള്‍പ്രദേശങ്ങളായ പൊടിപ്പള്ളം-ബംബ്രാണി നഗര്‍-കോയപ്പാടി-കോളിക്കട്ട-ബാലടുക്ക-പാടി-മസ്ജിദ് റോഡ്-കെട്ടുംകല്ല്-കോലാച്ചിയടുക്കം പ്രദേശത്തുകാരുടെ ഏറെക്കാലത്തെ മുറവിളിക്കുശേഷമാണ് റോഡ് പി.ഡബ്ള്യു.ഡി ഏറ്റെടുക്കുകയും രണ്ടുകോടി മെക്കാഡം ടാറിങ്ങിന് അനുവദിക്കുകയും ചെയ്തത്. കഴിഞ്ഞവര്‍ഷം ആദ്യംതന്നെ തുക അനുവദിച്ച് ഉത്തരവായെങ്കിലും ടെന്‍ഡര്‍ നടപടികള്‍ക്കുശേഷം മാസങ്ങള്‍ കഴിഞ്ഞാണ് കരാറുകാരന്‍ പണി ആരംഭിച്ചത്. റോഡിന്‍െറ രണ്ടറ്റത്തും മധ്യത്തിലും ഇടവിട്ട് 50 മീറ്റര്‍ നീളത്തില്‍ കോണ്‍ക്രീറ്റ് റോഡ് ചെയ്തായിരുന്നു തുടക്കം. ആറുമാസത്തോളമായി നീണ്ട പണിയില്‍ ഇടവിട്ട് കോണ്‍ക്രീറ്റ് ചെയ്താണിരിക്കുന്നത്. പണിയിലെ അലംഭാവം നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോഴാണ് മെക്കാഡം ടാറിങ് അട്ടിമറിച്ച കാര്യവും റോഡ് പണി പൂര്‍ത്തിയായതും നാട്ടുകാര്‍ അറിയുന്നത്. സിറ്റിസണ്‍ നഗര്‍-കോളിക്കട്ട-അല്ലാമ നഗര്‍ പാതയില്‍ എവിടെയും തൊടാത്ത ചില കോണ്‍ക്രീറ്റ് റോഡൊഴിച്ചാല്‍ ബാക്കി ഭാഗം മുഴുവനും ഇപ്പോഴും പൊട്ടിപ്പൊളിഞ്ഞുകിടക്കുകയാണ്. വിവരാവകാശ നിയമപ്രകാരം ലഭ്യമായ വിവരങ്ങള്‍വെച്ച് സംരക്ഷണ ഭിത്തി/ഓവുചാലുകള്‍ തുടങ്ങിയവക്ക് 50 ലക്ഷവും മെക്കാഡം ടാറിങ്ങിന് 1.5 കോടിയും അനുവദിച്ചതായാണ് വിവരാവകാശം വ്യക്തമാക്കുന്നത്. കരാറുകാരന്‍ നാട്ടിലെ രാഷ്ട്രീയ നേതാക്കളുമായി ഒത്തുകളിച്ച് എളുപ്പത്തില്‍ കോണ്‍ക്രീറ്റ് ചെയ്ത് വന്‍ ലാഭം കൊയ്യുകയായിരുന്നു. വികസനത്തില്‍ വളരെ പിന്നാക്കമാണ് ഈ പ്രദേശങ്ങള്‍. പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന ചെര്‍ക്കള ടൗണ്‍ നവീകരണം ഇതുവരെ തുടങ്ങിയിട്ടില്ല. മഴ പെയ്താല്‍ തോണിയാത്ര ചെയ്യേണ്ട അവസ്ഥയാണ് നാട്ടുകാര്‍ക്ക്. കുണ്ടും കുഴിയുമായി കിടക്കുന്ന ചെര്‍ക്കള-പാടി റോഡിന്‍െറ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ഒക്ടോബര്‍ 25 മുതല്‍ ഓട്ടോറിക്ഷകള്‍ ഈ പാതയില്‍ ഓട്ടം നിര്‍ത്തിവെച്ചിരുന്നു. അഴിമതിക്കെതിരെ വിജിലന്‍സിന് പരാതി നല്‍കുമെന്ന് ആക്ഷന്‍ കമ്മിറ്റി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.