കാഞ്ഞങ്ങാട് നഗരസഭ: വൈസ് ചെയര്‍പേഴ്സന്‍ സ്ഥാനം: ഐ.എന്‍.എല്ലിന് സാധ്യതയേറി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയില്‍ കേവല ഭൂരിപക്ഷത്തോടെ ഇടതുപക്ഷത്തെ അധികാരത്തിലേറ്റാന്‍ സഹായകമായി പ്രവര്‍ത്തിച്ച ഐ.എന്‍.എല്ലിന് വൈസ് ചെയര്‍പേഴ്സന്‍ സ്ഥാനം നല്‍കാന്‍ സി.പി.എമ്മില്‍ തീരുമാനമായതായി സൂചന. നഗരസഭയിലെ 43 വാര്‍ഡുകളില്‍ 22 സീറ്റുകള്‍ നേടിയാണ് ഇടതുപക്ഷം ചരിത്രത്തിലാദ്യമായി കേവല ഭൂരിപക്ഷത്തോടെ കാഞ്ഞങ്ങാട് അധികാരം പിടിച്ചെടുത്തിരിക്കുന്നത്. മത്സരിച്ച നാല് സീറ്റുകളില്‍ രണ്ടെണ്ണത്തിലാണ് ഐ.എന്‍.എല്‍ സ്ഥാനാര്‍ഥികള്‍ വിജയിച്ചത്്. മുന്‍ നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ കൂടിയായ സുലൈഖ കരുവളം വാര്‍ഡില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മുസ്ലിം ലീഗിന്‍െറ കുത്തക സീറ്റായ ആറങ്ങാടിയില്‍ നിന്ന് ഐ.എന്‍.എല്‍ പ്രതിനിധിയായി എ.ഡി. ലതയാണ് വിജയിച്ചത്. ഇതുകൂടാതെ ഇടതുപക്ഷം വിജയിച്ചുകയറിയ മറ്റ് വാര്‍ഡുകളിലും ഐ.എന്‍.എല്ലിന്‍െറ സ്വാധീനം പ്രകടമായിരുന്നു. മുസ്ലിം ലീഗിലെ ഭിന്നതകള്‍ മുതലെടുക്കുന്ന കാര്യത്തില്‍ ഐ.എന്‍.എല്‍ നേതൃത്വം നടത്തിയ ഇടപെടലുകള്‍ ഇടതുപക്ഷത്തിന് ഗുണകരമായെന്നാണ് സി.പി.എം വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ ഐ.എന്‍. എല്‍ ആവശ്യപ്പെടുന്ന വൈസ് ചെയര്‍പേഴ്സന്‍ സ്ഥാനം നല്‍കി മുന്നണി ബന്ധം ദൃഢമാക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന സി.പി.എം ഏരിയാകമ്മിറ്റി യോഗത്തില്‍ തീരുമാനമായെന്നാണ് സൂചന. അതേ സമയം ഇടതുപക്ഷത്തിന്‍െറ രഹസ്യ പിന്തുണയോടെ മുസ്ലിം ലീഗിലെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായിരുന്ന എന്‍.എ. ഖാലിദിനെ പരാജയപ്പെടുത്തി കൗണ്‍സിലിലത്തെിയ മുസ്ലിം യൂത്ത് ലീഗ് നേതാവ് മെഹമൂദ് മുറിയനാവിക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം നല്‍കുന്ന കാര്യവും സി.പി.എം ഏരിയാകമ്മിറ്റി യോഗം ചര്‍ച്ച ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.