ഉപ്പളയിലെ സംഘര്‍ഷം: കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ ലീഗ്-ബി.ജെ.പി രഹസ്യ ധാരണ

മഞ്ചേശ്വരം: തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തോടനുബന്ധിച്ച് ഉണ്ടായ അക്രമത്തിലെ കേസുകള്‍ തമ്മില്‍ ഒത്തുതീര്‍പ്പാക്കാന്‍ ലീഗ്-ബി.ജെ.പി നേതാക്കള്‍ തമ്മില്‍ നടന്ന ചര്‍ച്ചയില്‍ രഹസ്യ ധാരണ. ഞായറാഴ്ച വൈകീട്ടാണ് സംഘര്‍ഷം ഉടലെടുത്തത്. മംഗല്‍പാടി പഞ്ചായത്തില്‍ ഭരണം നിലനിര്‍ത്താന്‍ സാധിച്ചതില്‍ ആഹ്ളാദം പ്രകടിപ്പിച്ച് ലീഗ് പ്രവര്‍ത്തകര്‍ ജനപ്രിയയില്‍നിന്നും ഉപ്പളയിലേക്ക് ആഹ്ളാദപ്രകടനം നടത്തിയിരുന്നു. ഇതിനുപിന്നാലെ സീറ്റ് നില വര്‍ധിപ്പിക്കാന്‍ സാധിച്ചതില്‍ ബി.ജെ.പി ബന്തിയോട് നിന്നും ഉപ്പളയിലേക്ക് പ്രകടനം നടത്തിയിരുന്നു. ഉപ്പള ബസ്സ്റ്റാന്‍ഡിലേക്ക് പ്രവേശിച്ച ബി.ജെ.പിയുടെ ആഹ്ളാദപ്രകടനത്തിന് നേരെ ഒരു സംഘം കല്ളേറ് നടത്തിയതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. അക്രമസംഭവങ്ങളിലും കല്ളേറിലും നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. അക്രമം വ്യാപിച്ചതോടെ മൂന്ന് ദിവസം നിരോധാജ്ഞ പ്രഖ്യാപിച്ചാണ് പൊലീസ് അക്രമം ചെറുത്തത്. അക്രമവുമായി ബന്ധപ്പെട്ട് ബി.ജെ.പി നല്‍കിയ 20 പരാതികളും ലീഗ് നല്‍കിയ 16 പരാതികളും പിന്‍വലിക്കാനാണ് ധാരണയായത്. ഇതില്‍ ആരാധനാലയം ഉള്‍പ്പെടെ ആക്രമിച്ച കേസുകള്‍ പിന്‍വലിക്കാനും നേതാക്കള്‍ തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്. എന്നാല്‍, തങ്ങളുടെ നിയന്ത്രണത്തിലുള്ള ക്ളബ് തകര്‍ക്കുകയും പ്രവര്‍ത്തകനെ മര്‍ദിക്കുകയും ചെയ്ത കേസുമായി മുന്നോട്ട് പോകുമെന്ന് സി.പി.എം നേതൃത്വം വ്യക്തമാക്കി. അതേസമയം, ഉപ്പളയില്‍ നടന്ന അക്രമത്തില്‍ പൊലീസിനെ മര്‍ദിച്ച സംഭവത്തില്‍ പൊലീസ് നേരിട്ടെടുത്ത കേസില്‍ ബി.ജെ.പി പ്രവര്‍ത്തകരായ ഉപ്പളയിലെ ലോകേഷ് (30), രാജന്‍ (28), യൂത്ത്ലീഗ് പ്രവര്‍ത്തകനായ ഉപ്പളയിലെ അബ്ദുല്‍ മുനീര്‍ (27) എന്നിവര്‍ ഇപ്പോഴും കണ്ണൂര്‍ ജയിലിലാണ്. ഇതിനിടയിലാണ് പരസ്പരം നല്‍കിയ പരാതികള്‍ പിന്‍വലിക്കാന്‍ ലീഗ്-ബി.ജെ.പി നേതാക്കള്‍ തമ്മില്‍ ധാരണയായത്. വ്യാപാര സ്ഥാപനങ്ങളെ ആക്രമിച്ച കേസുമായി മുന്നോട്ട് പോകുമെന്ന് വ്യാപാരി പ്രസിഡന്‍റ് മുഹമ്മദ് റഫീഖ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.