മംഗല്‍പാടി പഞ്ചായത്ത് : ഷാഹുല്‍ഹമീദ് പ്രസിഡന്‍റും ജമീല സിദ്ദീഖ് വൈസ് പ്രസിഡന്‍റുമാകാന്‍ സാധ്യത

മഞ്ചേശ്വരം: മംഗല്‍പാടി ഗ്രാമപഞ്ചായത്ത് പുതിയ ഭരണ സമിതിയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഷാഹുല്‍ഹമീദിനും വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ജമീല സിദ്ദീഖിനും സാധ്യത. ഇരുവരുടെയും സ്ഥാനാര്‍ഥിത്വം നാളെ ലീഗ് നേതൃത്വം ഒൗദ്യോഗികമായി പ്രഖ്യാപിക്കും. ബന്തിയോട് വാര്‍ഡില്‍നിന്ന് വിജയിച്ച ഹമീദിന് പകരം മറ്റൊരു പേരും ലീഗിന് ഉള്ളില്‍നിന്നും ഉയര്‍ന്നുവന്നിട്ടില്ല. 2005-2010 ഭരണസമിതിയില്‍ സ്ഥിരം സമിതി ചെയര്‍മാനായി ശോഭിച്ചതാണ് ഹമീദിന് മുതല്‍ക്കൂട്ടായത്. ഭരണ പരിചയവും ലാളിത്യവും ഹമീദിനെ പിന്തുണച്ചു. വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് സോങ്കാല്‍ വാര്‍ഡില്‍നിന്ന് വിജയിച്ച ജമീല സിദ്ദീഖിനാണ് സാധ്യത. വനിതാ അംഗങ്ങളില്‍ മുന്‍പരിചയമുള്ള വ്യക്തി എന്നതാണ് ജമീലയുടെ സാധ്യത. ഈ സ്ഥാനത്തേക്കും ആയിഷ റഫീഖും ഒരു കൈ നോക്കുന്നുണ്ട്. മംഗല്‍പാടിയില്‍ വര്‍ഷങ്ങള്‍ക്കുശേഷം അക്കൗണ്ട് തുറന്ന കോണ്‍ഗ്രസ് ഇത്തവണ ഒരു സ്ഥാനത്തിന് അവകാശം ഉന്നയിച്ചിട്ടുണ്ട്. അതിനാല്‍ ഒരു സ്ഥിരം സമിതി കോണ്‍ഗ്രസിന് നല്‍കിയേക്കും. കോണ്‍ഗ്രസ് അംഗം പ്രസാദിന് ആരോഗ്യ സമിതി നല്‍കാനാണ് സാധ്യത. വികസന സമിതിയിലേക്ക് ലീഗില്‍നിന്നും രണ്ടുപേര്‍ രംഗത്തുണ്ട്. മുളിഞ്ചെ വാര്‍ഡില്‍നിന്ന് വിജയിച്ച മുസ്തഫയും ബപ്പായ്ത്തൊട്ടിയില്‍നിന്ന് വിജയിച്ച അബ്ദുറസാഖുമാണ് രംഗത്തുള്ളത്. ഇതില്‍ മുസ്തഫക്കാണ് കൂടുതല്‍ സാധ്യത. ക്ഷേമകാര്യ സമിതിയുടെ കാര്യത്തില്‍ നാളത്തോടെ തീരുമാനമാകും. ഇക്കാര്യത്തില്‍ ആരുടെ പേരും ഉയര്‍ന്നുവന്നിട്ടില്ല. മുസ്ലിം ലീഗിന്‍െറ ശക്തികേന്ദ്രമായ മംഗല്‍പാടിയില്‍ ഇത്തവണ പാര്‍ട്ടി വന്‍ തിരിച്ചടിയാണ് നേരിട്ടത്. ലീഗ് അംഗങ്ങള്‍ മാത്രം വിജയിച്ചിരുന്ന അഞ്ചു സിറ്റിങ് സീറ്റുകളാണ് ഇത്തവണ ആദ്യമായി അവര്‍ക്ക് നഷ്ടപ്പെട്ടത്. ഒരു സീറ്റിന്‍െറ കേവല ഭൂരിപക്ഷത്തിലാണ് ഇത്തവണ യു.ഡി.എഫ് ഭരണം നിലനിര്‍ത്തിയത്. നേരിയ ഭൂരിപക്ഷവുമായി ഭരണം നടത്താന്‍ യോജിച്ചയാള്‍ എന്ന നിലക്കാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഹമീദിനെ പരിഗണിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.