യാത്രക്കാരുടെ ശ്രദ്ധക്ക്: കോട്ടിക്കുളത്തുമുണ്ട് റിസര്‍വേഷന്‍ കൗണ്ടര്‍

കോട്ടിക്കുളം: നാട്ടുകാര്‍ മുന്‍കൈയെടുത്ത് ആരംഭിച്ച കോട്ടിക്കുളം റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടറിലേക്ക് സീറ്റ് റിസര്‍വ് ചെയ്യാന്‍ നാട്ടുകാരില്‍ തന്നെ അധികം പേരും എത്തുന്നില്ല. പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച കോട്ടിക്കുളം റിസര്‍വേഷന്‍ കൗണ്ടര്‍ വര്‍ഷം ഒന്നുകഴിയുമ്പോഴും ഉപഭോക്താക്കളുടെ എണ്ണത്തില്‍ വര്‍ധനയില്ല. 2014 മാര്‍ച്ച് 21നാണ് താല്‍ക്കാലികമായി നാട്ടുകാരുടെ ആവശ്യം മാനിച്ച് സ്റ്റേഷനില്‍ റിസര്‍വേഷന്‍ കൗണ്ടര്‍ പ്രവര്‍ത്തനമാരംഭിച്ചത്. താല്‍ക്കാലികമായി സ്റ്റാഫിനെ നിര്‍ത്തിയായിരുന്നു ആദ്യകാലത്ത് കൗണ്ടര്‍ പ്രവര്‍ത്തിച്ചത്. പിന്നീട് സ്ഥിരം ഉദ്യോഗസ്ഥനെ നിയമിക്കുകയായിരുന്നു. ഒരു ദിവസം ശരാശരി 40-50 റിസര്‍വേഷന്‍ ഫോറങ്ങളാണ് ഇപ്പോള്‍ ചെലവാകുന്നത്. ഇതിലും വര്‍ധിക്കാന്‍ സാധ്യതയുള്ള സ്റ്റേഷനാണ് കോട്ടിക്കുളം. ടിക്കറ്റ് കൗണ്ടറിലെ ക്ളര്‍ക് തന്നെയാണ് റിസര്‍വേഷന്‍ കാര്യങ്ങളും നിയന്ത്രിക്കുന്നത്. അതിനാല്‍തന്നെ സാമ്പത്തികമായി നഷ്ടങ്ങളൊന്നും ഉണ്ടാകുന്നില്ളെന്ന് സ്റ്റേഷന്‍ അധികൃതര്‍ പറഞ്ഞു. എന്നാല്‍, അപേക്ഷകരുടെ എണ്ണത്തില്‍ വലിയ പുരോഗതിയുണ്ടാകുന്നില്ല. ഒരേരീതിയിലാണ് റിസര്‍വ് ചെയ്യുന്നവരുടെ എണ്ണം നീങ്ങുന്നത്. റെയില്‍വേ യാത്രക്കാര്‍ ഏറെയുള്ള പ്രദേശത്തുള്ളവരും റിസര്‍വേഷന് കാസര്‍കോട്, കാഞ്ഞങ്ങാട് സ്റ്റേഷനുകളെയാണ് ആശ്രയിക്കുന്നത്. റിസര്‍വേഷന്‍ ഓണ്‍ലൈനും ഏത് സ്റ്റേഷനിലേക്കും എവിടെ നിന്നും റിസര്‍വ് ചെയ്യാമെന്നിരിക്കെ യാത്രക്കാര്‍ക്ക് പ്രത്യേക മമത നാട്ടിലെ സ്റ്റേഷനോട് ഇല്ല എന്നാണ് റിസര്‍വേഷന്‍ എണ്ണത്തിലെ മാറ്റമില്ലായ്മയില്‍നിന്ന് വ്യക്തമാകുന്നത്. കൗണ്ടറിന്‍െറ പ്രവര്‍ത്തനസമയം അഞ്ചു മണിയാക്കി ഉയര്‍ത്തുകയാണെങ്കില്‍ റിസര്‍വേഷന്‍ എണ്ണത്തില്‍ കാര്യമായ മാറ്റം കാണാനാകും എന്നാണ് നാട്ടുകാര്‍ പറയുന്നത്. നിലവില്‍ രാവിലെ എട്ടു മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് കൗണ്ടര്‍ പ്രവര്‍ത്തിച്ചുവരുന്നത്. പ്രവര്‍ത്തനമാരംഭിച്ച് മൂന്നു മാസത്തിനകം റിസര്‍വേഷന്‍ നിലനിര്‍ത്തുന്ന കാര്യത്തില്‍ തീരുമാനിക്കപ്പെടുമെന്നതാണ് ചട്ടം. എന്നാല്‍, ഒരുവര്‍ഷമായിട്ടും തീരുമാനമെടുത്തിട്ടില്ല. റെയില്‍വേക്ക് ബാധ്യത വരുത്തുകയാണെങ്കില്‍ കൗണ്ടര്‍ എടുത്തുകളയുകയാണ് രീതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.